ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കർ ഒഴിവാക്കണമെന്ന് പൊലീസ് നോട്ടീസ്
വാർത്ത : സുജാസ് റോയ് ചീരൻ
വയനാട്: പള്ളികളില്‍ ബാങ്ക് വിളിക്കാനും അമ്പലങ്ങളിലും ചർച്ചുകളിലും വിവിധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന കോളാമ്പി മൈക്കിനെതിരെയാണ് പൊലീസ് നടപടി. വയനാട്ടിലെ വിവിധ ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ അതത് സ്റ്റേഷനിലെ എസ്.എച്ച്.ഒമാരുടെ നോട്ടീസ് ലഭിച്ചുതുടങ്ങി.
ഹൈകോടതിയുടെ ഡബ്ല്യു.എ നമ്ബർ 235/1993 ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നാണ് പൊലീസ് പറയുന്നത്. വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ പരിധിയില്‍ ലൗഡ് സ്പീക്കർ ഉപയോഗിക്കുന്ന ആരാധനാലയങ്ങള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നോട്ടീസ് കിട്ടിത്തുടങ്ങി. ജില്ലയിലെ മറ്റു ഭാഗങ്ങളിലും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് വിവിധ മഹല്ല് ഭാരവാഹികള്‍ പറയുന്നത്.
വരുംദിവസങ്ങളില്‍തന്നെ കോളാമ്ബി മൈക്കുകള്‍ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ ഹൈകോടതി ഉത്തരവുപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് വെള്ളമുണ്ടയിലെ മീത്തല്‍ ജുമാമസ്ജിദ് പ്രസിഡന്റിന് ലഭിച്ച നോട്ടീസില്‍ പറയുന്നത്. എന്നാല്‍, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങള്‍ക്ക് നോട്ടീസ് അയക്കാൻ സർക്കാർ പൊലീസിന് നിർദേശം നല്‍കിയിട്ടില്ലെന്നും പൊലീസ് അമിതാവേശം കാണിക്കുകയാണെന്നുമുള്ള ആരോപണവും ഉയരുന്നുണ്ട്.