ഉറങ്ങാത്ത ഇടയനും ഉറങ്ങുന്ന ആടുകളും

ഉറങ്ങാത്ത ഇടയനും ഉറങ്ങുന്ന ആടുകളും

റവ. ജോർജ് മാത്യു പുതുപ്പള്ളി

'ങ്കീർത്തനങ്ങളുടെ രാജ്ഞി' എന്നു വിശേഷിപ്പിക്കുന്ന ഇരുപത്തിമൂന്നാം സങ്കീർത്തനത്തിലെ ഓരോ വാക്യവും അർത്ഥമറിഞ്ഞു ധ്യാനിക്കുന്നവർക്ക് അത്യന്തം ഹൃദ്യമായിരിക്കും. ദൈവവും മനുഷ്യനുമായി ഇത്രയേറെ ആത്മബന്ധം സൂചിപ്പിക്കുന്ന മറ്റേതെങ്കിലും വേദഭാഗങ്ങൾ തിരുവചനത്തിലുണ്ടോ എന്ന കാര്യം സംശയമാണ്. യഹോവ ദാവീദിനെ എങ്ങനെയെല്ലാം സഹായിച്ചു, യഹോവ തനിക്ക് ആരായിരുന്നു, ഇനി ആരായിരിക്കും എന്നൊക്കെ വ്യക്തമാക്കുന്ന ഈ സങ്കീർത്തനം ഏതു തലമുറയിലുള്ള ദൈവചനത്തിന്റെയും ഇഷ്ടമുള്ള സങ്കീർത്തനമാണ്‌.

സ്വന്തം തൊഴിലിലെ പ്രാവീണ്യവും അനുഭവസമ്പത്തും ഈ ഗീതത്തിൽ ഉടനീളം കാണാം. ആത്മാർത്ഥതയുള്ള ഒരു ഇടയൻ തന്റെ ആടുകളെയെല്ലാം എങ്ങനെയെല്ലാം സംരക്ഷിക്കുന്നു എന്നു വിശദീകരിക്കുകയാണ് ഇവിടെ. വലിയ ഇടയനായ കർത്താവിന്റെ സംരക്ഷണം സ്വന്ത ജീവിതത്തിൽ അനുഭവിച്ചറിഞ്ഞവർക്ക് ഇത് സ്വന്തം സങ്കീർത്തനമായി മാറുന്നു. അവഗണിക്കപ്പെട്ടു കിടന്ന ദാവീദിനെ കണ്ടെത്തി വലിയവനാക്കിയ യഹോവ നമ്മെയും കണ്ടെത്തിയില്ലേ ? പാപത്തിന്റെ പടുകുഴിയിൽ നിന്നു നമ്മെ കരകയറ്റി നമ്മുടെ കാലുകൾ പാറമേൽ ഉറപ്പിച്ചു നിർത്തിയ കർത്താവിന്റെ കരുണ നമുക്ക് എങ്ങനെ മറക്കുവാൻ കഴിയും ?

അവിടുന്ന് നമ്മെ നടത്തിയ വഴികൾ, നമുക്കായി തുറന്നു തന്ന വാതിലുകൾ, ശത്രുവിനെതിരെ പോരാടി നമ്മെ നിലനിർത്തിയ മാർഗങ്ങൾ, തുറന്നു തന്ന നന്മയുടെയും കരുണയുടെയും പാതകൾ, നാം ഇന്നായിരിക്കുന്ന അവസ്ഥയിൽ എത്തിച്ചേർന്ന വിധങ്ങൾ, എല്ലാറ്റിനുമുപരി, നമ്മുടെ പ്രാണനെ വീണ്ടെടുത്ത് നിത്യജീവന് അവകാശികളാക്കി സ്വർഗസ്ഥ പിതാവിനെ 'അബ്ബാ പിതാവേ' എന്നു വിളിക്കുവാനുള്ള അവകാശം നൽകിയത്... ഇവയൊക്കെ നമുക്ക് എങ്ങനെ വിസ്മരിക്കുവാൻ കഴിയും ?

രാത്രിയിൽ നാം തളർന്ന് ഉറങ്ങുമ്പോഴും, മയങ്ങാതെയും ഉറങ്ങാതെയും നമ്മെ സംരക്ഷിക്കുന്ന യേശുകർത്താവിന്റെ കരുണ എത്ര വലിയത്. ഇടിയും മിന്നലും കൂരിരുളും നിറഞ്ഞ ജീവിത സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോൾ അനർത്ഥങ്ങളിൽ അകപ്പെടാതെ നമ്മോടുകൂടെ നടക്കുന്ന യേശുകർത്താവ് എത്രയോ വിശ്വസ്ഥൻ. നമുക്കും ഉറക്കെപ്പറയാം : ഈ കർത്താവ് എനിക്കു നല്ലവൻ, വല്ലഭൻ, അവൻ എന്നെന്നും മതിയായവൻ. യഹോവ നമുക്കു ചെയ്യുന്ന ഉപകാരങ്ങൾക്ക് പകരമായി നമുക്ക് രക്ഷയുടെ പാനപാത്രമെടുത്ത് യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം, കാരണം അത് ദൈവത്തിനു പ്രസാദകരമായ യാഗമാണ്.

ചിന്തക്ക് : 'ഞാൻ വാതിൽ ആകുന്നു. എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും. അവൻ അകത്തു വരികയും പുറത്തു പോകയും, മേച്ചിൽ കണ്ടെത്തുകയും ചെയ്യും. മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല. അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്. ഞാൻ നല്ല ഇടയൻ ആകുന്നു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു' (യോഹന്നാൻ 10 : 9...11).