തലമുറമാറ്റം വേദനയുണ്ടാക്കരുത്
തലമുറമാറ്റം വേദനയുണ്ടാക്കരുത്
പ്രായമായവർ ബാധ്യതയായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് ഇന്നത്തേത്. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പല വാർത്തകളും വേദനാജനകമാണ്. പ്രതീക്ഷയോടെ പോറ്റിവളർത്തിയ മക്കളാൽ നിർദാഷിണ്യം വലിച്ചെറിയപ്പെട്ട മാതാപിതാക്കളെക്കുറിച്ചുള്ള എത്രയെത്ര വാർത്തകളാണു നാം അറിഞ്ഞുകൊണ്ടിരിക്കുന്നത്. പുറത്തറിയാതിരിക്കുന്ന ഇത്തരം പല കഥകളും ഇതിനേക്കാൾ എത്രയോ അധികമായിരിക്കും. മാനഹാനി ഭയന്നും മക്കളോടുള്ള വാത്സല്യംമൂലവും യാതനയും അവഗണനയും പുറത്തുപറയാത്ത എത്രയോ മാതാപിതാക്കളുണ്ട്. സ്വന്തം മക്കൾ ഇങ്ങനെയാണു പെരുമാറുന്നതെങ്കിൽ ആശ്രയിക്കാനാരുമില്ലാത്ത വയോജനങ്ങളുടെ കഷ്ടത എത്ര വലിയതായിരിക്കും!
സഭയുടെ വളർച്ചയ്ക്കുവേണ്ടി അധ്വാനിച്ച് പ്രായാധിക്യത്തിൽ കഴിയുന്നവരോടു പിൻതലമുറ കാട്ടുന്ന മനോഭാവവും ഇതോടനുബന്ധിച്ച് ചിന്തിക്കേണ്ടതുണ്ട്. 'പ്രായമുള്ളവർ' എന്ന് ഇവിടെ പരാമർശിക്കുമ്പോൾ കുടുംബത്തിലെയും സഭയിലെയും പ്രായമുള്ളവരും അതിൽ ഉൾപ്പെടും. നമ്മുടെ സമൂഹത്തിൽ മരിച്ചവരെ ഓർക്കുകയോ അവരെക്കുറിച്ചുള്ള അപദാനം പറയുകയോ ചെയ്യുന്നത് പാപം എന്ന മട്ടിലാണ് കാണുന്നതെന്ന് തോന്നിപ്പോകും. ഒരിക്കൽ സഭയുടെ നട്ടെല്ലായി നിന്ന് എല്ലാം മുന്നിൽനിന്നു നയിച്ച പിതാക്കന്മാരെ അവരുടെ ജീവിതാന്ത്യത്തിനുശേഷം വിസ്മൃതിയിലേക്ക് തള്ളിയിടുന്നത് തികഞ്ഞ അനാദരവായി പലപ്പോഴും തോന്നിയിട്ടുണ്ട്. സ്ഥലം മാറി പുതുതായി വരുന്ന ശുശ്രൂഷകന്മാർ അവരെ അറിഞ്ഞിരിക്കണമെന്നില്ല, പകരം സഭാംഗങ്ങൾതന്നെ അവരെ മറന്നലോ? അത് ശരിയല്ല. പല ചിത്രങ്ങളും മനസ്സിൽ തെളിയുന്നത് രേഖപ്പെടുത്താതെ എബ്രായർക്കു എഴുതിയ ലേഖനം 13:7 മാത്രം കുറിച്ച് ആ ചിന്ത അവസാനിപ്പിക്കട്ടെ. "നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ." (Remember your leaders who taught you the word of God. Think of all the good that has come from their lives, and follow the example of their faith.)
ഇതോടൊപ്പം മറ്റൊരു നിർദേശംകൂടി ഞങ്ങൾ മുന്നോട്ടുവയ്ക്കട്ടെ. അഗതികളായ പ്രായമുള്ളവരുടെ സംരക്ഷണത്തിന് ഒരു സഹായനിധി രൂപീകരിച്ചു ജില്ലകൾ തോറും കേന്ദ്രങ്ങൾ കണ്ടെത്തി അവരെ പാർപ്പിച്ചു സംരക്ഷിക്കാൻ ഓരോ പെന്തെകോസ്തു വിഭാഗങ്ങളും മുന്നോട്ടുവന്നെങ്കിൽ എന്ന് ആശിക്കുന്നു. അർഹരായവരെ അതാതിടങ്ങളിലെ സഭകളിൽത്തന്നെ കണ്ടെത്താൻ കഴിയണം. അമേരിക്കയിലും കേരളത്തിൽത്തന്നെ ചിലയിടങ്ങളിലും കണ്ടുവരുന്നതുപോലെ സാമൂഹ്യക്ഷേമം മുൻനിറുത്തിയുള്ള നൂതന ആശയങ്ങൾ, ഭക്ഷണവും മരുന്നും ഉൾപ്പടെ പ്രയോഗികമാക്കാവുന്നതാണ്. എല്ലാത്തിനും ദൈവമക്കളുടെ സാമ്പത്തിക പിന്തുണ ഉണ്ടാകുമെന്നും ഞങ്ങൾ കരുതുന്നു.
സമൂഹത്തിൽനിന്നു എല്ലാ തിന്മയും ക്രൈസ്തവസഭയിലേക്കും വളരെവേഗം പടർന്നു കയറിക്കൊണ്ടിരിക്കുകയാണ്. നന്മയെക്കാൾ വളരെ വേഗത്തിലായിരിക്കും തിന്മയുടെ കടന്നുകയറ്റം. വിശ്വാസികളായ നമ്മൾ ഇതു കണ്ടില്ലെന്നു നടിക്കാൻ പാടില്ല. ചിലതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ, “നിനക്കു ദീർഘായുസ്സുണ്ടാകാൻ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു പഴകിയ ഉപദേശമായി പുതിയ തലമുറ കരുതുന്ന കാലം വിദൂരമല്ലെന്നു തോന്നിപ്പോകും. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ അവർ പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ അവരെ എന്തിനു കുറ്റപ്പെടുത്തണം? ഈ വിഷയത്തിലേക്കു ദൈവമക്കളുടെ കൂട്ടായ ചിന്ത ക്ഷണിക്കുന്നു.
ദീർഘകാലം ഭർത്താവിനോടൊപ്പം സുവിശേഷവയലിൽ അധ്വാനിച്ചശേഷം വിധവകളായ പ്രായമുള്ള എത്രയോ സഹോദരിമാർ സഭയുടെ യാതൊരു പരിഗണനയും ലഭിക്കാതെ കഷ്ടപ്പെടുന്നുവെന്നും അവരെ സഹായിക്കാൻ ആരും കാര്യമായി ശ്രദ്ധിക്കുന്നില്ല എന്നും പറഞ്ഞുകേട്ടപ്പോൾ ഗൾഫിലും അമേരിക്കയിലുമുള്ള ചിലസഭകൾ ഇവരെ സഹായിക്കാൻ അടുത്തയിടെ ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയിലൂടെ മുന്നോട്ടു വന്നു എന്നതു പ്രശംസനീയമാണ്. അതുപോലെ സഭകളുടെ അത്തരം വിഷയങ്ങൾ കൈകാര്യംചെയ്യുന്നവരും. പ്രായമായവരെ ബഹുമാനിക്കാനും കരുതാനും നമ്മുടെ തലമുറയെ അഭ്യസിപ്പിക്കാം. കണ്ടുപഠിക്കാൻ കൊള്ളാവുന്ന നല്ല മാതൃകകളായിത്തീരാൻ വിശ്വാസികളും മാതാപിതാക്കളും ഉപദേഷ്ടാക്കളും തങ്ങളെതന്നെ സമർപ്പിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം
Advertisement
Advertisement