ആത്മസമർപ്പണത്തിന് ആത്മഭാരം അനിവാര്യം

ആത്മസമർപ്പണത്തിന് ആത്മഭാരം അനിവാര്യം

റവ. ജോർജ് മാത്യു പുതുപ്പള്ളി

രിക്കൽ ഒരു സുവിശേഷകൻ ഒരു യോഗത്തിൽ ആത്മസമർപ്പണത്തെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു. യോഗം കഴിഞ്ഞപ്പോൾ ഒരു യുവതി അദ്ദേഹത്തെ സമീപിച്ച് തനിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. 'പൂർണ്ണ സമർപ്പണത്തെ താൻ ഭയപ്പെടുന്നു' എന്നും അവർ പറഞ്ഞു. 'എന്താണ് അതിനു കാരണം ?' എന്ന് സുവിശേഷകൻ ആരാഞ്ഞു. 'ദൈവം എന്നെ ചൈന പോലുള്ള രാജ്യങ്ങളിൽ സുവിശേഷവുമായി പോകുവാൻ നിർബന്ധിച്ചാൽ എനിക്കത് പ്രയാസമായിത്തീരും' എന്ന് അവൾ മറുപടി നൽകി. ഇതുകേട്ട സുവിശേഷകൻ അവൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനു മുമ്പ് ഇങ്ങനെ ചോദിച്ചു : 'നല്ല തണുപ്പുള്ള ഒരു രാത്രിയിൽ ഒരു കിളി തണുത്തുവിറച്ച് നിങ്ങളുടെ വീടിന്റെ വാതിലിനു സമീപം വന്നു വീണാൽ നിങ്ങൾ എന്തുചെയ്യും ?' 'ഞാൻ അതിനെ എടുത്ത് അകത്തു കൊണ്ടുവന്ന് അത്യാവശ്യമായ ചൂട് നൽകി അതിന് ആവശ്യമായ ഭക്ഷണം നൽകും' അവൾ അറിയിച്ചു.

അതു കേട്ടപ്പോൾ സുവിശേഷകൻ ഇപ്രകാരം പറഞ്ഞു : 'നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കിളിയോട് നിങ്ങൾ ഇപ്രകാരം കരുണ കാണിക്കുമെങ്കിൽ ദൈവം തന്റെ അമൂല്യസൃഷ്ടിയായ മനുഷ്യനോട് കരുണ കാട്ടാതിരിക്കുമോ ?' ഇതു കേട്ടപ്പോൾ പൂർണ്ണ സമർപ്പണത്തെക്കുറിച്ചുള്ള തന്റെ ഭയം ഇല്ലാതായി എന്ന് അവൾ സമ്മതിച്ചു.

രണ്ട് വർഷത്തിനുശേഷം ഈ സുവിശേഷകൻ മറ്റൊരിടത്ത് പ്രസംഗിച്ചുകഴിഞ്ഞപ്പോൾ ഈ യുവതി അദ്ദേഹത്തെ സമീപിച്ച് 'തന്നെ അറിയുമോ ?' എന്നു തിരക്കി. 'അറിയും' എന്ന് സുവിശേഷകൻ പറഞ്ഞു. 'ഞാൻ ഇപ്പോൾ ചൈനയിൽ ഒരു മിഷനറിയായി പ്രവർത്തിക്കുകയാണെന്ന്' അവൾ സുവിശേഷകനെ അറിയിച്ചു. അതു കേട്ടപ്പോൾ അദ്ദേഹത്തിന് ഏറെ സന്തോഷമായി.

പൗലൊസിനെ ദൈവം തന്റെ വേലയ്ക്കായി വിളിച്ചതുമുതൽ സമർപ്പണബോധത്തോടു കൂടിയാണ് തന്നെ ഏല്പിച്ച ദൗത്യം അദ്ദേഹം നിർവഹിച്ചത്. സ്വജാതിക്കാരിൽനിന്ന് ഒട്ടേറെ പീഡനങ്ങളാണ് പൗലൊസിനു നേരിടേണ്ടി വന്നത്. യഹൂദമതത്തിൽ തനിക്കുണ്ടായിരുന്ന സകല പദവികളും പ്രതാപങ്ങളും ത്യജിച്ചശേഷമാണ് യേശുകർത്താവിനെ പ്രസംഗിക്കുവാൻ പൗലൊസ് ഇറങ്ങിത്തിരിച്ചത്. ലുസ്ത്രയിൽ അദ്ദേഹത്തിനുണ്ടായ പീഡ അതികഠിനമായിരുന്നു.പൗലൊസ് മരിച്ചുപോയി എന്ന ചിന്തയിൽ യഹൂദന്മാർ അവനെ പട്ടണത്തിനു വെളിയിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ ജനം കാൺകെ പൗലൊസ് ജീവനുള്ളവനായി എഴുന്നേറ്റുനിന്ന് വേറെ സ്ഥലങ്ങളിൽ പോകുകയും വീണ്ടും തന്നെ ഉപദ്രവിച്ച ഇടത്തേക്ക് മടങ്ങി വന്നതായും നാം തിരുവചനത്തിൽ വായിക്കുന്നു. പ്രിയ സഹോദരങ്ങളേ, നമുക്കും പൗലൊസിനെപ്പോലെ നിറഞ്ഞ ആത്മഭാരമുള്ളവരായി യേശുകർത്താവിന്റെ വേല ചെയ്യാം.

ചിന്തക്ക് : 'എന്നാൽ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും യഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു. അവൻ മരിച്ചു എന്നു വിചാരിച്ചിട്ട്‌ അവനെ പട്ടണത്തിനു പുറത്തേക്ക് ഇഴച്ചുകളഞ്ഞു. എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു. പിറ്റന്നാൾ ബർന്നബാസിനോടുകൂടെ ദർബ്ബയ്ക്കു പോയി ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു. വിശ്വാസത്തിൽ നിലനിൽക്കേണമെന്നും നാം അനേക കഷ്ടങ്ങളിൽക്കൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ് ഉറപ്പിച്ചുപോന്നു' (അപ്പൊ. പ്രവൃത്തികൾ 14 : 19... 22).