ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലിയുടെ പുതിയ ആരാധനാലയം സമർപ്പിച്ചു
ടെക്സസ് : ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയ്ക്കു വേണ്ടി ടെക്സസിൽ Fort Bend County, റോഷാരണിൽ (5115 FM 521, റോഷാരൺ) പുതിയതായി പണി കഴിപ്പിച്ച ആരാധനാലയത്തിലെ ആദ്യ ആരാധന ഒക്ടോബർ 5 ന് നടന്നു. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ഡോ. കെ. ജി. ജോസ് ആരാധനയ്ക്ക് നേതൃത്വം നല്കി. ഏറെ വർഷങ്ങളായി പ്രാർത്ഥിച്ചിരുന്ന സ്വപ്നം സഫലമായതിൻ്റെ സന്തോഷത്തിലാണ് വിശ്വാസികൾ. ആരാധനാലയം പണിയുന്നതിനിടയിൽ ഒട്ടേറെ പ്രയാസങ്ങളും വൈതരണികളും ഉണ്ടായെങ്കിലും ദൈവം പല വഴികളിലൂടെ അത്ഭുതം പ്രവർത്തിച്ചതിനാൽ ശ്രേഷ്ഠമായ ഒരു ഹാൾ പണിയുവാൻ ഇടയായെന്നു ഭാരവാഹികൾ ഗുഡ്ന്യൂസിനോട് പറഞ്ഞു. അർക്കോളാ നഗരത്തിനും സമീപ സമൂഹങ്ങൾക്കും ഈ ആലയം അനുഗ്രഹമാകുമെന്നും വിശ്വാസികളിലും സമൂഹത്തിലും ഐക്യം, സേവനം, ആത്മീയ വളർച്ച എന്നിവയ്ക്കായി സഭ നിലകൊള്ളുമെന്ന പ്രതീക്ഷ അവർ പങ്കിട്ടു.
ആദ്യ ആരാധനയിൽ ആരാധനാലയം നന്ദിയുടെയും സ്തുതിയുടെയും ഗീതങ്ങളാൽ നിറയുകയും അനുഗ്രഹിക്കപ്പെട്ട ആരാധന നടത്തുകയും ചെയ്തു.
ഒട്ടേറെ വെല്ലുവിളികളികൾ ഉണ്ടായെങ്കിലും വിശ്വസ്തരായ സഭാംഗങ്ങളുടെ പ്രാർത്ഥനകളും, നേതാക്കളുടെ സമർപ്പണവും, ദാതാക്കളുടെ സഹായവും ഈ ദർശനം യാഥാർത്ഥ്യമായി. യഹോവ ഞങ്ങളിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ സന്തോഷിക്കുന്നു (സങ്കീ.126.3).
സഭാഹാളിൻ്റെ ഉദ്ഘാടനവും സമർപ്പണ ശുശ്രൂഷയും എത്രയും വേഗം നടത്തുമെന്ന് ബിൾഡിങ്ങ് കമ്മിറ്റി ചെയർമാൻ ജോൺസൺ മാത്യു അറിയിച്ചു.


