ജനാധിപത്യം തിളങ്ങട്ടെ | തദ്ദേശ തിരഞ്ഞെടുപ്പ്
ജനാധിപത്യം തിളങ്ങട്ടെ | തദ്ദേശ തിരഞ്ഞെടുപ്പ്
സന്ദീപ് വിളമ്പുകണ്ടം
പ്രാദേശിക വികസനത്തിന്‍റെ ചുക്കാന്‍ പിടിക്കുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കു പുതിയ ഭരണനേതൃത്വത്തെ ജനം തിരഞ്ഞെടുക്കാൻ തയ്യാറെടുക്കുകയാണ്. ജനാധിപത്യത്തിന്‍റെ ശക്തി ഒരിക്കല്‍കൂടി വിളിച്ചു പറയുന്നതായിരിക്കും സംസ്ഥാനത്തു നടക്കുന്ന ഈ തിരഞ്ഞെടുപ്പ്. സാക്ഷരതയിലും രാഷ്ട്രീയ പ്രബുദ്ധതയിലും പൗരാവകാശ ബോധ്യങ്ങളിലുമൊക്കെ സമ്പന്നരായ മലയാളികൾ വിവേകപൂർവം സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തുന്നവരാണ്. ഇത്തവണ നിരവധി യുവാക്കളും യുവതികളും തിരഞ്ഞെടുപ്പിനു കളത്തിലിറങ്ങി എന്നുള്ളത് പ്രതീക്ഷ നൽകുന്ന ഒന്നാണ്.
ഡിസംബര്‍ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് കേരളത്തിൽ വോട്ടെടുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 13ന് വോട്ടെണ്ണലും നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക.സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തുടങ്ങി വിപുലമായ ക്രമീകരങ്ങളാണ് ഇലക്ഷൻ നടപടികൾക്കായി ഒരുക്കിയിട്ടുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ്. നിയമനിര്‍മാണമൊഴികെയുള്ള വിപുലമായ അധികാരങ്ങളും ചുമതലകളുമാണ് ഇവയ്ക്കുള്ളത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ വസിക്കുന്നു എന്നാണു രാഷ്ട്രപിതാവായ മഹാത്മാഗാന്ധി വിശ്വസിച്ചിരുന്നത്. അദ്ദേഹം സ്വപ്നംകണ്ട ഗ്രാമസ്വരാജിന്‍റെ ആവിഷ്കാരമാണ് ഇന്നത്തെ പഞ്ചായത്തീരാജ് സംവിധാനം. ത്രിതല പഞ്ചായത്തുകള്‍ സാധാരണക്കാരുടെ സാമൂഹികജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന ഭരണസംവിധാനത്തിലെ താഴെത്തട്ടിലെ ഒരു കണ്ണിയാണ്.
2020ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ പെന്തെക്കൊസ്തു സമൂഹത്തിൽ നിന്നും മത്സരിക്കുന്നവരുടെ എണ്ണം കുറവാണ്. എങ്കിലും പെന്തെക്കൊസ്തു സമൂഹത്തിനിടയിലും ഇലക്ഷൻ ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. നാടിന്‍റെ പൊതുവായ രാഷ്ട്രീയ സാഹചര്യം സ്വാധീനിക്കാമെങ്കിലും, പ്രാദേശിക താല്പര്യങ്ങള്‍ നിര്‍ണായകമാകുന്ന ഈ നാട്ടങ്കത്തിനു പെന്തെക്കോസ്തുകാരുടെ വോട്ട് ഏറെ നിർണായകമാണ്.
നാടിനു നന്മചെയ്യാന്‍ ജനം നല്‍കിയ അവസരം മാതൃകാപരമായ രീതിയില്‍ നിവര്‍ത്തിക്കാന്‍ വിജയിക്കുന്നവർ ശ്രമിക്കണം. തെരഞ്ഞെടുപ്പു കഴിയുന്നതോടെ ജയിക്കുന്നവര്‍ ജനങ്ങളെ മറക്കും എന്ന ആക്ഷേപം പണ്ടേയുണ്ട്. അത്തരം ആരോപണങ്ങള്‍ക്ക് ഇടനല്‍കാതെയും വ്യക്തിതാല്‍പര്യങ്ങളുടെയും കക്ഷിതാല്‍പര്യങ്ങളുടെയും സംഘട്ടനവേദിയായി തദ്ദേശസ്ഥാപനങ്ങള്‍ മാറാതെയും ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ തിരഞ്ഞെടുക്കപ്പടുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
എക്കാലത്തും മറ്റുള്ളവരാല്‍ നിരീക്ഷിക്കപ്പെടുന്ന ഒരു വിഭാഗമാണു പെന്തെക്കോസ്ത്. സാമൂഹികതിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്ന, നീതിപൂര്‍വമായ ഭരണത്തിനായും ഭരണകര്‍ത്താക്കള്‍ക്കായും പ്രാര്‍ഥിക്കുന്ന, ക്രമസമാധാനപ്രശ്ങ്ങള്‍ സൃഷ്ടിക്കാത്ത ഒരു സമൂഹമാണു പെന്തെക്കോസ്ത്. ആയതിനാൽ വിശ്വാസികളായി മത്സരിക്കുന്നവർ ക്രൈസ്തവ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾ മാത്രം നടത്താൻ ശ്രദ്ധിക്കണം. ഏതെങ്കിലും ഒരു വ്യക്തി തെറ്റായ മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ വിശ്വാസസമൂഹത്തെ മൊത്തത്തില്‍ ബാധിക്കും. നീതിപൂര്‍വമല്ലാത്ത കാര്യങ്ങളില്‍ ഇടപെട്ടാല്‍ പൊതുസമൂഹത്തില്‍ ചോദ്യംചെയ്യപ്പെടും. സമൂഹത്തോടു പ്രതിബദ്ധത ഉള്ളവരാകുന്നതും, രാഷ്ട്രത്തിനു സേവചെയ്യേണ്ടവരാണെന്നുള്ള തിരിച്ചറിവും നല്ലതാണെങ്കിലും ദൈവനാമം ദുഷിക്കപ്പെടുന്ന പ്രവൃത്തികള്‍ ഇല്ലാതിരിക്കാന്‍ ജാഗരൂകരായിരിക്കണം.
"ജനാധിപത്യം എന്നാൽ സഹിഷ്ണുതയാണ്; നമ്മെ അനുകൂലിക്കുന്നവരോട് മാത്രമല്ല, വിയോജിക്കുന്നവരോടുമുള്ള സഹിഷ്ണുത" ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഈ വാക്കുകൾ ഓർക്കാം. മാനുഷീക മൂല്യങ്ങൾ കൈവിടാതെ, ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്ന, പൊതു സമൂഹത്തിന്റെ നന്മയ്ക്ക് പ്രാധാന്യം നൽകുന്ന വ്യക്തികൾ ഭരണസംവിധാനത്തിൽ എത്തട്ടെ. അതിനായി നമ്മുടെ വോട്ടവകാശം പ്രയോജനപ്പെടുത്താം.
Advt.





























Advt.
























