ഗുഡ്ന്യൂസും പത്രക്കാരന്റെ മൂന്നാം കണ്ണും
ഗുഡ്ന്യൂസും പത്രക്കാരന്റെ മൂന്നാം കണ്ണും
ടോണി ഡി. ചെവ്വൂക്കാരൻ
ഗുഡ്ന്യൂസ് വാരികയ്ക്കു വേണ്ടി പല പ്രധാന ഇവന്‍റ്സ് റിപ്പോർട്ട് ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. വാർത്തകള്‍ക്കു പുറകെയും വാർത്ത തേടിയുമുള്ള യാത്ര എന്നും ആവേശം നിറഞ്ഞതാണ്. ആ യാത്രയ്ക്കിടയില്‍ മറ്റാർക്കും കിട്ടാത്ത വാർത്ത ലഭിച്ചാലുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പത്രക്കാരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ മൂന്നാം കണ്ണ് തുറന്ന് സ്കൂപ്പ് (Scoop) തേടിയുള്ള യാത്ര. അങ്ങനെ ലഭിച്ച വാർത്തകളില്‍ ഒന്നാണ് ഒ.എം. ന്‍റെ സഞ്ചരിക്കുന്ന പുസ്തകശാലയായ ലോഗോസ് ഹോപ്പിന്‍റെ കൊച്ചി സന്ദർശനത്തെക്കുറിച്ചുള്ള വാർത്ത.

വ്യക്തിപരമായ ഒരു ആവശ്യത്തിനു വേണ്ടിയാണ് 2011 ഫെബ്രുവരിയിൽ ഭാര്യ ബിജിയും ഒന്നിച്ച് തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് യാത്രയായത്. യാത്രയിലെ മറ്റൊരു ആവശ്യം ഒ.എം. ബുക്സില്‍ നിന്നും കുറച്ചു പുസ്തകങ്ങള്‍ വാങ്ങണം. ബുക്ക് ഷോപ്പില്‍ ചെന്ന് അന്നത്തെ ഷോപ്പ് മാനേജർ എന്‍റെ സുഹൃത്ത് ജോണ്‍സനെ കാണണമെന്ന താല്‍പര്യം സ്റ്റാഫിനെ അറിയിച്ചപ്പോള്‍, ഒ.എം.ന്‍റെ കപ്പല്‍ അടുത്ത സമയത്ത് എറണാകുളത്തു വരുന്നുണ്ടെന്നും അതോടുള്ള ബന്ധത്തില്‍ എം.ജി. റോഡില്‍ ആരംഭിച്ചിട്ടുള്ള ഓഫിസിലാണ് ജോണ്‍സണ്‍ എന്നും അവർ പറഞ്ഞു. എന്നിലെ പത്രക്കാരന്‍റെ മൂന്നാം കണ്ണ് തുറന്ന നിമിഷമായിരുന്നു അത്. പിന്നെ എല്ലാം തിടുക്കത്തിലായിരുന്നു. ആവശ്യമുള്ള പുസ്തകങ്ങള്‍ വേഗത്തില്‍ തിരഞ്ഞെടുത്തു.
വ്യക്തിപരമായ ആവശ്യം മാറ്റിവച്ച് ബിജിയെ എറണാകുളത്തെ വീട്ടിലേക്ക് പറഞ്ഞയച്ചു.
ഞാന്‍ നേരെ എം.ജി. റോഡിലെ ഓഫിസിലെത്തി. ജോണ്‍സണ്‍ ജോർജിനൊപ്പം ഏതാനും വിദേശികളായ ഒ.എം. പ്രവർത്തകരും കപ്പലിന്‍റെ വരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്കായി അവിടെ ഉണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന പുസ്തകശാലയായ ലോഗോസ് ഹോപ്പിന്‍റെ ഇന്ത്യയിലേക്കുള്ള കന്നിയാത്രയുടെ കിട്ടാവുന്നത്രെ വിവരങ്ങള്‍ ശേഖരിച്ചു. കപ്പലിനെ കുറിച്ചും അതിലൂടെയുള്ള വിവിധ പ്രവർത്തനങ്ങളെ കുറിച്ചും എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. ആവശ്യമുള്ള ഫോട്ടോയും സംഘടിപ്പിച്ചു.
മറ്റൊരു പത്രത്തിനും ഈ വാർത്ത ലഭിച്ചിരുന്നില്ല. അതിന്‍റെ ആവേശം ഉള്ളില്‍ ഒതുക്കി. വേഗത്തില്‍ ബിജിയെയും കൂട്ടി തൃശൂരില്‍ മടങ്ങിയെത്തി. ഉടനെ വിശദമായ റിപ്പോർട്ട് തയ്യാറാക്കി.
സി.വി. മാത്യു സാറിനെ വിളിച്ച് വിവരം പറഞ്ഞു. പിറ്റേ ദിവസം രാവിലെ ട്രെയിനില്‍ കോട്ടയത്തേക്ക് പോകുന്ന സി.വി. സാറിന്‍റെ കയ്യില്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ന്യൂസും ഫോട്ടോയും കൈമാറി. 2011 ഫെബ്രുവരി 21നു പ്രസിദ്ധീകരിച്ച ഗുഡ് ന്യൂസിലെ ലീഡ് ന്യൂസ് 'ലോഗോസ് ഹോപ്പ് കൊച്ചിയിൽ ' എന്ന തലക്കെട്ടോടെ വിശദമായ വാർത്തയും ഫോട്ടോയും അച്ചടിച്ചു വന്നു.
2011 മെയ് 25 നായിരുന്നു അറബിക്കടലിന്‍റെ റാണിയായ കൊച്ചിയില്‍ ലാഗോസ് ഹോപ്പ് നങ്കൂരമിട്ടത്. കപ്പലിന്‍റെ വരവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ പിന്നെയും ചില വാർത്തകള്‍ തുടർമാനമായി എഴുതുകയുണ്ടായി. കപ്പലില്‍ ക്രമീകരിച്ച പത്രസമ്മേളനത്തിനു ക്ഷണം ലഭിച്ചതനുസരിച്ച് നിശ്ചയിച്ചദിവസം പോകുവാന്‍ തയ്യാറായി.
പത്രക്കാർക്ക് കപ്പലിന്‍റെ എല്ലാ ഭാഗങ്ങളും സന്ദർശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.
കപ്പലിന്റെ എല്ലാ ഭാഗങ്ങളും സന്ദർശിച്ച് ഗുഡ്ന്യൂസിനു വേണ്ടി ഒരു സപ്ലിമെന്‍റ് തയ്യാറാക്കണം എന്ന താല്‍പര്യത്തോടെ അന്നത്തെ ഒ. എം. സ്റ്റേറ്റ് ലീഡർ കെ.എം. മാത്യുവിനെ ഫോണില്‍ വിളിച്ച് മുന്‍കൂട്ടി അനുമതി വാങ്ങി. പത്രസമ്മേളനം നടക്കുന്നത് ഉച്ച കഴിഞ്ഞാണ്. എന്നാല്‍ ഞാനും എന്‍റെ സുഹൃത്ത് സജി മത്തായി കാതേട്ടും ഫോട്ടോഗ്രാഫർ ജോജുവും ഒന്നിച്ച് രാവിലെ തന്നെ കപ്പലില്‍ കയറി.
ലോഗോസ് ഹോപ്പിന്‍റെ ആദ്യദിനത്തില്‍ കപ്പലിന്‍റെ അകത്തേക്ക് പ്രവേശന അനുമതി ലഭിച്ച ഏക പത്രം ഗുഡ്ന്യൂസായിരുന്നു. വെല്‍ക്കം ഡസ്കില്‍ മീഡിയ കോഓർഡിനേറ്റർ നോർമ ഫെർണാഡ് ഞങ്ങളെ എതിരേറ്റ് പ്രത്യേക പ്രവേശന കവാടത്തിലൂടെ കപ്പലിനകത്തേക്ക് കൂട്ടി കൊണ്ട് പോയി. കപ്പലിലെ എല്ലാ ഭാഗങ്ങളും സന്ദർശിച്ച് വിവരങ്ങൾ നൽകാൻ ലോജിറ്റിസ്റ്റ് കോഡിനേറ്റർ റെലുക്കാ കാഡൂസ് എന്ന റൊമേനിയക്കാരിയെ ഞങ്ങളോടൊപ്പം പറഞ്ഞയച്ചു.
കപ്പലിലെ എല്ലാ നിലകളും സന്ദർശിച്ച് വിശദമായ ഫീച്ചർ തയ്യാറാക്കാനുള്ള വിഭവങ്ങളും ഫോട്ടോകളും ഞങ്ങൾ ശേഖരിച്ചു. ക്യാപ്റ്റൻ പാറ്റ്ഗ്രേസി യോടൊപ്പമുള്ള ഫോട്ടോ വരെ ഞങ്ങൾ പകർത്തി.
ലോഗോസ് ഹോപ്പിലെ വിശേഷങ്ങൾ അടങ്ങിയ ഗുഡ്ന്യൂസ് വാരികയുടെ വിശേഷാൽ പതിപ്പിന്റെ ആയിരക്കണക്കിന് കോപ്പികൾ കപ്പലിൽ സന്ദർശകർ കയറി വരുന്ന സ്ഥലത്ത് വിതരണം ചെയ്തു.
മധുരം തുളുമ്പുന്ന ഒട്ടേറെ ഓർമ്മകളുടെ കടലിരമ്പം സമ്മാനിച്ച അനുഭവം ആയിരുന്നു അത്.
Advt.






















