വടക്കുകിഴക്കൻ ഇന്ത്യയിലെ 5800 ജൂതരെ ഇസ്രയേൽ കൊണ്ടുപോകുന്നു
ജറുസലേം: വടക്കുകിഴക്കൻ ഇന്ത്യയിലുള്ള 5800 ജൂതരെ ഇസ്രയേലിലേക്കു കൊണ്ടുപോകുന്നതിനുള്ള പദ്ധതിക്ക് ഇസ്രയേൽസർക്കാർ അംഗീകാരം നൽകി. 2030-ഓടെ ഇവരെയെല്ലാം ഇസ്രയേലിൽ കൊണ്ടുപോയി പാർപ്പിക്കുകയാണ് ലക്ഷ്യം. 1200 പേരെ അടുത്തവർഷംതന്നെ കൊണ്ടുപോകും.
ജൂയിഷ് ഏജൻസി ഫോർ ഇസ്രയേലാണ് 'ബെനി മനാഷേ' എന്നറിയപ്പെടുന്ന ഈ ജൂതസമൂഹത്തിൻ്റെ ഇസ്രയേലിലേക്കുള്ള കുടിയേറ്റത്തിന് മുൻകൈയെടുക്കുന്നത്.
ഇവർക്ക് ഇന്ത്യയിൽനിന്നുള്ള വിമാനക്കൂലി, പരിവർത്തന ക്ലാസുകൾ, താമസസൗകര്യം, ഹീബ്രുഭാഷാ പാഠനം, പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയ്ക്കായി ഒൻപതുകോടി ഷെക്കലിന്റെ (ഏകദേശം 240 കോടി രൂപ) പ്രത്യേക പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ ഇമിഗ്രേഷൻ ആൻഡ് ഇന്റഗ്രേഷൻ മന്ത്രി ഒഫിർ സൊഫർ ഇതവതരിപ്പിച്ചു.
ഇവരുമായി അഭിമുഖം നടത്തുന്നതിനും കുടിയേറ്റത്തിന് ഒരുക്കുന്നതിനുമായി റാബിമാരുൾപ്പെട്ട പ്രത്യേകപ്രതിനിധിസംഘം വരുംദിവസങ്ങളിൽ ഇന്ത്യയിലെത്തും. രക്ഷിതാക്കളോ, കൂടെപ്പിറപ്പുകളോ, മക്കളോ ഇസ്രയേലിലുള്ള മൂവായിരത്തോളം ബെനി മനാഷെകളുമായി സംഘം കൂടിക്കാഴ്‌ചനടത്തും.
ഇസ്രയേലിൽ എത്തിക്കുന്ന ബെനി മനാഷെകളിൽ ഭൂരിപക്ഷത്തെയും വെസ്റ്റ് ബാങ്കിലാകും താമസിപ്പിക്കുക. അടുത്തിടെ ഇസ്രയേലിൽ എത്തിയവരെ നസറത്തിനടുത്തുള്ള നോഫ് ഹഗാലിലേക്കാണ് അയച്ചത്. 2500-ഓളം ബെനി മനാഷെകൾ ഇപ്പോൾ ഇസ്രയേലിലുണ്ട്.
ബൈബിളിൽ പറയുന്ന മനാസെ ഗോത്രത്തിന്റെ പിൻമുറക്കാരാണ് തങ്ങളെന്നാണ് ബെനി മനാഷെകൾ പറയുന്നത്. 2700-ഓളം വർഷംമുൻപ് അസീറിയക്കാർ ഇസ്രയേൽ കീഴടക്കിയപ്പോൾ നാടുവിടേണ്ടിവന്നുവെന്നും ഇവർ പറയുന്നു.(കടപ്പാട് : മാതൃഭൂമി)
Advt.
























