പ്രതിസന്ധികളിൽ ദൂതനായി പ്രത്യക്ഷപ്പെട്ട ദാനിച്ചായൻ

പ്രതിസന്ധികളിൽ ദൂതനായി പ്രത്യക്ഷപ്പെട്ട ദാനിച്ചായൻ

പ്രതിസന്ധികളിൽ ദൂതനായി പ്രത്യക്ഷപ്പെട്ട ദാനിച്ചായൻ
           

കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പി.പി. ദാനിയേലിനെ പാസ്റ്റർ ബിജു ജോസഫ് അനുസ്മരിക്കുന്നു 

ദാനിയേൽ അച്ചായന്റെ ജീവിതം അനേകർക്ക് ഒരു പ്രചോദനമായിരുന്നു (Inspiration). ഞാൻ അദ്ദേഹത്തിൽ കണ്ടറിഞ്ഞ അഞ്ച് സവിശേഷതകളുണ്ട്.

1.സുവിശേഷഘോഷണത്തിലെ പോരാളി

ദാനിച്ചായൻ്റെ പഴയ സൈക്കിളും, ഒരു ചെറിയ ടേപ്പ് റിക്കോർഡറും കൊണ്ട് പെരുമ്പാവൂരും അതിൻ്റെ ചുറ്റുപാടുമുള്ള വഴികളിലൂടെ കുറഞ്ഞത് 20 കിലോമീറ്റർ ചുറ്റളവിൽ യാത്ര ചെയ്യാത്ത സ്ഥലങ്ങൾ ഉണ്ടായിരിക്കയില്ല.പരസ്യയോഗവും, സുവിശേഷ യോഗങ്ങളും, സിഇഎം ക്യാമ്പും, പൈലറ്റ്ടീം പ്രവർത്തനവും അങ്ങനെ എല്ലാ ആത്മീയ കൂട്ടായ്മകൾക്കും താൻ മുൻമ്പിൽ ഉണ്ടായിരുന്നു.സുവിശേഷ പ്രവർത്തനങ്ങളിൽ ഒരു മടിയും തനിക്കുണ്ടായിരുന്നില്ല.

 2.ദൈവഭക്തനായിരുന്നു

ദൈവഭക്തിയുടെ സവിശേഷത അച്ചടക്കമുള്ള ജീവിതമാണ് (discipline) അല്ലാതെ ബഹളമല്ല.Time (സമയം) സണ്ടേസ്കൂൾ അദ്ധ്യാപകൻ എന്ന നിലയിൽ, സഭായോഗത്തിൽ പങ്കെടുക്കുന്ന വിശ്വാസി എന്ന നിലയിൽ, ദൈവീക കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നതിലും, പാലിക്കുന്നതിലും തനിക്ക് കൃത്യനിഷ്ഠ ഉണ്ടായിരുന്നു. രാവിലെ എഴുന്നേൽക്കുന്നതിലും,ഭക്ഷണം കഴിക്കുന്നതിലും, ഉറങ്ങുന്നതിലും തനിക്ക് കൃത്യനിഷ്ഠ ഉണ്ടായിരുന്നു. ജീവിതത്തിലും ആത്മീക ആരോഗ്യ പരിപാലനത്തിലും താൻ അച്ചടക്കമുള്ളവനായിരുന്നു. അതിനെയാണ് ഭക്തി എന്ന് പറയുന്നത്.

3.വസ്തുവകകൊണ്ട് ശുശ്രൂഷിച്ചു

യേശുവിൻ്റെ കൂടെ നടന്നവരെ കുറിച്ച് പറഞ്ഞിരിക്കുന്നത് തങ്ങളുടെ വസ്തുവകകൊണ്ട് ശുശ്രൂഷിച്ചു എന്നാണ്.ദാനിച്ചായൻ്റെയും കുടുംബത്തിൻ്റെയും ഏറ്റവും വലിയ പ്രത്യേകതയാണ് മറ്റുള്ളവരെ സാമ്പത്തികമായി സഹായിക്കുക എന്നുള്ളതും അത് മറ്റുള്ളവർ അറിയരുത് എന്ന ആഗ്രഹവും.ആത്മാവിൻ്റെ വരങ്ങളിൽ ഒന്നാണല്ലോ ദാനം ചെയ്യുക അല്ലെങ്കിൽ സഹായം ചെയ്യാനുള്ള വരം.(1 കൊരി 12:28).സ്വരുകൂട്ടുന്നതിനെക്കാൾ തങ്ങൾക്കുള്ളത് മറ്റുള്ളവരുമായി പങ്കിട്ടു കൊടുക്കുക എന്നത് തൻ്റെ ജീവിതചര്യയായിരുന്നു.നല്ല ശമര്യാക്കാരൻ തൻ്റെ കൈയ്യിലുണ്ടായിരുന്ന പണവും, വീഞ്ഞും, എണ്ണയും, തുണിയും, വാഹനവും മുറിവേറ്റ മനുഷ്യനുമായി പങ്കിട്ടതുപോലെ പല രീതിയിൽ തകർന്നു പോയ മനുഷ്യരുമായി തൻ്റെ കൈയ്യിൽ ദൈവം ഏൽപിച്ചത് താൻ വിശ്വസ്തതയോടെ പങ്കിട്ടു.

4.ദൈവവചനജ്ഞാനം

ദൈവവചനത്തെ കുറിച്ചുള്ള അഗാധമായ അറിവ് തനിക്കുണ്ടായിരുന്നു. എന്നെയും താൻ സണ്ടേസ്കൂൾ പഠിപ്പിച്ചിട്ടുണ്ട്. ദാനിയേൽ പ്രവചനവും വെളിപ്പാട് പുസ്തകവുമായിരുന്നു തൻ്റെ ഇഷ്ട വിഷയം. 

ആരെങ്കിലും ബൈബിളിൽ ഇല്ലാത്ത കാര്യങ്ങളോ ഉഹാപോഹങ്ങളോ പ്രസംഗിച്ചാൽ താൻ അവരെ ഗുണദോഷിക്കുമായിരുന്നു.പലരും അതുകൊണ്ട് തന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം.അത് തനിക്ക് പ്രശ്നമല്ലായിരുന്നു.

5.കുടുംബ പരിപാലനം

ദാനിച്ചായൻ വളരെ Strict ആയിരുന്നു എന്ന ഒരു പരാതിയുണ്ട്. അതെ. അതിൻ്റെ പ്രയോജനം  തൻ്റെ കുടുംബത്തിൽ  കാണാം. മൂന്ന് മക്കളേയും അങ്ങനെ തന്നെ വളർത്തി.അവർ ഇന്ന് കർത്താവിനു വേണ്ടി വിവിധ നിലകളിൽ പ്രയോജനപ്പെടുന്നു.മൂന്ന് പേരും തനിക്ക് താങ്ങും തണലുമായി ഉണ്ടായിരുന്നു. ഡാഡി പറയുന്നതിന് അപ്പുറം അവർക്ക് ഒന്നും ഉണ്ടായിരുന്നില്ല.കെസിയാമ്മാമ്മ അല്പം നേരത്തെ തന്നെ വിട്ടു പോയി. പക്ഷെ അവർ ഇരുവരും നയിച്ച കുടുംബ ജീവിതം മാതൃകാപരമായിരുന്നു. വളരെ കാര്യങ്ങൾ എഴുതാനുണ്ട് എങ്കിലും ചുരുക്കട്ടെ.

വ്യക്തിപരമായ അനുഭവത്തിൽ എന്റെ ആരംഭകാല പ്രവർത്തന കാലയളവിൽ അദ്ദേഹം നൽകിയ പിൻതുണയും വലുതാണ്. താമസിക്കുന്ന വീടിനു വാടക നല്കാൻ ഞാൻ ബുദ്ധിമുട്ടിയപ്പോൾ ഒന്നിലധികം തവണ ദൈവം അയച്ച ദൂതനെ പോലെ ദാനിച്ചായൻ സഹായിച്ചത് മറക്കുവാൻ കഴിയുന്നതല്ല. ഇത്തരത്തിൽ ഒട്ടനവധി അനുഭവങ്ങളുണ്ട് വിവരിക്കാൻ.

ദുഃഖത്തിലായിരിക്കുന്ന സാജുച്ചായൻ, സജി, ഷൈനി അവരുടെ കുടുംബാഗങ്ങളെയും, സഭാ ജനങ്ങളെയും ദൈവീക സമാധാനത്താൽ നിറയ്ക്കട്ടെ.

Advertisement