ദൈവികശക്തിയിൽ ആശ്രയിക്കുന്നവരാകാം
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഒരു കാട്ടുകഴുതയെക്കാൾ മനുഷ്യനു പ്രയോജനപ്പെടുന്നത് കാലൊടിഞ്ഞ കുതിരയാണ്. നിയന്ത്രണാതീതമായ ശക്തികൊണ്ട് പ്രയോജനമില്ലെന്നു തന്നെയല്ല ചിലപ്പോൾ അത് അപകടകരവുമാണ്. എന്നാൽ ശക്തി നിയന്ത്രണാധീനമാകു മ്പോൾ അതു മനുഷ്യർക്ക് ഉപയോഗമുള്ളതായിത്തീരുന്നു.
ദൈവിക പരിശീലനത്തിൽ മെരുക്കപ്പെടാത്ത ജീവിതത്തിൽ ദൈവത്തിന്റെ അനുഗ്രഹം പകരപ്പെടുകയില്ല. ദൈവത്തെപ്പറ്റിയുള്ള ജ്ഞാനം ദൈവത്താൽ നിയന്ത്രിക്കപ്പെടുന്നതല്ലെങ്കിൽ ജീവിതം സന്തോഷപ്രദമായിരിക്കുകയില്ല. ദൈവത്തിന്റെ നീതിയുടെ പാതയിൽ ദൈവത്തിനു നമ്മെ നയിക്കണമെങ്കിൽ നാം ദൈവത്തിനു കീഴടങ്ങിയെങ്കിലേ സാധിക്കുകയുള്ളൂ. അതുകൊണ്ട് ദൈവം നമ്മോടുകൂടെ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നു. നമ്മെ മെരുക്കി ദൈവത്തിന്റെ സന്നിധിയിൽ കൊണ്ടുവരുന്നതിനാണ് ദൈവം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
നമ്മുടെ ശാരീരികശക്തിയും ആത്മീയശക്തിയും ദൈവനാമമഹത്വത്തിനായി പ്രയോജനപ്പെടുത്തുമ്പോൾ ശാസ്ത്രം ഭൗതികശക്തിയെ പ്രയോജനപ്പെടുത്തുന്നു. നയാഗ്രാ വെള്ളച്ചാട്ടത്തെ ശാസ്ത്രത്തിന്റെ അധീനതയിൽ കൊണ്ടുവരുമ്പോൾ അത് അനേക ഭവനങ്ങളിലും തെരുക്കളിലും വെളിച്ചമായി മാറുന്നു. ഇല്ലെങ്കിൽ ശക്തി പ്രയോജനമില്ലാത്ത വിധത്തിൽ ഒഴുകിപ്പോവുകയേ ഉള്ളൂ.
രാത്രിമുഴുവൻ പൂർണ്ണമായ ശക്തിയെയും അറിവിനെയും വിനിയോഗിച്ച ഒരു കൂട്ടം മീൻപിടുത്തക്കാ രെയാണ് യോഹന്നാന്റെ സുവിശേഷം അദ്ധ്യായം 21 ൽ കാണുന്നത്. അവരുടെ ആരോഗ്യം മീൻ പിടിക്കാനുള്ള ആവേശത്തോടെ അവർ ഉപയോഗിച്ചുവെങ്കിലും യാതൊരുവിധ പ്രയോജനവും ഉണ്ടായില്ല. എന്നാൽ അവരുടെ ഉള്ളിലുണ്ടായിരുന്ന ക്ഷീണിച്ച ശക്തി യേശുകർത്താവിന്റെ വാക്കിനു വിധേയമായപ്പോൾ പെരുത്ത മീൻകൂട്ടത്തെയാണ് അവർ പിടിച്ചെടുത്തത്.
ലോകപ്രകാരമുള്ള അറിവുകളോ കഴിവുകളോ ശക്തിയോ ദൈവത്താൽ നിയന്ത്രിക്കപ്പെടുമ്പോൾ അത് ലോകത്തിനു പ്രയോജനവും ദൈവനാമത്തിനു മഹത്വവുമായി മാറുന്നു. ഇല്ലെങ്കിൽ ശക്തിയുള്ളവർക്കു തന്നെ അവരുടെ ശക്തി നാശമായിത്തീരുന്നതാണ്. മാനുഷിക ശക്തിയെ ദൈവികചിന്തയിൽ പ്രയോഗിക്കുന്നില്ലെങ്കിൽ അത് ലോകത്തിന് ആപത്തായിത്തീരും. മനുഷ്യന്റെ ശക്തിയിൽ അഹങ്കാരമെന്ന പൈശാചിക ശക്തി ഒളിഞ്ഞുകിടപ്പുണ്ട്. ദൈവത്താൽ നിയന്ത്രിക്കപ്പെടുമ്പോൾ മാത്രമേ നമ്മുടെ ശക്തിയിൽ പതുങ്ങിക്കിടക്കുന്ന അഹംഭാവം പുറത്തുപോവുകയുള്ളൂ. മാനുഷിക ശക്തിയിൽ ആശ്രയിക്കുന്നതിനു പകരം നമുക്ക് ദൈവികശക്തിയിൽ ആശ്രയിക്കുന്നവരായിത്തീരാം.
ചിന്തക്ക് : 'ശീമോൻ പത്രൊസ് അവരോട് : ഞാൻ മീൻ പിടിക്കാൻ പോകുന്നു എന്നു പറഞ്ഞു. ഞങ്ങളും പോരുന്നു എന്ന് അവർ പറഞ്ഞു. അവർ പുറപ്പെട്ടു പടകു കയറിപ്പോയി. ആ രാത്രിയിൽ ഒന്നും പിടിച്ചില്ല. പുലർച്ച ആയപ്പോൾ യേശു കരയിൽ നിന്നിരുന്നു. യേശു ആകുന്നു എന്ന് ശിഷ്യന്മാർ അറിഞ്ഞില്ല. യേശു അവരോട് : കുഞ്ഞുങ്ങളേ, കൂട്ടുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു. ഇല്ല എന്ന് അവർ ഉത്തരം പറഞ്ഞു. പടകിന്റെ വലത്തുഭാഗത്തു വല വീശുവിൻ. എന്നാൽ നിങ്ങൾക്കു കിട്ടും എന്ന് അവൻ അവരോടു പറഞ്ഞു. അവർ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിപ്പാൻ കഴിഞ്ഞില്ല' (യോഹന്നാൻ 21 : 3...7).
Advertisement





































































