യേശു എവിടെയോ അവിടെയാണ് സ്വർഗം
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഓൾഡ് പെറ്റെ എന്നു പേരുള്ള ക്രിസ്തീയ വിശ്വാസി വളരെ ഭക്തനായിരുന്നു. അദ്ദേഹത്തിനു വേണ്ടത്ര വേദപുസ്തക പരിജ്ഞാനമോ പാണ്ഡിത്യമോ ഉണ്ടായിരുന്നില്ല. എങ്കിലും യേശുക്രിസ്തുവിലുള്ള അദ്ദേഹത്തിന്റെ വിശ്വാസം അടിയുറച്ചതായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ സന്ദർശിക്കുവാൻ ഡോ. ആൽബർറ്റ് പീറ്റേഴ്സ് എന്ന വേദപണ്ഡിതനെത്തിയപ്പോൾ തന്റെ വിശ്വാസനിലയെ വ്യക്തമാക്കുവാൻ പെറ്റെ പറഞ്ഞത് ഇങ്ങനെയാണ് : 'എന്നെ ദൈവം നരകത്തിന്റെ വാതിൽക്കൽ കൊണ്ടുചെന്നിട്ട് അതിലേക്കു കടക്കുക എന്നു പറഞ്ഞാൽ കർത്താവേ, നിന്റെ വാക്ക് അനുസരിച്ച് ഞാൻ അവിടേക്കു പോകാം. പക്ഷെ നിന്റെ ഏകജാതനായ പുത്രനെക്കൂടി അവിടേക്ക് വിടണമേ എന്ന് ദൈവത്തോട് ഞാൻ അപേക്ഷിക്കും. കാരണം അവനിലാണ് ഞാൻ ജീവിക്കുന്നത്. അവനെക്കൂടാതെയുള്ള ജീവിതം എനിക്കില്ല.'
ദൈവം ആയിരിക്കുന്ന ഇടമാണ് സ്വർഗം. ദൈവത്തോടു കൂടെയുള്ള വാസമാണ് മോക്ഷം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. 'ദൈവത്തിൽ ആയിത്തീരുക' എന്നത് 'ദൈവത്തിൽ ലയിച്ചു ചേരുക' എന്ന ആശയമായി കരുതുന്നവരുണ്ട്. ഈ ആശയത്തിൽ മനുഷ്യാത്മാക്കളുടെ വ്യക്തിത്വത്തിന് സ്ഥാനമൊന്നും ഇല്ല. എന്നാൽ ക്രിസ്തീയചിന്ത അപ്രകാരമല്ല. മനുഷ്യാത്മാവ് ആത്മാവായ ദൈവത്തോടുകൂടെയുള്ള വാസത്തിനാണ് മോക്ഷം എന്നു പറയുന്നത്. പിതാവായ ദൈവം ഉള്ളിടത്ത് പുത്രനായ ദൈവവും പരിശുദ്ധാത്മാവായ ദൈവവും ഉണ്ടായിരിക്കും എന്നതിന് തർക്കമേതും ഇല്ല.
യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തോട് അടുത്തുള്ള ഒരു ദിവസം യേശുകർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞ വാക്കുകൾ യോഹന്നാൻ സുവിശേഷത്തിൽ രേഖപ്പെടുത്തുന്നുണ്ട്. തന്റെ ചെവികൊണ്ട് താൻ കേട്ടതും തന്റെ മനസിൽ പതിഞ്ഞതുമായ കാര്യങ്ങളാണത്. കർത്താവിന്റെ മരണം ശിഷ്യന്മാരുടെ ഹൃദയത്തെ തകർക്കുമെന്ന് കർത്താവ് അറിഞ്ഞിരുന്നു. അതുകൊണ്ട് അവരെ ധൈര്യപ്പെടുത്തുന്ന വാക്കുകളാണ് കർത്താവ് പറഞ്ഞത്. മരണത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചും നമ്മുടെ നിത്യഭവനത്തെക്കുറിച്ചുമാണ് കർത്താവ് പ്രസ്താവിച്ചത്. സ്വർഗത്തിലെ വാസസ്ഥലങ്ങൾ പിതാവിന്റെ ഭവനമായി യേശുക്രിസ്തു ചിത്രീകരിച്ചിരിക്കുന്നു ഈ വാസസ്ഥലങ്ങൾ നമുക്കായി ഒരുക്കുവാനാണ് യേശുക്രിസ്തു സ്വർഗാരോഹണം ചെയ്തത്. നമുക്കായി ഭവനം ഒരുക്കിക്കഴിഞ്ഞാൽ നമ്മെയും അവിടേക്കു കൊണ്ടുപോകുവാനായി അവൻ പോയതുപോലെ തന്നെ മടങ്ങിവരും. അതിനായിട്ടാണ് നാം പ്രത്യാശയോടെ കാത്തിരിക്കുന്നത്.
ചിന്തക്ക് : 'നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്. ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും. ഞാൻ പോകുന്ന ഇടത്തേക്കുള്ള വഴി നിങ്ങൾ അറിയുന്നു. തോമാസ് അവനോട് : കർത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങൾ അറിയുന്നില്ല, പിന്നെ വഴി എങ്ങനെ അറിയും എന്ന് പറഞ്ഞു. യേശു അവനോട് : ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല എന്നു പറഞ്ഞു' (യോഹന്നാൻ 14 : 1...6).
Advertisement

































































