പുറമെയുള്ള സന്തോഷം യഥാർത്ഥ സന്തോഷമല്ല
റവ. ജോർജ് മാത്യു പുതുപ്പള്ളി
കമ്യൂണിസത്തിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച പല സാഹിത്യകാരന്മാരും ഒടുവിൽ ആത്മഹത്യ ചെയ്യുകയുണ്ടായി. ഇതിന്റെ പൊരുത്തക്കേട് എവിടെയാണ് എന്നു നാം ചിന്തിക്കേണ്ടതാണ്. കമ്യൂണിസ്റ്റ് മഹാകവികളായിരുന്ന എസ്സെനിനും, മയക്കോവ്സ്കിയും പേരെടുത്ത എഴുത്തുകാരനായിരുന്ന ഹാഡീവും ആത്മഹത്യ ചെയ്യുകയായിരുന്നു. കമ്യൂണിസത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതിലാണ് യഥാർത്ഥ സന്തോഷം എന്നു വെളിപ്പെടുത്തുന്ന 'സന്തോഷം' എന്ന നോവൽ എഴുതിക്കഴിഞ്ഞ ഉടനെയാണ് ഹാഡീവ് ആത്മഹത്യ ചെയ്യത് എന്നതാണ് ഏറെ ദുഃഖകരം.
ആ നോവൽ എഴുതിയത് അദ്ദേഹത്തെ സന്തോഷിപ്പിച്ചിരുന്നില്ല. അത്ര വലിയ ഒരു അസത്യം താങ്ങുന്നതിന് അദ്ദേഹത്തിനു കഴിയാതെപോയി എന്നതാണ് അദ്ദേഹത്തിന്റെ ആത്മഹത്യക്കു കാരണം. നമ്മുടെ ഭാവനകൾക്ക് ഒരു അടിസ്ഥാനമുണ്ടായിരിക്കണം. നമ്മുടെ തത്വചിന്തകൾ ഏതെങ്കിലും ഒന്നിൽ അടിസ്ഥാനപ്പെട്ടതായിരിക്കണം. ശരിയായ അടിസ്ഥാനമില്ലാത്ത ഭാവനകളിലും ചിന്തകളിലും നാം തഴച്ചുവളരാമെന്നു വച്ചാൽ അതു നമ്മുടെ മന:സാക്ഷിക്ക് താങ്ങാൻ സാധിക്കാത്തതായിത്തീരും. അടിസ്ഥാനമില്ലാത്ത ചിന്തകളും ഭാവനകളും നമ്മെ അടിസ്ഥാനമില്ലാത്ത ജീവിതത്തിന് ഉടമകളാക്കി മാറ്റും.
അപ്പൊസ്തലന്മാരുടെ പ്രസംഗങ്ങളും പ്രബോധനങ്ങളും ഏതോ ചില ധാരണകളുടെയോ ആരുടെയെങ്കിലും താത്വികചിന്തകളുടെയോ അടിസ്ഥാനത്തിലുള്ള തായിരുന്നില്ല. അവർ കണ്ടതും കേട്ടതും തൊട്ടതുമായ ദൈവവചനത്തെക്കുറിച്ചാണ് അവർ പ്രസംഗിച്ചത്. 'ഏതോ ആയിത്തീരും' എന്നതിനെക്കാൾ 'തങ്ങൾ എന്തായിത്തീർന്നു' എന്ന സത്യത്തെയാണ് അവർ വിളിച്ചു പറഞ്ഞത്.മാനുഷികമായ കണക്കുകൂട്ടലിൽ അതുപോലെയൊക്കെ സംഭവിച്ചു എന്നതല്ല, പിന്നെയോ ദൈവത്തിന്റെ പദ്ധതിയിൽ അതുപോലെ സംഭവിച്ചു എന്നതിന്റെ ജീവിക്കുന്ന സാക്ഷികളായിരുന്നു അപ്പൊസ്തലന്മാരും യേശുക്രിസ്തുവിന്റെ ശിഷ്യഗണങ്ങളും. അവർ പറഞ്ഞതിനെ എതിർത്തവർപോലുംഅവരോട് എതിർത്തു നിൽക്കാൻ അശക്തരായിത്തീർന്നത് യഥാർത്ഥ്യമുൾക്കൊണ്ട അവരുടെ ജീവനുള്ള സാക്ഷ്യത്തിലായിരുന്നു.
തങ്ങൾക്കു തന്നെ തങ്ങൾ വിലയില്ലാത്തവരായി തോന്നുമ്പോഴാണ് ആത്മഹത്യ എന്ന ആയുധം പ്രയോഗിക്കുന്നത്. എന്നാൽ മരണത്തിന്റെ താഴ്‌വരയിൽക്കൂടി അപ്പൊസ്തലർ സഞ്ചരിച്ചപ്പോഴും അവരെപ്പറ്റി അവർ തന്നെ വിലയുള്ളവരായി കണക്കാക്കി. ഈ ലോകത്തിനു വേണ്ടിയുള്ള നിലനിൽപിന്റെയും വ്യത്യാസം ഇവിടെയാണു നാം കാണുക. ആകയാൽ യഥാർത്ഥ സന്തോഷ ദാതാവായ യേശുകർത്താവിൽ നിന്നുള്ള നിത്യസന്തോഷം നമുക്ക് പ്രാപിക്കാം.
ചിന്തക്ക് : 'ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതുമായ ജീവന്റെ വചനം സംബന്ധിച്ച് ജീവൻ പ്രത്യക്ഷമായി.. ഞങ്ങൾ കണ്ടു സാക്ഷീകരിക്കുകയും പിതാവിനോടു കൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കുകയും ചെയ്യുന്നു' (1 യോഹന്നാൻ 1 : 1 & 2).



