ഉപരിപഠനം: സൂക്ഷിക്കുക ചതിക്കുഴികൾ
ഉപരിപഠനം: സൂക്ഷിക്കുക ചതിക്കുഴികൾ
സന്ദീപ് വിളമ്പുകണ്ടം
വിദ്യാര്‍ഥിജീവിതത്തിലെ വഴിത്തിരിവെന്നു വിശേഷിപ്പിക്കാവുന്ന പന്ത്രണ്ടാം ക്ലാസ്സിന്‍റെ ഫലം വന്നു. ഉപരിപഠനത്തിലേക്കു ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ചുവടുവയ്ക്കുന്ന സമയം. കൃത്യമായ സാധ്യതാ പഠനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷം തീരുമാനമെടുക്കേണ്ട ഘട്ടം. സ്വന്തം അഭിരുചികള്‍ തിരഞ്ഞെടുക്കുമ്പോഴും വിദഗ്ധരുടെയും രക്ഷാകര്‍ത്തകളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പ്രാധാന്യം നല്‍കേണ്ട ജീവിതത്തിലെ നിര്‍ണായക സമയങ്ങള്‍. കൂടാതെ മാതാപിതാക്കളെയും കുട്ടികളെയും ബ്രെയിന്‍വാഷ് ചെയ്യാന്‍ എത്തുന്ന കോളേജ് ഏജന്‍റുമാരുടെ ഫോണ്‍വിളികള്‍, സന്ദര്‍ശനങ്ങള്‍ എന്നിവയോടു വളരെ കരുതലോടെ ഇടപെടേണ്ട സന്ദര്‍ങ്ങള്‍.
സ്കൂള്‍ജീവിതം അവസാനിച്ചു കോളേജ് ജീവിതത്തിലേക്കു പ്രവേശിക്കുന്ന മക്കളുള്ള എല്ലാ കുടുംബങ്ങളിലും നല്ലൊരു കരിയര്‍ സ്വപ്നം കാണുണ്ടെങ്കിലും ഇത്തരത്തില്‍ ഹൃദയത്തില്‍ നിരവധി സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും ഉടലെടുക്കാറുണ്ട്.
കേരളത്തില്‍ കടമ്പകള്‍ ഏറെയും സീറ്റുകള്‍ കുറവുമായതിനാല്‍ വിദ്യാര്‍ഥികളേറെയും അന്യസംസ്ഥാനത്തെ കോളേജുകളെയാണ് ഉപരിപഠനത്തിന് ആശ്രയിക്കുന്നത്. താരതമ്യേന കേരളത്തെക്കാള്‍ കൂടുതല്‍ കച്ചവടതന്ത്രത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാണു അയല്‍സംസ്ഥാനങ്ങളിലെ ഭൂരിപക്ഷവും.
പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടയുള്ള ഇത്തരംമിക്ക സ്ഥാപനങ്ങളും ഓരോ വര്‍ഷവും പുതിയ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ മത്സരിക്കാറുണ്ട്. ഓരോ സ്ഥാപനത്തിനും മാര്‍ക്കറ്റിംഗ് മാനേജ്മന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ന്ന കമ്മീഷന്‍ നല്‍കി മലയാളികളായ ആളുകളെ ഏജന്‍റുകളാക്കി വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്ന രീതി മിക്ക സ്ഥാപങ്ങളിലും ഉണ്ട്. നിലവില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഫീസില്‍ ഇളവുകള്‍ നല്‍കി ഏജന്‍റ് ജോലികള്‍ ചെയ്യിക്കുന്ന സമ്പ്രദായവും ഇവിടുത്തെ കോളേജുകളില്‍ നടക്കുന്നുണ്ട്.
കരിയര്‍ ഗൈഡന്‍സ് എന്ന പേരില്‍ ഉപരിപഠനത്തിനു ശ്രമിക്കുന്ന എല്ലാവരെയും വിവിധ ഏജന്‍സികള്‍ സമീപിക്കും. സ്ഥാപനങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താതെ പ്രവേശനത്തിനായി സര്‍ട്ടിഫിക്കറ്റുകള്‍ ഇത്തരക്കാര്‍ക്ക് നല്‍കി പിന്നീട് ബുദ്ധിമുട്ടേണ്ടി വന്ന സംഭവങ്ങള്‍ അനവധിയാണ്. വിദ്യാഭ്യാസ നിലവാരവും, ആവശ്യമായ സൗകര്യങ്ങളും, പഠനത്തിനനുകൂലമായ ഇതര സാഹചര്യങ്ങളും അനുകൂലമാണെന്നു മനസിലാക്കിയശേഷമേ പ്രവേശനഫീസും ഡോക്യുമെന്‍റുകളും കൈമാറാകൂ.
പെന്തെക്കോസ്ത് സമൂഹത്തിലും നിരവധി വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു് ശ്രമിക്കുന്നുണ്ട്. നേഴ്സിംഗ് ഉള്‍പ്പെടെയുള്ള വിദേശത്തു ജോലിസാധ്യത കൂടുതലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടു ക്കാനാണ് മാതാപിതാക്കള്‍ താല്‍പര്യപ്പെടുന്നത്. ഗൈഡ്ചെയ്യാന്‍ മാര്‍ഗദര്‍ശികള്‍ നമുക്ക് ആവശ്യമാണ്. ഇത്തരം സമയങ്ങളില്‍ മാത്രം സ്നേഹം നടിച്ച് പ്രത്യക്ഷപ്പെടുന്ന കരിയര്‍ഗൈഡിനെ തിരിച്ചറിയണം. ആത്മീയബന്ധങ്ങള്‍ പറഞ്ഞും, ഇതര കാര്യങ്ങള്‍ പറഞ്ഞും മാതാപിതാക്കളേയും കുട്ടികളെയും ഗൈഡ് ചെയ്യാന്‍ എത്തുന്നവരെ സൂക്ഷിക്കണം. ഫീസിളവ് പോലുള്ള കൂടുതല്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ സൂക്ഷിക്കണം. എല്ലാവരും വ്യാജന്മാരാണെന്നല്ല പറഞ്ഞതിനര്‍ഥം. അന്വേഷണങ്ങള്‍ നടത്തി മാത്രം സ്ഥാപനങ്ങളും കോഴ്സുകളും തിരഞ്ഞെടുക്കാന്‍ ഓര്‍പ്പിക്കുകയാണ്.
'ആരാധനാസൗകര്യങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനം എന്ന പരസ്യവാചകം നല്‍കി ആത്മീയരായ മാതാപിതാക്കളെ സ്വാധീനിക്കുന്ന സമ്പ്രദായവും കാണാറുണ്ട്. മക്കളെ ചേര്‍ക്കുന്നതിനു മുന്‍പു ഇതര സൗകര്യങ്ങളും, കോളേജിന്‍റെ അംഗീകാരങ്ങളും മനസിലാക്കുന്നതു പിന്നീടുള്ള പൊല്ലാപ്പുകള്‍ ഒഴിവാക്കാന്‍ ഉപകരിക്കും. തൊട്ടടുത്തുള്ള ബാങ്കുകളില്‍ ചെന്ന് അന്വേഷിച്ചാല്‍ വിദ്യാഭ്യാസവായ്പ ലഭിക്കാന്‍ സാധ്യതയുള്ള കോളേജുകളുടെ ലിസ്റ്റ് അവിടെയുണ്ടാകും. അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വര്‍ക്കേ ലോണ്‍ പാസാക്കുകയുള്ളൂ. ഗവര്‍ണ്‍മെന്‍റ് പ്രസിദ്ധീകരിക്കുന്ന ആ ലിസ്റ്റില്‍ പേരുള്ള കോളേജ് ആണോ എന്ന് പരിശോധിക്കുന്നതു നല്ലതാണ്.
പഠനശേഷം സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അയല്‍സംസ്ഥാനങ്ങളിലെ പല കോളേജുകളിലും പോയി വഴക്കിടേണ്ടി വരുന്ന മാതാപിതാക്കളെയുംം വിദ്യാര്‍ത്ഥികളെയും നാം വാര്‍ത്താമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. എത്ര വിശ്വസനീയമായ പത്രമാധ്യമങ്ങളില്‍ പ്രമുഖരെ അണിനിരത്തി വന്ന പരസ്യമാണങ്കിലും അതു പത്രങ്ങള്‍ പണംവാങ്ങി പ്രസിദ്ധീകരിച്ച ഒരു പരസ്യം മാത്രമാണ് എന്ന് തിരിച്ചറിയുക. മാധ്യമങ്ങള്‍ക്ക് പരസ്യവാചകവുമായി ഒരു ബന്ധവുമില്ല. കോളേജുകാര്‍ ഗുണ്ടായിസം കാണിക്കുന്നതും ഭീഷണിപ്പെടുത്തിയ സംഭവങ്ങളും ആരും മറന്നുകാണില്ല.ലക്ഷങ്ങള്‍ മുടക്കി കുട്ടികളെ ഉപരിപഠനത്തിന് അയയ്ക്കും മുന്‍പു കൃത്യമായ പഠനം നടത്താന്‍ മാതാപിതാക്കള്‍ തയ്യാറായാല്‍ ഒരു പരിധിവരെ ഇത്തരം ചതിക്കുഴികള്‍ ഒഴിവാക്കാം.
Advertisement




































































