എൺപതിന്റെ പൊൻ നിറവിൽ സി.വി. മാത്യു സാർ
എൺപതിന്റെ പൊൻ നിറവിൽ സി.വി. മാത്യു സാർ
ജോർജ് മാത്യു പുതുപ്പള്ളി
ഗുരുതുല്യനായ സി.വി. മാത്യു സാറിന് 2025 മെയ് 03ന് എൺപത് വയസ്.
ഞാൻ ഓർത്തഡോക്സ് സഭയിൽ വൈദികനായിരുന്ന സമയത്തുതന്നെ ‘ഗുഡ്ന്യൂസ്’ വീക്കിലിയുടെ ഒരു സ്ഥിരം വായനക്കാരനായിരുന്നു. നേരിൽ കണ്ടിട്ടില്ലായിരുന്നെങ്കിലും സി വി മാത്യു സാറിനെ ഗുഡ്ന്യൂസ് വീക്കിലിയിലൂടെ എനിക്ക് അറിയാമായിരുന്നു. ഗുഡ്ന്യൂസിൽ വന്നിരുന്ന ധ്യാനചിന്തകളും ആത്മീയാശയങ്ങളും പള്ളിയിലെ പ്രസംഗത്തിനായി ഞാൻ പ്രയോജനപ്പെടുത്തിയിരുന്നു. മാത്രമല്ല പെന്തെക്കൊസ്ത് സഭകളെക്കുറിച്ചുള്ള കാര്യങ്ങളും ഞാൻ മനസിലാക്കിയിരുന്നത് ഗുഡ്ന്യൂസ് വീക്കിലിയിൽ നിന്നായിരുന്നു.
ഞാനും കുടുംബവും വിശ്വാസമാർഗത്തിൽ വന്നതിനുശേഷം എറണാകുളത്ത് താമസം തുടങ്ങിയപ്പോൾ ഗുഡ്ന്യൂസ് വീക്കിലിയുടെ പ്രതിനിധികൾ എന്റെ വീട്ടിലെത്തി. സി വി മാത്യു സാർ പറഞ്ഞയച്ചതാണെന്നും അച്ചനുമായുള്ള ഒരു അഭിമുഖം ഗുഡ്ന്യൂസിനു വേണമെന്നും എന്നോടു പറഞ്ഞു. അപ്പോഴും ഞാൻ സി വി മാത്യു സാറിനെ കാണുകയോ അദ്ദേഹത്തോടു സംസാരിക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല.
ഞാനുമായുള്ള സമ്പൂർണ്ണ അഭിമുഖം അവർ തയാറാക്കി പിറ്റെ ആഴ്ചത്തെ ഗുഡ്ന്യൂസ് വീക്കിലിയിൽ കവർ പേജായി പ്രസിദ്ധീകരിച്ചു. പെന്തെക്കൊസ്ത് മേഖലയിൽ അത് എനിക്കു നൽകിത്തന്ന പബ്ലിസിറ്റി ഏറെ വലിയതായിരുന്നു. എന്നെ പെന്തെക്കൊസ്ത് സമൂഹം അറിയാൻ തുടങ്ങിയത് ആ ലേഖനത്തിലൂടെയായിരുന്നു. അതിനു കളമൊരുക്കിയതാകട്ടെ പിതൃതുല്യനായ സി വി മാത്യു സാറും.
അന്നു മുതൽ അദ്ദേഹത്തോട് ഒരു പ്രത്യേക ആദരവും സ്നേഹവും എന്നിൽ മൊട്ടിട്ടു. പിന്നീട് ഒരു കൺവൻഷൻ വേദിയിൽ വച്ചാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് ഞങ്ങൾ ആദ്യമായി സംസാരിച്ചു. വാത്സല്യം നിറഞ്ഞ പുഞ്ചിരിയോടെ സൗമ്യസ്വരത്തിൽ അദ്ദേഹം ഞാനുമായി ഏറെനേരം സംസാരിച്ചു. സംസാരത്തിനിടയിൽ അദ്ദേഹം എന്നോടു പറഞ്ഞു : “അച്ചൻ ഗുഡ്ന്യൂസ് വീക്കിലിയിൽ തുടർച്ചയായി എഴുതണം.”
പൊതുവെ ആരും ആരെയും പ്രോത്സാഹിപ്പിക്കാത്ത ഇക്കാലത്ത് അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിച്ചു. മലയാളത്തിലെ പ്രമുഖ സെക്കുലർ പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഞാൻ സ്ഥിരമായി എഴുതുന്ന സന്ദർഭമായിരുന്നു അത്.
അദ്ദേഹവുമായുള്ള എന്റെ വ്യക്തിപരമായ സ്നേഹബന്ധത്തിന് മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.. ജീവിതത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ആരായാറുണ്ട്. അദ്ദേഹം ശ്രദ്ധയോടെ എന്നെ കേൾക്കുകയും ഉചിതമായ ഉപദേശങ്ങൾ എനിക്കു നൽകുകയും ചെയ്യാറുണ്ട്. അതെനിക്ക് എക്കാലവും പ്രയോജനം ചെയ്തിട്ടുമുണ്ട്. മിക്കവാറും സി വി മാത്യു സാറിന്റെ ഫോൺ കോൾ എന്നെ തേടിയെത്തും. അദ്ദേഹവുമായി സംസാരിക്കുന്നത് ഒരു പോസിറ്റീവ് എനർജിയാണ് എനിക്കു പ്രദാനം ചെയ്യുന്നത്. അദ്ദേഹവുമായി പരിചയപ്പെടാൻ കഴിഞ്ഞില്ലായിരുന്നു എങ്കിൽ തീർച്ചയായും എന്റെ ആത്മീയ ജീവിതത്തിൽ ഒരു കനത്ത നഷ്ടം തന്നെ സംഭവിക്കുമായിരുന്നു.
ആത്മീയ ജീവിതത്തിലെ എത്രയോ പ്രതിസന്ധിവേളകളിൽ അദ്ദേഹം എനിക്ക് ഏറ്റവുമടുത്ത ഒരു സഹോദരനെപ്പോലെയായിരുന്നു. “സ്നേഹിതൻ എല്ലാക്കാലത്തും സ്നേഹിതൻ. ആപത്തു കാലത്ത് അവൻ സഹോദരനെപ്പോലെയാകുന്നു” എന്ന ദൈവവചനം അദ്ദേഹത്തിൽ പ്രായോഗികമായതായി എനിക്ക് എത്രയോ അനുഭവങ്ങളുണ്ട്. ഞാൻ നിരാശനായ നിരവധി സന്ദർഭങ്ങളിൽ പ്രത്യാശയുടെ കിരണങ്ങളുമായി അദ്ദേഹത്തിന്റെ ഫോൺ കോൾ എന്നെ തേടിയെത്തിയിട്ടുണ്ട്.
പെന്തെക്കോസ്തു സമൂഹം ഭൂമിയിൽ ഉള്ളിടത്തോളംകാലം സി വി മാത്യു സാറിന്റെ പേര് വിശ്വാസികളുടെ ഹൃദയത്തിൽ നിറഞ്ഞുനിൽക്കും. അദ്ദേഹത്തെക്കൂടാതെ പെന്തെക്കൊസ്തു ചരിത്രം അപൂർണ്ണമായിരിക്കും. പെന്തെക്കൊസ്ത് സഭകളുമായും വിശ്വാസികളുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളിലും സി വി മാത്യു സാറിന്റെ സാന്നിധ്യം നിശ്ചയമായും ഉണ്ടായിരിക്കും. പ്രായമോ ആരോഗ്യമോ നോക്കാതെ കുതിരയെപ്പോലെ പായുന്ന സി വി സാറിന്റെ രൂപം ഈ വാക്കുകൾ കുറിക്കുമ്പോഴും എന്റെ കണ്ണുകളിൽ ജ്വലിച്ചുനിൽക്കുന്നു.
ക്രിസ്തീയ പത്രപ്രവർത്തനം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ പത്രപ്രവർത്തകൻ കൂടിയാണ് സി വി മാത്യു സാർ. രാത്രി കൺവൻഷൻ കഴിഞ്ഞ് കോട്ടയത്തു കൂടി ഞാൻ കാറോടിച്ചു പോകുമ്പോൾ ഗുഡ്ന്യൂസ് ഓഫീസിന്റെ മുകൾനിലയിൽ വെളിച്ചം കണ്ടിട്ടുണ്ട്. ഉറക്കമിളച്ച് സി വി മാത്യു സാർ ഗുഡ്ന്യൂസിന്റെ പണിപ്പുരയിലായിരിക്കും. ഗുഡ്ന്യൂസ് അദ്ദേഹത്തിനു പ്രാണവായു പോലെയാണ്. അദ്ദേഹവുമായുള്ള സംഭാഷണങ്ങളിൽ “ഗുഡ്ന്യൂസ്” എന്ന വാക്ക് അദ്ദേഹം ആവർത്തിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. താൻ കൂടി ഊട്ടിവളർത്തിയ പത്രസ്ഥാപനത്തോട് ഇത്രയേറെ ആത്മാർത്ഥതയും പ്രതിബദ്ധതയും കാട്ടുന്ന പ്രിയ സി വി മാത്യു സാറിനെക്കുറിച്ച് ഇക്കാര്യമോർക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്.
ഗുരുതുല്യനായ പ്രിയ സി വി സാർ, അങ്ങേയ്ക്ക് ദൈവം ആരോഗ്യവും ആയുസും നൽകി ഇനിയും കർത്തൃശുശ്രൂഷയിൽ അനേകനാൾ ഉപയോഗിക്കട്ടെ
Advertisement
















































