യേശു: ദൈവം നൽകിയ ക്രിസ്മസ് സമ്മാനം 

യേശു: ദൈവം നൽകിയ ക്രിസ്മസ് സമ്മാനം 

റവ.ജോർജ് മാത്യു പുതുപ്പള്ളി

ലൈൽ മാക്സ്റ്റ് എന്ന ദൈവഭക്തന്റെ ക്രിസ്മസ് അനുഭവം ഇങ്ങനെ : ക്രിസ്മസ് തലേന്ന് പ്രാർത്ഥിക്കുമ്പോൾ ലൈൽ ദൈവത്തോട് പറഞ്ഞു : 'ദൈവമേ, എനിക്കുള്ളതെല്ലാം നിന്റേതാണ്. നീ ചോദിക്കുന്നതെല്ലാം നിനക്കു തരാൻ ഞാൻ ഒരുക്കമാണ്.' ലൈലിന്റെ ഭാര്യയും അതു സമ്മതിച്ചു. ദൈവം വളരെ വിചിത്രമായി ലൈലിനോട് ഇടപെടുവാൻ തുടങ്ങി.

വീട് വിൽക്കുവാൻ ദൈവം അദ്ദേഹത്തോടു പറഞ്ഞു. വീട് വിറ്റ ലൈൽ അതിന്റെ ദശാമ്ശവും ദൈവത്തിനു കൊടുത്തു. അപ്പോൾ ദൈവം പറഞ്ഞു : 'എനിക്കു തരുന്നെങ്കിൽ അതു മുഴുവൻ തരണം'. ഭാര്യയും സമ്മതിച്ചു. ലൈൽ പക്ഷെ പൊട്ടിക്കരഞ്ഞുപോയി. കാരണം അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ട സമയമായിരുന്നു അത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാവിയെപ്പറ്റി ലൈൽ ചിന്തിച്ചുപോയി.

അടുത്ത ദിവസം അദ്ദേഹം കാറിൽ പോകുമ്പോൾ ദൈവം ഒരു വീട് കാണിച്ചിട്ടു പറഞ്ഞു : 'ആ വീട്ടുകാർക്ക് ആയിരം ഡോളർ കൊടുക്കണം.' ലൈൽ ബാങ്കിൽ പോയി പണമെടുത്ത് ഒരു ക്രിസ്മസ് കാർഡിനൊപ്പം കവറിൽ വച്ച് ആ വീട്ടിൽ ചെന്നപ്പോൾ വീട്ടുകാർ കരയുന്ന കാഴ്ചയാണ് കണ്ടത്. അദ്ദേഹം കാർഡ് കൊടുത്തു മടങ്ങി. അവർ നന്ദി പറഞ്ഞതല്ലാതെ കവർ തുറന്നു നോക്കിയില്ല.

പിറ്റെ ദിവസം ആ വീട്ടുകാർ ലൈലിന്റെ വീട്ടിലെത്തി ക്രിസ്മസ് പൂക്കൾ സമ്മാനമായി നൽകിയിട്ട് പറഞ്ഞു : 'ഇന്നലെ ഞങ്ങൾ കരഞ്ഞു പ്രാർത്ഥിക്കുമ്പോഴാണ് താങ്കൾ സമ്മാനവുമായി വീട്ടിൽ വന്നത്. ഞങ്ങളുടെ മക്കൾക്ക് ക്രിസ്മസ് സമ്മാനമായി ചില സാധനം കടം വാങ്ങിയിരുന്നു. അതിന്റെ പണം കൊടുക്കുവാനില്ലാതെ വന്നപ്പോൾ സമ്മാനം തിരികെ കടയിൽ കൊടുക്കുവാൻ തീരുമാനിച്ചു. അപ്പോഴാണ് താങ്കൾ കതകിനു മുട്ടിയത്. ഞങ്ങളുടെ അടുത്തേക്ക് ദൈവം അയച്ച മാലാഖയാണ് താങ്കൾ. ആ പണം ഞങ്ങളുടെ ആവശ്യത്തിന് മതിയായിരുന്നു.:

ദൈവം മനുഷ്യനായി ഈ ലോകത്തിലേക്കു താണിറങ്ങിയത് ദൈവത്തിൽ നിന്നുള്ള സ്വർഗീയ സമ്മാനമാണ്. ഈ സമ്മാനത്തെപ്പറ്റിയാണ് വിശുദ്ധ പൗലൊസ് 'രക്ഷകരമായ ദൈവകൃപ' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. മഹാദൈവമായ യേശുക്രിസ്തു ലോകത്തിൽ വന്നത് ദൈവത്തിന്റെ സമ്മാനം ഈ ലോകത്തിനു നൽകുവാനായിട്ടായിരുന്നു. ഓൺലൈൻ ഗുഡന്യൂസിന്റെ വായനക്കാരായ എല്ലാ പ്രിയപ്പെട്ടവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നു.

ചിന്തക്ക് : 'ദൂതൻ അവരോടു : ഭയപ്പെടേണ്ടാ, സർവജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ : ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു. പെട്ടെന്നു സ്വർഗീയസൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേർന്നു ദൈവത്തെ പുകഴ്ത്തി. 'അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം' എന്നു പറഞ്ഞു' (ലൂക്കൊസ് 2 10...14).