ഐപിസി മലബാർ സ്റ്റേറ്റ്: വിവിധ നൂതന പദ്ധതികൾക്കു തുടക്കം 

ഐപിസി മലബാർ സ്റ്റേറ്റ്: വിവിധ നൂതന പദ്ധതികൾക്കു തുടക്കം 

നിലമ്പൂർ: പുതിയതായി രൂപീകരിക്കപ്പെട്ട ഐപിസി മലബാർ കേരള സ്റ്റേറ്റിൻ്റെ പ്രവർത്തനങ്ങൾക്കു തുടക്കമായെന്നു ഇടക്കാല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സ്റ്റേറ്റിന്റെ താൽക്കാലിക ഓഫീസും നിലമ്പൂരിൽ ആരംഭിച്ചു. തിങ്കൾ, ചൊവ്വ , ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ഓഫീസ്  പ്രവർത്തിക്കും.

പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള  ആറ് ജില്ലകളിലെ 513 സഭകൾ മലബാർ കേരളാ സ്റ്റേറ്റിൻ്റെ പരിധിയിൽ ഉൾപ്പെടും. ഈ സഭകളുടെ ഡാറ്റ കളക്ഷൻ, മെമ്പർഷിപ്പ് ശേഖരണം, ശുശ്രൂഷകന്മാർക്കുള്ള ഐഡി കാർഡ് എന്നിവയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ. 

ജൂലൈ 5 ന് പാലുണ്ടയിൽ കൂടിയ കമ്മിറ്റി വിവിധ പ്രവർത്തന പദ്ധതികൾക്ക് രൂപം നല്കി. മലബാറിൽ 50 സെന്ററുകളും, 1000 സഭകളും , 50,000 ലധികം വിശ്വാസികളുള്ള പ്രവർത്തന മേഖലയാക്കി പ്രവർത്തനത്തെ മലബാറിൽ വളർത്തുക എന്നതാണ്  ലക്ഷ്യം. മലബാറിലെ ഭാഷയും സംസ്കാരവും പരിചയപ്പെടുത്തിയുള്ള മലബാർ സുവിശേഷീകരണത്തിന് യുവാക്കൾക്ക് പരിശീലനം നല്കാൻ പുതിയ ബൈബിൾ കോളേജ്, റവന്യൂ ജില്ല അടിസ്ഥാനമാക്കി സഭകളെ ഏകോപിപ്പിച്ച് ഉപവാസ പ്രാർത്ഥനയും, സുവിശേഷ പ്രവർത്തനങ്ങളും കാത്തിരിപ്പ് യോഗങ്ങളും നടത്തുക, സഭകൾ ഇല്ലാത്ത താലൂക്കുകളിൽ പുതിയ മിഷൻ സെൻ്ററുകൾ, നിലവിലുള്ള സെൻ്ററുകളുടെ ശാക്തീകരണം, പുത്രിക സംഘടനകളുടെ സ്റ്റേറ്റ് തല രൂപീകരണം തുടങ്ങിയ പ്രവർത്തന പദ്ധതികൾകളും നടപ്പിലാക്കും.

സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം നൽകുകയും സാദ്ധ്യതയുള്ളിടത്ത് വിവിധ സ്ഥാപനങ്ങൾ ആരംഭിക്കുമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും ഇതിനായുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു മുന്നോട്ടു പോകുമെന്നും സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജോയ് കുര്യാക്കോസ്, പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് എന്നിവർ അറിയിച്ചു.