"ചരിത്രം ഉറങ്ങുന്ന ആല്‍പ്പാറ സഭ" ; പുസ്തകപ്രകാശനം ജനു.5 ന് ഞായറാഴ്ച
തൃശ്ശൂരിന്‍റെ പെന്തക്കോസ്ത് ചരിത്രത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത തിളക്കമാര്‍ന്ന ഒട്ടേറെ ചരിത്ര സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന ആല്‍പ്പാറ ഐപിസി സഭയുടെ ആരംഭവും വളര്‍ച്ചയും പുസ്തകമായി പുറത്തിറങ്ങുന്നു.
മറവിയുടെ മാറാല പിടിച്ചു കിടന്ന പല ചരിത്ര സംഭവങ്ങളേയും പൊടി തട്ടിയെടുത്ത് തിളക്കമുള്ളതാക്കി ഓര്‍മ്മയുടെ ചെപ്പില്‍ വരും തലമുറക്ക് കൈമാറുകയാണ് ഈ ഗ്രന്ഥത്തിലൂടെ. അതോടൊപ്പം, കടന്നു പോയ കാലത്തിന്‍റെ നാള്‍ വഴികളില്‍ കുറിച്ചിട്ട മുള്ളുകളും പൂക്കളും നിറഞ്ഞ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍, അനുവാചകരെ ദൈവം നടത്തിയ വഴികളിലേക്ക് തിരിഞ്ഞു നോക്കുവാനും നന്ദികരേറ്റുവാനും കരുത്ത് പകരുന്നു.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് തൃശ്ശൂര്‍ ജില്ലയിലെ കിഴക്കന്‍ മേഖലയായ ആല്‍പ്പാറയില്‍ കൃഷി ഇറക്കാന്‍ പറ്റിയ വളക്കൂറുള്ള മണ്ണ് തേടി വന്ന പിതാക്കന്‍മാര്‍ കഷ്ടതകളുടെ കനല്‍ വഴികള്‍ താണ്ടി സുവിശേഷത്തിന്‍റെ വിത്ത് വിതച്ച് മുപ്പതും അറുപതും നൂറും മേനി കൊയ്തെടുത്തു.
ഐപിസി തൃശ്ശൂര്‍ ഈസ്റ്റ് സെന്‍ററിലെ പ്രധാനസഭയാണ് ആല്‍പ്പാറ ഹെബ്രോണ്‍ ചര്‍ച്ച്. ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ട ആല്‍പ്പാറ സഭയുടെ ചരിത്ര സ്മരണകള്‍ ഉണര്‍ന്നു നില്‍ക്കുന്ന ഈ ഗ്രന്ഥം തയ്യാറാക്കിയത് ഇവിടുത്തെ പെന്തക്കോസ്ത് ചരിത്രത്തിന്‍റെ ഭാഗമായ ചീരകത്തു വീട്ടിലെ ബ്രദര്‍. സി.വി മാത്യൂ ആണ്. ഗുഡ്ന്യൂസ് വാരികയുടെ ചീഫ് എഡിറ്ററായ സി.വി. മാത്യൂ സാര്‍ ശാരീരിക പ്രയാസങ്ങള്‍ അനുഭവിച്ച് മുന്നോട്ടു പോകുന്ന വേളയിലാണ് രചനയുടെ പണിപ്പുരയില്‍ ദിനരാത്രങ്ങള്‍ ചിലവിട്ടത്.
"ചരിത്രം ഉറങ്ങുന്ന ആല്‍പ്പാറ സഭ" യുടെ പ്രകാശനം ജനുവരി 5 ഞായറാഴ്ച മുല്ലക്കരയില്‍ സെന്‍റര്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചുള്ള സംയുക്ത സഭായോഗത്തില്‍ വെച്ച് നടക്കും. സെന്‍റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ മാത്യൂ തോമസ് ആദ്യ പ്രതി ഡോ. ജോയ് എബ്രഹാമിനു നല്‍കി പ്രകാശനം നിര്‍വ്വഹിക്കും.
വാര്‍ത്ത: ടോണി ഡി.ചെവ്വൂക്കാരന്‍
Advertisement