നമ്മുടെ കണ്ണിനു എന്തേ ഇത്ര കറുപ്പ് ?
കവർ സ്റ്റോറി
നമ്മുടെ കണ്ണിനു എന്തേ ഇത്ര കറുപ്പ് ?
സജി മത്തായി കാതേട്ട്
ചില ദിവസങ്ങള്‍ക്കു മുമ്പു മലയാളികള്‍ നേരിട്ട ഒരു ചോദ്യമാണ് നമ്മുടെ കണ്ണിനു എന്തേ ഇത്ര കറുപ്പ്? "ആ സ്ത്രീ എന്നെ മാത്രമാണ് അധിക്ഷേപിച്ചതെങ്കില്‍ ഞാനവരോട് ക്ഷമിക്കുമായിരുന്നു. പക്ഷെ, ഒരു സമുദായത്തെയാണ് വില കുറഞ്ഞവരായി കണ്ട് അവഹേളിച്ചത്. എന്താണ് ഇവിടെ മനുഷ്യനെ അളക്കാനുള്ള മാനദണ്ഡം? മേല്‍ജാതിയില്‍ പിറക്കുന്നതാണോ വിലപ്പെട്ടത്?" എന്നാണ് കഴിഞ്ഞമാസം ജാതി അധിക്ഷേപത്തിനു ഇരയായ കലാകാരന്‍ ഡോ. രാമകൃഷ്ണന്‍ മാധ്യമങ്ങളോടു ചോദിച്ചത്.
കാഴ്ചപ്പാടുകളില്‍ കറുപ്പ് നിറമേറിയാല്‍ കാണുന്നവയെല്ലാം ഇരുണ്ടിരിക്കും. കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ ആദ്യം ചോദിക്കുന്നത് എന്ത്? ആണോ, പെണ്ണോ? കളറുണ്ടോ? ഇരുനിറമെങ്കില്‍ ചെവിക്കു പിറകില്‍ നോക്കും. ഇനിയും കറുക്കുമോ? ഉത്തരങ്ങളില്‍ പെണ്‍കുട്ടിയെങ്കില്‍, കറുത്തതാണെങ്കില്‍ കേള്‍വിക്കാരന്‍റെ മുഖവും കറുക്കും; നെടുവീര്‍പ്പിടും.
ദളിതരായി പിറന്നാല്‍ ഇക്കാലത്തും ജീവിതത്തില്‍ ഒരിക്കലെങ്കിലും ജാതിവെറിയുടെ ഇരയായിത്തീരുന്നുണ്ട്. ജോലിസ്ഥലത്ത്, പൊതുസ്ഥലത്ത്, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എവിടെയും നിറത്തിന്‍റെയും കുലത്തിന്‍റെയും പേരില്‍ പരിഹസിക്കപ്പെടാനും അവഗണിക്കപ്പെടാനും വിധിക്കപ്പെട്ടവരാണ് അവര്‍. മലയാളിയെ ഇരുത്തി ചിന്തിപ്പിച്ച മാധ്യമ ചര്‍ച്ചയായ ഈ വാക്കുകള്‍ 'കേരളം ഭ്രാന്താലയം' തന്നെയെന്ന് അടിവരയിടുന്നു. രാമകൃഷ്ണന്‍റെ നിറം കറുപ്പാണ്; ജനിച്ചത് പാവപ്പെട്ടവനായി.
നോര്‍ത്ത് ഇന്ത്യയിലെ വില്ലേജുകളില്‍ ദളിതര്‍ക്കെതിരെ നടമാടുന്ന അടിച്ചമര്‍ത്തലും ദുരിതവും അക്രമവും മാധ്യമങ്ങളിലൂടെ വായിക്കുമ്പോള്‍ നമ്മള്‍ മലയാളികള്‍ അത്ഭുതം കൂറുന്നത് വെറും ജാടയാണെന്നല്ലേ ഈ സംഭവം വെളിവാക്കുന്നത്. പാലക്കാട്ടെ മീനാക്ഷിപുരത്തും മുതലമടയിലും കൊഴിഞ്ഞാമ്പാറയിലും ചിറ്റൂരും വടകരപതിയിലുമെല്ലാം എന്തുകൊണ്ട് ഇപ്പോഴും തൊലിനിറത്തിന്‍റെ പേരില്‍ അകറ്റിനിര്‍ത്തുന്നു. ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറ്റൂരില്‍ പെന്തെക്കോസ്തിലേക്ക് പോയ ആറു കുടുംബങ്ങളെയാണ് ഗ്രാമക്കാര്‍ ഒത്തുകൂടി പരസ്യവിചാരണ നടത്തി ഊരുവിലക്ക് കല്പിച്ച് 'പുറത്താക്കിയത്'.
എല്ലാവരാലും അവഗണിക്കപ്പെട്ട് ഓടവരമ്പിലും ചെളിയിലും കിടക്കുന്നവരെ ആശ്വസിപ്പിച്ചു തണുപ്പും ചൂടും ആഹാരവും മരുന്നും ആശ്വാസവും നല്‍കി സുവിശേഷത്തിലൂടെ നിത്യസ്നേഹത്തിന്‍റെ കൂട്ടായ്മയിലേക്ക് കൈപിടിച്ചുയര്‍ത്തുമ്പോള്‍ എന്തുകൊണ്ട് മേലാളന്മാര്‍ അവര്‍ക്കു ഭ്രഷ്ട് കല്പിക്കുന്നു. പെന്തെക്കോസ്തിലേക്ക് പോയ 'കറുത്തവരെ' ആട്ടിപുറത്താക്കുമ്പോള്‍ എന്തുകൊണ്ട് ആരും അത് ചര്‍ച്ചയാക്കുന്നില്ല? അവരെ ചേര്‍ത്തണയ്ക്കുന്നില്ല.
അണ്‍ടച്ചബിലിറ്റി (ഒഫന്‍സ്) ആക്ട്-1955 ഉം ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍റ് ഷെഡ്യൂള്‍ഡ് ട്രൈബ്സ് പ്രിവന്‍ഷന്‍ ഓഫ് അട്രോ ഡിറ്റീസ്) ആക്ട്-1989 ഉം ഇന്ത്യയില്‍ ജാതി വ്യവസ്ഥയെ അസാധുവാക്കുന്നുണ്ട്. ഈ നിയമങ്ങള്‍ അനുസരിച്ച് ഒരാളെ ജാതിപ്പേര് വിളിക്കുന്നതുപോലും വിവേചനമാണ്.
അവഗണനയുടെ കാല്‍ക്കീഴില്‍ ചവിട്ടി മെതിക്കപ്പെട്ടവരോട് 'യേശു സ്നേഹിക്കുന്നു' എന്നു പറയുമ്പോള്‍ എന്തിനാണ് സംഘംകൂടി സുവിശേഷ പ്രവര്‍ത്തകരെ തല്ലുന്നത്? ആരോരുമില്ലാത്തവരെ തേടി നന്മയിലേക്ക് വരണമെന്നു പറയുമ്പോള്‍ അതു പാടില്ലെന്നു പറയാനും ഭീഷണിപ്പെടുത്താനും ആര്‍ക്കും ധൈര്യം വേണമെന്നില്ല. മറിച്ച്, അജ്ഞത മാത്രം മതി. ആയുധങ്ങള്‍ ഒന്നും കൊണ്ടുനടക്കാത്ത മാരകായുധങ്ങള്‍ ഒന്നും സൂക്ഷിക്കാത്ത പെന്തെക്കോസ്തു ആലയങ്ങളില്‍ കയറി ഭീഷണിപ്പെടുത്തിയും തിരുവത്താഴത്തിനു കരുതിവച്ചിരിക്കുന്ന അപ്പവും വീഞ്ഞും വലിച്ചെറിഞ്ഞും വീറു കാണിക്കുന്നവരെന്തേ ഇവിടത്തെ അയിത്തത്തിനെതിരെ ഒരു ചെറു വിരലുപോലും അനക്കാത്തത്? പാലക്കാട്ടും കണ്ണൂരും കാസര്‍ഗോഡും ഉള്ള വലിയ ജന്മിമാരുടെ പുരയിടങ്ങളിലെ ചാളപ്പുരയില്‍ അടിമയായി കിടക്കുന്ന 'കറുത്തവരെ' വിമോചിപ്പിച്ച് മുഖ്യധാരയില്‍ കൊണ്ടുവരാന്‍ കഴിയാത്തതെന്ത്?
ജാതി നോക്കി കൂട്ടുകൂടാനും കല്യാണം കഴിക്കാനും ദളിതര്‍ക്കു വീട് വാടകയ്ക്കു കൊടുക്കാതിരിക്കാനും ദളിതരുടെ വീട്ടില്‍ നിന്നും വെള്ളം കുടിക്കാതെ തന്ത്രപൂര്‍വ്വം മാറി കളയാനും മലയാളിക്ക് നന്നായി അറിയാം. സ്കൂളില്‍ ആശുപത്രിയില്‍ ഓഫീസില്‍ ബസ്സില്‍ ട്രെയിനില്‍ ഹോട്ടലില്‍ റോഡില്‍ എന്തിലേറെ ആരാധനാലയങ്ങളില്‍ പോലും ജാതിയുണ്ട്.
ഭാരതത്തിലെ തൊട്ടുകൂടായ്മയുടെയും അവഗണനയുടെയും വര്‍ണവിവേചനത്തിന്‍റെയും തറവാട്ടുമുറ്റത്ത് നിന്നുകൊണ്ടാണ് വിദേശമിഷണറിമാര്‍ ഇവിടെ പ്രകാശം പരത്തിയത്. എല്ലാ എതിര്‍പ്പുകളെയും തൃണവല്‍ക്കരിച്ച് അപ്പവും തുണിയും മരുന്നും പുതപ്പും ആശ്വാസവും നല്‍കിയതുകൊണ്ടല്ലേ ഇന്ന് സവര്‍ണര്‍ എന്ന് പറയുന്നവരെല്ലാം മുഖ്യധാരയിലെത്തിയത്. അക്ഷരത്തോടൊപ്പം അന്നവും അവര്‍ നല്‍കിയിരുന്നു. സുവിശേഷ പ്രവര്‍ത്തകരുടെ കണ്ണിലോ, അവര്‍ വയ്ക്കുന്ന കണ്ണടയിലോ കറുപ്പുനിറമില്ലാത്തതുകൊണ്ടല്ലേ ആരാധനയ്ക്കും അപ്പം മുറിയ്ക്കലിനും അത്താഴവിരുന്നിനും അവര്‍ ഒരേ വേദി പങ്കിടുന്നത്. ഇതെല്ലാം 'നമ്മെ തകര്‍ക്കുമെന്ന' ഉത്ഭയം കൊണ്ടല്ലേ അഭിനയസ്നേഹം കാണിച്ച് സംരക്ഷകരെന്ന വ്യാജേന പെന്തെക്കോസ്തുകാരെത്തേടി ചിലരെത്തുന്നത്.
ശാസ്ത്രസാങ്കേതികവിദ്യയുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ആത്മീയതയുടെയും ഉയര്‍ച്ച കൊണ്ടൊന്നും, കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന വംശീയമായ മുന്‍വിധികളെ മറികടക്കാനായിട്ടില്ല. ചങ്കിലെ ചോര തന്ന് നമ്മെ വീണ്ടെടുത്ത ക്രിസ്തുവിന്‍റെ രക്തത്തില്‍ കറുപ്പ് ഉണ്ടായിരുന്നെന്ന് ആര്‍ക്കും തന്നെ പറയാനാവില്ല.
Advertisement