മറ്റുള്ളവരിലെ നന്മമാത്രം കാണാൻ ശ്രമിക്കാം

മറ്റുള്ളവരിലെ നന്മമാത്രം കാണാൻ ശ്രമിക്കാം

റവ. ജോർജ് മാത്യു പുതുപ്പള്ളി

ൻഡ്റൂ കാർണകി അമേരിക്കയിലെ ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ധാരാളം പേർ ജോലി ചെയ്തിരുന്നു. ജോലിക്കാരോട് എങ്ങനെയാണ് പെരുമാറുന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി 'അത് സ്വർണം ഖനനം ചെയ്ത് എടുക്കുന്നതു പോലെയാണ്' എന്നായിരുന്നു. ഒരു ഔൺസ് സ്വർണത്തിനു വേണ്ടി ടൺ കണക്കിനു മണ്ണും ചെളിയും നീക്കം ചെയ്യേണ്ടിവരും. സ്വർണം മാത്രം ലക്ഷ്യം വച്ചു നീങ്ങുമ്പോൾ മണ്ണും ചെളിയും നമ്മുടെ കണ്ണിൽപ്പെടുന്നില്ല. സ്വർണം മാത്രമേ നാം കാണുകയുള്ളൂ. അതുപോലെ നാം മറ്റുള്ളവരുടെ നന്മ കാണാൻ ശ്രമിക്കുമ്പോൾ അവരുടെ കുറ്റങ്ങളും കുറവുകളും നമ്മുടെ കണ്ണിൽപ്പെടുകയില്ല. നന്മ മാത്രമേ നാം കാണുകയുള്ളൂ. എല്ലാ മനുഷ്യരിലും എന്തെങ്കിലും നന്മകൾ ഒളിഞ്ഞിരിപ്പുണ്ടാകും. അതില്ലാത്തവരായി ആരുമില്ല.

മറ്റുള്ളവരുടെ നന്മ അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും നമുക്കു തടസമായി നിൽക്കുന്നത് നമ്മുടെ ഉള്ളിലെ സ്വാർത്ഥത, മുൻവിധി മുതലായ ഘടകങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒന്നു മാത്രം മതി നമ്മുടെ വീക്ഷണം ആകെ വികലമാകുവാൻ. ക്രിയാത്മകമായി പക്വതയോടെ നിരീക്ഷിക്കുന്നവർക്ക് കൂടുതൽ നന്മ കണ്ടെത്തുവാൻ കഴിയും. മുൻവിധിയെക്കുറിച്ചു ചിന്തിക്കുമ്പോൾ ഒരു സംഭവകഥ മനസിൽ ഓർമയിൽ വരുന്നു.

തീവണ്ടി യാത്രയിലാണ് ഈ സംഭവം നടക്കുന്നത്. ഒരു കമ്പാർട്ട്മെന്റിൽ കുറച്ച് ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ ഒരു പുരുഷനും അയാളുടെ മക്കളും ആ കമ്പാർട്ട്മെന്റിൽ കയറി. ചെറിയ കുട്ടികളാണ്. അവർ കരയുവാനും ബഹളം വയ്ക്കുവാനും തുടങ്ങി. മറ്റു യാത്രക്കാർക്ക് ഇത് അരോചകമായി തോന്നി. കുട്ടികളുടെ പിതാവ് ഇതൊന്നും കാണാത്ത മട്ടിൽ കണ്ണുകൾ അടച്ച് ഇരിക്കുകയാണ്. എല്ലാവർക്കും അരിശവും വെറുപ്പും ഉണ്ടായി. യാത്രക്കാർ പരസ്പരം കുശുകുശുക്കുവാൻ തുടങ്ങി. 'ഇയാൾ സ്വന്തം മക്കളെ നിയന്ത്രിക്കാത്തത് എന്താണ് ? അവർ മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതു കണ്ടില്ലേ ?' 

പെട്ടെന്ന് അയാൾ കണ്ണു തുറന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു : 'ഞാൻ എന്തെങ്കിലും ചെയ്യണമായിരുന്നു. ക്ഷമിക്കണം. പക്ഷെ ഒന്നും ചെയ്യാൻ എനിക്കു സാധിക്കുന്നില്ല. കാരണം എന്റെ മക്കളുടെ അമ്മ ഇന്നു രാവിലെ മരിച്ചുപോയി. എനിക്ക് ഒന്നും ചിന്തിക്കുവാൻപോലും കഴിയുന്നില്ല.' അതു കേട്ടതോടെ അവിടെയിരുന്ന എല്ലാ യാത്രക്കാരുടെയും മനസ് സഹതാപം കൊണ്ട് നിറഞ്ഞു. എല്ലാവർക്കും കുറ്റബോധം തോന്നി. പ്രിയ സഹോദരങ്ങളേ, കാര്യമറിയാതെ ആരെയും നമുക്കു കുറ്റപ്പെടുത്താതിരിക്കാം. മുൻവിധിയില്ലാത്ത ഒരു മനസ് നമുക്ക് ഉണ്ടായിരിക്കട്ടെ.

ചിന്തക്ക് : 'അങ്ങനെ നിങ്ങളുടെ പിതാവ് മനസലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസലിവുള്ളവർ ആകുവിൻ. വിധിക്കരുത്, എന്നാൽ നിങ്ങളെയും വിധിക്കയില്ല. ശിക്ഷയ്ക്ക് വിധിക്കരുത്, എന്നാൽ നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകയില്ല. വിടുവിൻ, എന്നാൽ നിങ്ങളെയും വിടുവിക്കും. കൊടുപ്പിൻ, എന്നാൽ നിങ്ങൾക്കും കിട്ടും. അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.' (ലൂക്കൊസ് 6 : 36...38).

Advertisement