ക്രൈസ്തവ പീഢനം: നൈജീരിയയില്‍ ISIS കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി യുഎസ്; ‘പെര്‍ഫെക്ട് സ്‌ട്രൈക്ക് ’ എന്ന് ട്രംപ്
അബുജ: നൈജീരിയയിൽ ഐസിസ് (ISIS) ഭീകരർക്കെതിരെ വ്യോമാക്രമണം നടത്തി യു.എസ്. നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ഐസിസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് യു.എസ് വ്യോമാക്രമണം നടത്തിയത്. ആക്രമണം നടത്തിയ വിവരം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പുറത്തുവിട്ടത്. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ നിർദ്ദേശപ്രകാരം യു.എസ് സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഈ ഓപ്പറേഷനെ പെർഫെക്റ്റ് സ്ട്രൈക്കുകളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമം വർഷങ്ങളായി വർദ്ധിച്ചുവരികയാണെന്ന് ട്രംപ് ആരോപിച്ചു. ക്രിസ്ത്യാനികളെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് താൻ നേരത്തെ ഭീകരർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ നേതൃത്വത്തിൽ രാജ്യം തീവ്രവാദത്തെ വളരാൻ അനുവദിക്കില്ലെന്നും അമേരിക്കൻ സേനയുടെ കരുത്ത് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും ട്രംപ് പറഞ്ഞു. യു.എസ് സൈന്യത്തിന് മാത്രം സാധിക്കുന്ന കാര്യമാണ് നൈജീരിയയിലെ ആക്രമണമെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
ട്രംപിന് കീഴിൽ യുഎസ് സേന നൈജീരിയയിൽ നടത്തുന്ന ആദ്യത്തെ ആക്രമണങ്ങളാണിത്. അതേസമയം നൈജീരിയൻ ഭരണകൂടത്തിൻ അഭ്യർഥനയെ തുടർന്നാണ് ആക്രമണമെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കിയത്. "നൈജീരിയൻ അധികാരികളുടെ അഭ്യർത്ഥനപ്രകാരം... നിരവധി ഐസിസ് ഭീകരരെ വധിച്ചതായി" യുഎസ് ആഫ്രിക്ക കമാൻഡ് എക്സ് പോസ്റ്റിൽ പറഞ്ഞു. പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് നൈജീരിയയിൽ നടപടിയെടുത്ത തന്റെ വകുപ്പിന്റെ സന്നദ്ധതയെ പ്രശംസിച്ച് എക്സിൽ പേസ്റ്റ് ചെയ്തു. നൈജീരിയൻ ഗവൺമെന്റിന്റെ പിന്തുണയ്ക്കും സഹകരണത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ പറയുന്നു.

അടുത്തിടെ നൈജീരിയയിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ഭീകരവാദികൾ ആക്രമണം നടത്തുകയും നിരവധി ആളുകളെ തട്ടിക്കൊണ്ടുപോവുകയുമൊക്കെ ചെയ്തിരുന്നു. വർഷങ്ങളായി ഐസിസ്, ബോക്കോ ഹറാം തുടങ്ങിയ ഭീകരവാദ സംഘടനകളിൽ നിന്ന് നൈജീരിയ നിരവധി ഭീഷണികൾ നേരിടുന്നുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ ആക്രമണങ്ങളെ തുടർന്ന് നൈജീരിയയ്ക്കെതിരെ യു.എസ് വിസ നിയന്ത്രണങ്ങളുൾപ്പെടെ ഏർപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനികൾക്കെതിരെയുള്ള അക്രമങ്ങളെ തുടർന്ന് നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യം' (Country of Particular Concern) ആയി യു.എസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെയാണ് രാജ്യത്ത് സൈനികമായി യു.എസ് ഇടപെട്ടിരിക്കുന്നത് എന്ന് മാതൃഭൂമി റിപ്പോട്ടിൽ പറയുന്നു.
അതേസമയം രാജ്യത്ത് ക്രിസ്ത്യാനികൾ മാത്രമല്ല പീഡിപ്പിക്കപ്പെടുന്നതെന്ന് യു.എസ് ആക്രമണങ്ങളോട് നൈജീരിയൻ സർക്കാർ പ്രതികരിച്ചു. ക്രിസ്മസ് ദിന സന്ദേശത്തിൽ രാജ്യത്ത് മതസ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു ഉറപ്പ് നൽകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് യു.എസ് വ്യോമാക്രമണം നടന്നത്. ക്രിസ്ത്യാനികൾ മാത്രമല്ല പീഡിപ്പിക്കപ്പെടുന്നതെന്ന വാദം നൈജീരിയൻ സർക്കാർ തള്ളിക്കളഞ്ഞു. സായുധ സംഘങ്ങൾ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഒരുപോലെ ലക്ഷ്യമിടുന്നുണ്ടെന്നും, ഇതൊരു സങ്കീർണ്ണമായ സുരക്ഷാ പ്രശ്നമാണെന്നുമാണ് നൈജീരിയയുടെ നിലപാട്.

