ഹീനപാത്രങ്ങളെ മാനപാത്രങ്ങളാക്കാം
അംഗവൈകല്യമുള്ള കൈകാലുകളോടു കൂടിയാണ് റീച്ചാർഡ് തോംസൺ ജനിച്ചത്. ഒരു ഓപ്പറേഷനിലൂടെ കൈകാലുകൾ സാധാരണ രൂപത്തിലാക്കിയെങ്കിലും അവയുടെ ചലനശേഷി അദ്ദേഹത്തിന് വീണ്ടുകിട്ടിയിരുന്നില്ല. എന്നാൽ ഒരു ചിത്രകാരനായിത്തീരുക എന്ന റിച്ചാർഡിന്റെ തീവ്രമായ ആഗ്രഹത്തിന് ഇതു വിഘാതമായിരുന്നില്ല. ഏഴു വർഷത്തോളം റിച്ചാർഡ് ഒരു ചിത്രകലാപഠനസ്കൂളിൽ പഠിച്ചു. ഇന്ന് തന്റെ ജീവസന്ധാരണത്തിനുള്ള വക അദ്ദേഹം ചിത്രരചനയിൽനിന്നും സമ്പാദിക്കുന്നു. പല്ലുകൊണ്ട് ബ്രഷ് കടിച്ചുപിടിച്ചാണ് റിച്ചാർഡ് ചിത്രം വരയ്ക്കുന്നത്. ഇപ്രകാരം അദ്ദേഹം വരച്ച അതിമനോഹരമായ ചിത്രങ്ങളിൽ ചിലത് ഇന്ന് ബെക്കിംഗ്ഹാം കൊട്ടാരത്തെപ്പോലും അലങ്കരിക്കുന്നു.
യിസ്രായേലിലെ മഹാവാഗ്മിയായി മാറിയ മോശെ ആദ്യം ഒരു വിക്കനായിരുന്നു. യെരീഹോ പട്ടണത്തിലെ ഒരു വേശ്യാസ്ത്രീയായിരുന്നു രാഹാബ്. എന്നാൽ അവൾ വിശ്വാസയോദ്ധാക്കളുടെ പട്ടികയിൽ എണ്ണപ്പെട്ടു. വിശുദ്ധ ബൈബിളിലെ ഒരു സുപ്രധാന ചരിത്രപുരുഷനായ ശീമോൻ പത്രൊസ് ആദ്യം ഭീരുവും ചഞ്ചലഹൃദയനും ആയിരുന്നു. എന്നാൽ പിന്നീട് ധീരനും യേശുക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയുമായി മാറി. പത്രൊസ് തലകീഴായി കുരിശിൽ മരിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ദുർമാർഗത്തിൽ ജീവിക്കേണ്ടിവന്ന ഒരു ക്രിസ്ത്യാനി, ഇനിയും ദൈവം തന്നെ ഉപയോഗിക്കുമോ എന്നു ചിന്താകുലപ്പെടുക സ്വാഭാവികമാണ്. എന്നാൽ യഥാർത്ഥ പശ്ചാത്താപവും സമർപ്പണവും അവനെ ദൈവസന്നിധിയിൽ വീണ്ടും ഉപയോഗമുള്ളവനാക്കുന്നു. പാപം ചെയ്ത ദാവീദ് രാജാവ് ദൈവത്തോട് മാപ്പിരക്കുന്നു. ദൈവം അദ്ദേഹത്തെ കരങ്ങളിലെടുത്ത് പതിന്മടങ്ങ് ശക്തിയോടെ വീണ്ടും ഉപയോഗിക്കുന്നു. ആത്മീയപോഷണത്തിന് ഉതകുംവിധത്തിലുള്ള നിരവധി സങ്കീർത്തനങ്ങളെഴുതി കർത്തൃപാദാന്തികത്തിൽ അർപ്പിക്കുവാൻ ദാവീദിനു സാധിച്ചു.
ദൈവത്തിന്റെ അറിവും സമ്മതവും കൂടാതെ മനുഷ്യജീവിതത്തിൽ ശാരീരികമോ മാനസികമോ ആത്മീയമോ ബുദ്ധിപരമോ ആയ യാതൊരു ബലഹീനതകളും സംഭവിക്കുന്നില്ല. നമ്മുടെ സ്വർഗീയപിതാവ് അറിയാതെ നമ്മുടെ ജീവിതത്തിൽ ഒരു കഷ്ടതയും കടന്നുവരികയില്ല. നമ്മുടെ ബലഹീനതകളെ അതിജീവിക്കുന്നതിനുള്ള ഒന്നാമത്തെ ചവിട്ടുപടി 'നമ്മുടെ സ്വർഗീയപിതാവ് സകലവും അറിയുന്നു' എന്ന് വിശ്വസിക്കുകയാണ്. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന സകലത്തെക്കുറിച്ചും ദൈവത്തിന് വ്യക്തമായ പദ്ധതിയുണ്ട്. ആകയാൽ ദൈവത്തെ അവിശ്വസിക്കാതെ ജീവിതയാത്ര തുടരാം.
ചിന്തക്ക് : 'വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു. ഞാൻ നിഗളിച്ചു പോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെതന്നെ. അത് എന്നെ വിട്ടു നീങ്ങേണ്ടതിനു ഞാൻ മൂന്നുവട്ടം കർത്താവിനോട് അപേക്ഷിച്ചു. അവൻ എന്നോട് : എന്റെ കൃപ നിനക്കു മതി. എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിനു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ സന്തോഷിക്കും. അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പൻ ഇഷ്ടപ്പെടുന്നു. ബലഹീനനായിരിക്കുമ്പോൾ തന്നെ ഞാൻ ശക്‌തനാകുന്നു' (2 കൊരിന്ത്യർ 12 : 7...10).


