സെപ്തംബർ 30, അന്തർദേശീയ ബൈബിൾ പരിഭാഷ ദിനം
തിരുവചനം എല്ലാവർക്കും പ്രാപ്യമാകട്ടെ !

വർഗീസ് ബേബി, കായംകുളം ( വിക്ലിഫ് ഇന്ത്യ)

ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ കേവലം അയ്യായിരത്തിൽ താഴെ ജനസംഖ്യയുള്ള ഒരു ഗോത്രഭാഷാ വിഭാഗത്തിലേക്ക് ബൈബിൾ വിവർത്തനത്തിനായി ഒരു പരിഭാഷകനെ നിയോഗിച്ച് അയക്കുമ്പോൾ നിരവധി ചോദ്യങ്ങൾക്ക് ഉത്തരമില്ലായിരുന്നു. ചുരുക്കംപേർ മാത്രമുള്ള ആ സമൂഹത്തിന് ബൈബിളിന്റെ ആവശ്യമുണ്ടോ? അക്ഷരാഭ്യാസമില്ലാത്ത അവർക്ക് എങ്ങനെ ബൈബിൾ വചനങ്ങൾ വായിച്ചു ഗ്രഹിക്കാനാവും? എത്രനാൾ ഈ ഭാഷ സജീവമായി നിലനില്ക്കും? ഒരു പരിഭാഷാസംഘത്തിന്റെ മുഴുവൻ ശ്രദ്ധയും സേവനങ്ങളും ദീർഘകാലത്തേക്ക് ഇവിടെ കേന്ദ്രീകരിക്കുന്നതുകൊണ്ട് എന്തുപ്രയോജനമാണുള്ളത്? ഇങ്ങനെ പ്രസക്തമായ ഒരുപാട് ചോദ്യങ്ങൾ!
പക്ഷേ, കാര്യങ്ങൾ മാറിമറിഞ്ഞത് വേഗത്തിലാണ്. ഓഡിയോ രൂപത്തിൽ പ്രസ്തുത ഭാഷയിൽ ആദ്യമായി പരിഭാഷപ്പെടുത്തിയ ചില സുവിശേഷഭാഗങ്ങൾ ആ ഭാഷാസമൂഹത്തിൽ വലിയ ചലനങ്ങൾ ഉളവാക്കി. ദീർഘനാളുകളായി ഉറക്കമില്ലാതെയും വിശപ്പില്ലാതെയും ജീവിതത്തിൽ പ്രതിസന്ധി നേരിട്ട ആ ഗോത്രവിഭാഗത്തിലെ മദ്ധ്യവയസ്സ് പിന്നിട്ട ഒരു സഹോദരി യാദൃച്ഛികമായി ദൈവവചനം ശ്രവിച്ചു. അവർ വിശ്വാസത്തോടെ വചനം ഏറ്റെടുത്ത് യേശുവിനോട് സൗഖ്യത്തിനായി പ്രാർത്ഥിച്ചു. അവരുടെ ജീവിതത്തിൽ അത്ഭുതം സംഭവിച്ചു! അവർക്ക് സമാധാനത്തോടെ കിടന്നുറങ്ങുവാനും ആഹാരം കഴിച്ച് പുഷ്ടിപ്പെടുവാനും സാധിച്ചത് ആ സമൂഹത്തിലുള്ളവർ കേട്ടറിഞ്ഞപ്പോൾ അവർക്കും ആശ്ചര്യമായി. മേൽപ്പറഞ്ഞ സഹോദരിയുടെ വിടുതലിന്റെ സാക്ഷ്യം ശ്രവിച്ച ആ വില്ലേജിലെ 50-ലധികം ആളുകൾ അതു മുഖാന്തരം യേശുവിൽ വിശ്വസിക്കുകയും അവിടെ ഒരു സഭ ഉടലെടുക്കുകയും ചെയ്തു! അതെ, വചനം വരുത്തുന്ന രൂപാന്തരം എത്ര അതിശയകരമാണ്. (ഇതൊരു സാങ്കല്പിക കഥയല്ല; സുരക്ഷാകാരണങ്ങളാൽ ഭാഷയുടെയും ഗ്രാമത്തിന്റെയും വ്യക്തികളുടെയും പേരുകൾ ഒഴിവാക്കിയിരിക്കുന്നു.)
ജോൺ വിക്ലിഫ്: ഇംഗ്ലീഷിലേക്ക് ബൈബിൾ പരിഭാഷ നടത്തി നവോത്ഥാനത്തിൻ്റെ ഉദയനക്ഷത്രമായി മാറിയ ബൈബിൾ പരിഭാഷകൻ
എന്തിന് ന്യൂനപക്ഷ- ഗോത്രവർഗ്ഗ ഭാഷകളിൽ തിരുവചനം പരിഭാഷപ്പെടുത്തുന്നു എന്ന ചിലരുടെയെങ്കിലും ചോദ്യത്തിന് ഇത്തരം നൂറുകണക്കിന് അനുഭവങ്ങൾ ചൂണ്ടിക്കാണിക്കാനാവും. ഭാഷാവിഭാഗം ചെറുതായാലും വലുതായാലും തിരുവചനം മാതൃഭാഷയിൽ എല്ലാവർക്കും ലഭ്യമാകണമെന്നാണ് ദൈവത്തിന്റെ പദ്ധതിയെന്ന് ഇത്തരം അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിന് സർവ്വജനവും വിലയേറിയവരാണ് എന്നതാണ് ബൈബിൾ പരിഭാഷകരെ ഇത്തരം ഉദ്യമങ്ങൾക്കായി പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
*ബൈബിൾ പരിഭാഷ ദിനം*
1966 ൽ, വിക്ലിഫ് സ്ഥാപകൻ കാമറൂൺ ടൗൺസെന്റ് ആദ്യമായി ഒക്കലഹോമ സെനറ്റർ ഫ്രെഡ് ഹാരിസുമായി ഒരു ആശയം പങ്കുവെച്ചു: ''സെപ്റ്റംബർ 30 സെന്റ് ജെറോംസ് ദിനമാണ്, സമ്പൂർണ്ണ ബൈബിളിന്റെ ആദ്യത്തെ പരിഭാഷകൻ അദ്ദേഹമാണ്. സെപ്റ്റംബർ 30-നെ ബൈബിൾ വിവർത്തന ദിനമായി പ്രഖ്യാപിക്കാൻ പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം സഭയും സെനറ്റും പാസാക്കിയിരുന്നെങ്കിൽ കൊള്ളാം.'' ഹാരിസിന് ഈ ആശയം ഇഷ്ടപ്പെടുകയും സെനറ്റിൽ പ്രമേയം നിർദ്ദേശിക്കാൻ സമ്മതിക്കുകയും ചെയ്തു. താമസിയാതെ പ്രമേയം പാസാക്കപ്പെട്ടു.
1966 സെപ്റ്റംബർ 30 ന് ആ ദിവസത്തെ ബൈബിൾ വിവർത്തന ദിനമായി പ്രഖ്യാപിക്കാനുള്ള ചടങ്ങിൽ അങ്കിൾ കാം ഇങ്ങനെ പറഞ്ഞു, ''നമ്മൾ ഒരു ചരിത്രം സൃഷ്ടിക്കുന്നു. ദൈവത്തിന്റെ കൃപയാലും സഹായത്താലും ഈ വലിയ സംരംഭത്തിൽ നാം പങ്കാളികളാകുന്നു. ഇത് അനേകരെ ദൈവത്തിലേക്കു നയിക്കുന്നതിനും ക്രിസ്തു ശിഷ്യരായി രൂപാന്തരപ്പെടുത്തുന്നതിനുമുള്ള ബൈബിൾ പരിഭാഷയെന്ന സംരംഭമാണ്. എന്നാൽ ഏതെങ്കിലും പരിഭാഷ ആരംഭിക്കുന്നതിനു മുമ്പ്, ഹൃദയത്തിൽ എന്തെങ്കിലും രൂപാന്തരം വരുന്നതിനു മുമ്പ് ശാരീരികവും ഭാഷാപരവുമായ തടസ്സങ്ങളെ നാം മറികടക്കണം. ഭാഷാ തടസ്സം മറികടക്കുന്നത് പ്രയാസമാണ്, എങ്കിലും അതു ചെയ്യണം. യോഹന്നാനിലൂടെ പരിശുദ്ധാത്മാവ് പറയുന്നത്, ഇതിന്റെ ശേഷം സകലജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു (വെളി.7:9). ഈ വാക്യം യാഥാർത്ഥ്യമാക്കുന്നതിനായി ദൈവം നമ്മെ വിളിച്ചിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.''

വില്യം കാമറൂൺ ടൗൺ സെൻ്റ്: വിക്ലിഫ് ബൈബിൾ ട്രാൻസ്ലൻ്റെസ് സ്ഥാപിച്ച വ്യക്തി. ഇദ്ദേഹത്തിൻ്റെ ശുപാർശ പ്രകാരമാണ് സെപതംബർ 30- ബൈബിൾ പരിഭാഷാ ദിനമായി ആചരിക്കുവാൻ തുടങ്ങിയത്. പിൽക്കാലത്ത് ഐക്യരാഷ്ട്ര സംഘടനയും സെപ്തംബർ 30- പരിഭാഷകരുടെ ദിനമായി അംഗീകരിച്ചു.
''ഇത് അസാധ്യമായ കാര്യമല്ല. അങ്ങനെയായിരുന്നുവെങ്കിൽ ദൈവം അതു നമ്മെ ഏല്പിക്കുമായിരുന്നില്ല. എന്നാൽ ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് കഠിനാധ്വാനം, അർപ്പണബോധം, സ്ഥിരോത്സാഹം, പ്രതിബദ്ധത എന്നിവ ആവശ്യമാണ്. ലോകമെമ്പാടും ഇപ്പോഴും ബൈബിൾ വിവർത്തനം എന്തുകൊണ്ട് ആവശ്യമാണെന്ന് പലരും മനസ്സിലാക്കുന്നില്ല.''
പൂർത്തിയാകാത്ത ചുമതലയിലേക്ക് അചഞ്ചലമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, അങ്കിൾ കാം തന്റെ പ്രസംഗത്തിൽ വളരെ വാചാലമായി പറഞ്ഞതുപോലെ, വിവർത്തനം ചെയ്ത ദൈവവചനം ഇപ്പോഴും ആവശ്യമുള്ള എല്ലാ ഭാഷകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം പിന്തുടരാൻ വിക്ലിഫ് പ്രവർത്തകർ ശ്രമിക്കുന്നു.
*വിഷൻ 2025 - ലക്ഷ്യപ്രാപ്തി ഇതുവരെ*
1999-ൽ അന്താരാഷ്ട്ര ബൈബിൾ പരിഭാഷാ സംഘങ്ങളുടെ കൂട്ടായ്മ 2025-നകം ബൈബിൾ ലഭ്യമല്ലാതെ അവശേഷിക്കുന്ന എല്ലാ ഭാഷകളിലും തിരുവചന പരിഭാഷ ആരംഭിക്കണമെന്ന ദർശനത്തോടെ 'വിഷൻ 2025' വിഭാവനം ചെയ്തു. എന്തായാലും, 26 വർഷത്തിനിടയിലെ ബൈബിൾ പരിഭാഷയുടെ പുരോഗതി ശ്രദ്ധേയമാണ്. 2025 ഓഗസ്റ്റ് 1-ലെ കണക്കനുസരിച്ച്, ലോകത്തിലെ 7,396 ഭാഷകളിൽ 544 എണ്ണം മാത്രമാണ് ബൈബിൾ വിവർത്തനം ആരംഭിക്കുന്നതിനായി അവശേഷിക്കുന്നത്. ഒരു വർഷം മുമ്പ്, ഭാഷകളുടെ എണ്ണം 985 ആയിരുന്നു. 2020-ൽ ഇത് 2,000-ൽ കൂടുതലായിരുന്നു. 1999 ൽ ഇത് 5,000-ൽ കൂടുതലായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 1999- മുതൽ, തിരുവെഴുത്ത് ലഭ്യമല്ലാത്ത 4,600 ൽ അധികം ഭാഷകളിൽ ബൈബിൾ പരിഭാഷ പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും, 2025-അവസാനത്തോടെ എല്ലാ ഭാഷകളിലും എത്തിച്ചേരാൻ കഴിയില്ല. ശേഷിക്കുന്ന 544 ഭാഷകൾ 36.8 ദശലക്ഷം ആളുകളെ പ്രതിനിധീകരിക്കുന്നു.
ബൈബിൾ വിവർത്തന സംഘടനകളും സഭകളും വിഷൻ 2025-നെക്കുറിച്ച് വ്യത്യസ്തമായ സമീപനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ചിലർ പരമാവധി പുതിയ ഭാഷാപദ്ധതികൾ ആരംഭിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു ചിലർ 'ഈ ഭാഷ ശരിക്കും പ്രധാനമാണോ, അതോ രണ്ടാം ഭാഷയിൽ തിരുവെഴുത്ത് ജനതയ്ക്ക് ഗ്രാഹ്യമാണോ?' എന്ന ചോദ്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ലോകമെമ്പാടും 4,457 ഭാഷകളിൽ ബൈബിൾ വിവർത്തനം പുരോഗതിയിലാണ്. എങ്കിലും, എല്ലാവർക്കും തിരുവെഴുത്ത് പ്രാപ്യമാണെന്ന് അതിന് അർത്ഥമില്ല. യഥാർത്ഥത്തിൽ, പരിഭാഷ പുരോഗമിക്കുന്ന പട്ടികയിലുള്ള 1,712 ഭാഷകളിൽ ഇതുവരെ വാക്യങ്ങളൊന്നും വിവർത്തനം ചെയ്തിട്ടില്ല. ഇവയിൽ പലതും സർവ്വേയുടെയും വിശകലനങ്ങളുടെയും പ്രാഥമിക ഘട്ടം പിന്നിടുന്നതേയുള്ളൂ.
ആഗോള ജനസംഖ്യ അല്ലെങ്കിൽ ബൈബിൾ പരിഭാഷ സ്ഥിതിവിവരക്കണക്കുകൾ ഒരിക്കലും കൃത്യമല്ല. ജനസംഖ്യ നിരന്തരം മാറുന്നു, ഭാഷകൾ ഉപയോഗശൂന്യമാകുന്നു, യുദ്ധങ്ങൾ, പീഡനം, മനുഷ്യ കുടിയേറ്റം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി കണക്കുകളിൽ വ്യത്യാസമുണ്ടാകാം. ബൈബിൾ പരിഭാഷ സംഘടനകൾ ചേർന്ന് തിരുവചന ലഭ്യത ഉറപ്പാക്കുന്നതിനായി 'വിഷൻ 2033' എന്ന നിലയിൽ പ്രവർത്തനങ്ങൾ പുനർക്രമീകരിച്ചിട്ടുണ്ട്.
Advt.











