ഗുഡ്‌ന്യൂസ് അവാർഡ് കുഞ്ഞുമോൻ സാമുവേലിന്; പുരസ്കാര സമർപ്പണം ഡിസം. 17 നാളെ കോട്ടയത്ത്

കോട്ടയം: മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഗുഡ്ന്യൂസ് അവാർഡ് സമർപ്പണം ഡിസം.17ന് കോട്ടയം ഐപിസി ടാബർനാക്കിൾ ഹാളിൽ നടക്കും. അവാർഡ് ജേതാവ് കുഞ്ഞുമോൻ സാമുവേൽ പുരസ്കാരം ഏറ്റുവാങ്ങും. വൈകിട്ട് 3 മുതൽ ആരംഭിക്കുന്ന അവാർഡ് ദാനചടങ്ങിൽ സഭാ നേതാക്കളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുക്കും.
ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി ഉത്‌ഘാടനം ചെയ്യും. ഐപിസി സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ അവാർഡ് സമർപ്പണം നടത്തും. പാസ്റ്റർ രാജു പൂവക്കാല, ഐപിസി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസിയർ പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ കെ.ജെ. തോമസ് കുമളി എന്നിവർ സംസാരിക്കും.
മൂന്നര പതിറ്റാണ്ടിലേറെയായി മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച കുഞ്ഞുമോൻ സാമുവേൽ (ന്യൂയോർക്ക്) ഈ വർഷത്തെ ഗുഡ്‌ന്യൂസ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടു . സമൂഹത്തിലെ ദുരിതം അനുഭവിക്കുന്നവരെ ചേർത്തുനിർത്തുന്നതിനും അവരുടെ കണ്ണീരൊപ്പുന്നതിനും നൽകിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അദ്ദേഹത്തെ അവാർഡിന് തിരഞ്ഞെടുത്തത്.
ന്യൂയോർക്ക് ഐപിസി ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ സഭാംഗമായ കുഞ്ഞുമോൻ സാമുവേൽ ഐപിസി ജനറൽ കൗൺസിലി ൽ അംഗമായിരുന്നിട്ടുണ്ട്. PCNAK, ഐപിസി ഫാമിലി കോൺഫ്രൻസ് തുടങ്ങിയ അമേരിക്കലയിലെ പ്രധാന സമ്മേളനങ്ങളിലെല്ലാം നിശബ്ദ സാന്നിധ്യമാണ്. വേദനയനുഭവിക്കുന്ന സഹോദരങ്ങളെ പലവിധത്തിൽ ആരെയും അറിയിക്കാതെ അദ്ദേഹം സഹായിച്ചുപോരുന്നുണ്ട്. കൂടുതൽ ഊന്നൽ ഉന്നതവിദ്യാഭ്യാസ രംഗത്തിനാണ് നൽകിക്കൊണ്ടിരുന്നത്. ഇതുവരെ ഗുഡ്ന്യൂസിലൂടെ 200ലധികം കുട്ടികൾക്ക് സാങ്കേതിക വിദ്യാഭ്യാസ പഠനം പൂർത്തിയാക്കാൻ ധനസഹായം നൽകിയിട്ടുണ്ട് .
മികച്ച വിദ്യാർത്ഥികൾക്ക് പഠനകാലയളവ് തീരും വരെ നൽകുന്ന ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രൊഫെഷണൽ സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അദ്ദേഹമാണ് തുടക്കമിട്ടത്.
ഇതു കൂടാതെ മറ്റു സഹായ പദ്ധതികളായ പ്രതിമാസ വിധവ സഹായം, പാസ്റ്റേഴ്‌സ് പെൻഷൻ, മെഡിക്കൽ സഹായങ്ങൾ, വിദ്യാഭ്യാസ സഹായങ്ങൾ, ഭവന നിർമാണ സഹായങ്ങൾ എന്നിവയും അദ്ദേഹം ചെയ്തുവരുന്നു.
ഭാര്യ: മേരിക്കുട്ടി ശാമുവേൽ. നാല് മക്കൾ കുടുംബമായി അമേരിക്കയിൽ.
Advertisement