കൊച്ചുഡ്രൈവർമാർ; ചലിക്കുന്ന ബോംബുകൾ
കവർ സ്റ്റോറി
കൊച്ചുഡ്രൈവർമാർ; ചലിക്കുന്ന ബോംബുകൾ
സന്ദീപ് വിളമ്പുകണ്ടം
"എന്റെ മോൻ എട്ടാം ക്ലാസ്സിൽ എത്തിയിട്ടേ ഉള്ളൂ, പക്ഷേ അവൻ കാറും ബൈക്കും അസ്സലായിട്ട് ഓടിക്കും!". അഭിമാനത്തോടെ ചില മാതാപിതാക്കൾ പറയുന്നത് കേട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ സ്വന്തം മക്കളുടെ കൈകളിൽ ഒരു മാരകായുധം നൽകി അഹകാരത്തോടെ പറയുന്ന വാക്കുകളാണിവ.''
ലൈസൻസില്ലാത്ത, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കയ്യിലേക്ക് വാഹനത്തിന്റെ താക്കോൽ നൽകുന്നത് സ്നേഹമല്ല, മറിച്ച് അവരോടു ചെയ്യുന്ന ക്രൂരതയാണ്. ഇത്തരം അനാസ്ഥയും അഹങ്കാരവും വഴിയോരങ്ങളിൽ വീഴ്ത്തുന്നത് സ്വന്തം രക്തം മാത്രമല്ല അനേക നിരപരാധികളുടെ ജീവൻ കൂടിയാണ്.
സ്കൂൾ ബാഗും പുസ്തകങ്ങളും ഏന്തേണ്ട കൈകളിൽ പ്രീമിയം ബൈക്കുകളുടെയും ലക്ഷ്വറി കാറുകളുടെയും സ്റ്റീയറിംഗും ആക്സിലറേറ്ററും അമരുമ്പോൾ, അത് വെറുമൊരു കൗതുകമോ സാഹസികതയോ അല്ല; മറിച്ചൊരു വലിയ ദുരന്തത്തിന്റെ തുടക്കമാണ്.
റോഡുകളിലെ നിയമലംഘനങ്ങൾ എത്രത്തോളം ഭയാനകമായ അവസ്ഥയിലെത്തി എന്നതിന്റെ തെളിവാണ് അടുത്തിടെ റിപ്പോർട്ട്ചെയ്യപ്പെട്ട ദാരുണമായ അപകടങ്ങൾ.
ചേരാനല്ലൂരിൽ പുലർച്ചെ ജോലികഴിഞ്ഞ് സ്വന്തം സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ജയബാലകൃഷ്ണൻ എന്ന സാധാരണക്കാരന്റെ ജീവൻ 17 ക്കാരൻ ഓടിച്ച മെഴ്സിഡസ് ബെൻസ് കാറിടിച്ചാണ് പൊലിഞ്ഞത്. കൊച്ചിയിൽ വിദ്യാർത്ഥി അമിതവേഗതയിൽ ഓടിച്ച മിനി കൂപ്പർ കാർ അപകടത്തിൽപ്പെട്ടാണ് മൂന്ന് ചെറുപ്പക്കാരുടെ ജീവൻ റോഡിൽ നഷ്ട്ടപെട്ടത്. കോഴിക്കോട് ലൈസൻസില്ലാത്ത 16-കാരൻ ഓടിച്ച സ്കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥി തന്നെ ദാരുണമായി മരണപ്പെട്ടത്ചില ആഴ്ചകൾക്ക് മുമ്പാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങലാണ് ദിനവും വാർത്താമാധ്യങ്ങളിൽ വീക്ഷിക്കുന്നത്.
കൂട്ടുകാരുടെ മുന്നിൽ വീമ്പിളക്കാനും സോഷ്യൽ മീഡിയയിൽ റീലുകൾ ഉണ്ടാക്കാനും വേണ്ടി നടത്തുന്ന അമിതവേഗതയും സാഹസിക ഡ്രൈവിംഗും ഇന്ന് നിഷ്കളങ്കരായ നിരവധി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയാണ്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും വൈറലാകാൻ അമിതവേഗതയിൽ വണ്ടിയോടിക്കുകയും സ്റ്റണ്ട് കാണിക്കുകയും ചെയ്യുന്നത് കുട്ടികൾക്കിടയിൽ വർധിക്കുകയാണ്. റോഡ് നിയമങ്ങളെക്കുറിച്ചോ മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത കുട്ടി ഡ്രൈവർമാരെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
സഹകരിച്ചുള്ള ഇടപെടലിലൂടെ മാത്രമേ ഇത്തരത്തിലുള്ള ദാരുണ സംഭവങ്ങളെ നിയത്രിക്കാൻ കഴികയുള്ളു. വീടുകളിൽ നിന്ന് തുടങ്ങണം മാറ്റം. മക്കൾക്ക് ലൈസൻസ് കിട്ടുന്നതുവരെ വാഹനം നൽകാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്കൂളുകളുടെ ഇടപെടൽ അത്യാവശ്യമാണ്. സ്കൂളുകളിലും കോളേജുകളിലും ട്രാഫിക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണം. വിദ്യാർത്ഥികൾ ലൈസൻസില്ലാതെ വാഹനം ഓടിച്ച് ക്യാമ്പസുകളിൽ വരുന്നത് കർശനമായി തടയാൻ സ്കൂൾ അധികൃതർ തയ്യാറാകണം.
പോലീസിന്റെയും എം.വി.ഡി. യുടെയും പരിശോധനകൾ കര്ശനമാക്കണം. വിട്ടുവീഴ്ചകൾക്കോ സ്വാധീനങ്ങൾക്കോ പ്രാധാന്യം നൽകാതെ നടപടി എടുക്കാൻ മേലധികാരികൾ തയ്യാറാകണം. പുതുതായി ലൈസെൻസ് ലഭിക്കുന്നവർക്ക് കൗൺസിലിംഗ് നല്കണം. വേഗതയോടും അമിത സാഹസികതയോടുമുള്ള കുട്ടികളുടെ ആകർഷണം കുറയ്ക്കാൻ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കണം. മോട്ടോർ വാഹന നിയമങ്ങളെക്കുറിച്ച് എല്ലാവരെയും ബോധവത്കരിക്കാൻ പദ്ധതികൾ തയ്യാറാക്കണം.
ഇനി റോഡുകൾ മരണക്കളങ്ങളാകാൻ അനുവദിച്ചുകൂടാ. സ്റ്റീയറിംഗിൽ പിടിക്കാൻ കൈകൾക്ക് പ്രായം മാത്രമല്ല, മനസ്സിൽ പക്വതയും നിയമത്തോടുള്ള ആദരവും വേണം. നാളെയുടെ പ്രതീക്ഷകളായ മക്കളുടെ ജീവൻ റോഡരികുകളിൽ പൊലിയാതിരിക്കാനും, നിരപരാധികളായ കാൽനടക്കാരുടെയും മറ്റു യാത്രക്കാരുടെയും കണ്ണീർ വീഴാതിരിക്കാനും ഓരോ കുടുംബവും സമൂഹവും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കൊച്ചുഡ്രൈവർമാർക്ക് വീടുകളിൽ അതിരുകൾ നിശ്ചയിക്കാം, നിരത്തുകളിൽ ജീവൻ സംരക്ഷിക്കാം. ചലിക്കുന്ന ബോംബുകളാകുന്ന കൊച്ചുഡ്രൈവർമാർ ഇനി നമ്മുടെ നിരത്തുകളിൽ വേണ്ട...
Advertisement



























