മുട്ടിയാൽ വാതിൽ തുറക്കാതിരിക്കില്ല

മുട്ടിയാൽ വാതിൽ തുറക്കാതിരിക്കില്ല

റവ. ജോർജ് മാത്യു പുതുപ്പള്ളി

ചില പ്രാർത്ഥനകൾക്ക് നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മറുപടി ലഭിക്കാറുണ്ട്. എന്നാൽ മറ്റു ചിലതിന് കാലതാമസം വരാറുണ്ട്. എന്തുകൊണ്ടാണിത് ? തന്റെ മക്കൾ പ്രാർത്ഥിക്കുന്നതും അവരുടെ വേദനകളെയും ആവശ്യങ്ങളെയും ദൈവത്തോടു പറയുന്നതും സ്വർഗസ്ഥനായ പിതാവിന് ഇഷ്ടമാണ്. എന്നാൽ നാം ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കേണ്ടത്‌ ആവശ്യമാണ്.

പട്ടാളക്കാരനായ മകൻ രക്ഷിക്കപ്പെടേണ്ടതിന് ദിവസംതോറും പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഒരു മാതാവ് ഉണ്ടായിരുന്നു. എന്നാൽ അവൻ യുദ്ധത്തിൽ മരിച്ചുപോയി എന്ന ദു:ഖകരമായ വാർത്തയാണ് ആ മാതാവിന് പിന്നീട് കേൾക്കേണ്ടിവന്നത്. അവൻ രക്ഷിക്കപ്പെട്ടുവോ എന്നു മാതാവിന് അറിയുവാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു മനുഷ്യൻ അവിചാരിതമായി ആ ഭവനത്തിൽ വന്നു. സംഭാഷണത്തിനിടയിൽ അവരുടെ മകനോടൊപ്പം അദ്ദേഹവും പട്ടാളത്തിൽ ഉണ്ടായിരുന്നുവെന്നും അവരുടെ മകൻ രക്ഷയുടെ അനുഭവത്തിൽ വന്നിരുന്നുവെന്നും അദ്ദേഹം ആ മാതാവിനോടു പറഞ്ഞു. അതു കേട്ടപ്പോൾ ആ മാതാവിന് ഏറെ സമാധാനവും ആശ്വാസവും തോന്നി.

ഡോ.ജോർജ് മുള്ളർ

മറുപടി ലഭിച്ചില്ല എന്നു പറഞ്ഞ് നാം നിരാശപ്പെടുന്ന പല പ്രാർത്ഥനകൾക്കും മറുപടി ലഭിച്ചു എന്നു നാം പിന്നീട് അറിയും. 'പ്രാർത്ഥനാമനുഷ്യൻ' എന്ന പേരിൽ പ്രസിദ്ധനായിരുന്ന ജോർജ് മുള്ളർക്ക് അദ്ദേഹം പ്രാർത്ഥിച്ച 50,000 പ്രാർത്ഥനാവിഷയങ്ങൾക്കും ദൈവം വ്യക്തമായ മറുപടി നൽകിയിരുന്നതായി അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിരുന്നു. അതെ, പൂർണവിശ്വാസത്തോടു കൂടിയതും സ്വാർത്ഥത കലരാത്തതുമായ എല്ലാ നല്ല ആവശ്യങ്ങൾക്കും ഒരിക്കലും ദൈവം മറുപടി നൽകാതിരിക്കുകയില്ല, തീർച്ച.

ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല. സകലവും അവനു സാദ്ധ്യം. അതിനാൽ നമുക്കു കർത്താവിനെ വിളിച്ചപേക്ഷിക്കാം. എന്നാൽ യേശുകർത്താവിന്റെ നാമത്തിലാണ് നാം അപേക്ഷിക്കേണ്ടത്. യേശുകർത്താവിന്റെ നാമത്തിൽ നാം എന്തു ചോദിച്ചാലും അത് നമുക്ക് ആവശ്യമാണെന്ന് ദൈവത്തിനു തോന്നിയാൽ നമുക്കു നൽകിയിരിക്കും. അനാവശ്യമായ കാര്യങ്ങൾ ലഭിക്കുകയില്ലെന്നുകൂടി ഓർമിക്കുക. ദൈവം തന്റെ സ്വന്തപുത്രനെ ലോകത്തിനു നൽകിയെങ്കിൽ നമുക്ക് ന്യായമായി ആവശ്യമുള്ള കാര്യങ്ങൾ നൽകാതിരിക്കുമോ ? കൊലപാതകികൾക്കും ദുഷ്ടന്മാർക്കുംകൂടി യേശുവിനെ നൽകിയെങ്കിൽ യേശുവിന്റെ നാമത്തിൽ യാചിക്കുന്ന ഏതു നല്ല ആവശ്യങ്ങളും അവൻ ചെയ്തു തരാതിരിക്കുമോ?.

യേശുകർത്താവിനുവേണ്ടി നമ്മുടെ ശുശ്രൂഷയെ അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചാൽ ദൈവം അതു ചെയ്യാതിരിക്കുകയില്ല. പ്രാർത്ഥിക്കുമ്പോൾ മറുപടി പ്രതീക്ഷിച്ചു നാം പ്രാർത്ഥിക്കണമെന്നു മാത്രം. നമ്മുടെ പ്രാർത്ഥനാവിഷയങ്ങൾ ന്യായമായതുമായിരിക്കണം. ദൈവത്താൽ സകലവും സാദ്ധ്യമാണെന്ന് വിശുദ്ധ ബൈബിൾ വ്യക്തമാക്കുന്നു. ഏതു കാര്യവും നമുക്ക് ദൈവത്തോടു തുറന്നു പറയാം. മടുത്തു പോകാതെ നമുക്കു പ്രാർത്ഥിക്കാം. അവിടുന്ന് സകലവും നമുക്കു നൽകും. കർത്തൃപ്രാർത്ഥനയിൽ യേശുകർത്താവ് നമ്മെ പഠിപ്പിച്ച ഒരു മർമം നാം വിസ്മരിക്കരുത്. 'നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.'

ചിന്തക്ക് : 'ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടൂ ? ദൈവം നമുക്ക് അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കും വേണ്ടി ഏൽപിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നൽകാതിരിക്കുമോ ? ദൈവം തെരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും ? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ ? ക്രിസ്തുയേശു മരിച്ചവൻ. മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റവൻതന്നെ. അവൻ ദൈവത്തിന്റെ വലത്തു ഭാഗത്തിരിക്കുകയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ ?' (റോമർ 8 : 31...35).