കാലമെല്ലാം കഴിയും  ഇന്നു കാണ്മതെല്ലാമഴിയും

കാലമെല്ലാം കഴിയും  ഇന്നു കാണ്മതെല്ലാമഴിയും

റവ.ജോർജ് മാത്യു പുതുപ്പള്ളി

രിക്കുവാനുള്ള ആഗ്രഹവും മരണത്തെ സ്വാഗതം ചെയ്യലും രണ്ടും രണ്ടനുഭവമാണ്. ജീവിതത്തെ ഭയക്കുന്നവർ മരിക്കുവാൻ ആഗ്രഹിക്കുന്നു. ജീവിതത്തെ ഭയക്കുന്നവർ മരണത്തെയും ഭയക്കുന്നവരാണ്. മരണത്തോടുള്ള അവരുടെ ഭയമാണ് മരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. എന്നാൽ മരണത്തെ സ്വാഗതം ചെയ്യുന്നവർ മരണത്തെ ഒരിക്കലും പുൽകുന്നവരല്ല, പ്രത്യുതാ മരണത്തെ വെല്ലുവിളിക്കുന്നവരാണ്. അവർക്കു മരണത്തോട് അവരുടെ പരാതികളൊന്നും പറയുവാൻ ഉണ്ടായിരിക്കുകയില്ല. സന്തോഷത്തോടും ധൈര്യത്തോടും അവർ മരണത്തെ സ്വാഗതം ചെയ്യുന്നു.

ഖലീൽ ജിബ്രാന്റെ ഒരു കഥ ഇങ്ങനെ : 'ഒരിക്കൽ മരണം വലിയ ഒരു സമ്പന്നന്റെ അരികിലെത്തി ഇപ്രകാരം പറഞ്ഞു : 'നിന്നെ ഞാൻ കൊണ്ടുപോകാൻ വന്നതാണ്. നീ എഴുന്നേറ്റ് എന്റെ കൂടെ വരിക.' ഇതുകേട്ട സമ്പന്നൻ പരിഭ്രാന്തനായി അറിയിച്ചു : 'ഞാൻ എന്റെ ജോലിയൊന്നും പൂർത്തിയാക്കിയിട്ടില്ല. നിനക്ക് ഒരാളെ വേണമെങ്കിൽ ഒരു ദരിദ്രനെ സമീപിക്കുക.' ധനവാൻ പറഞ്ഞതനുസരിച്ച് മരണം ഒരു ദരിദ്രയുവാവിനെ സമീപിച്ചു പറഞ്ഞു : 'ഞാൻ മരണമാണ്, നീ എന്റെ കൂടെ വരിക.' ഇതുകേട്ട ദരിദ്രയുവാവ് ഇപ്രകാരം അറിയിച്ചു : 'അല്ലയോ, സുന്ദരമായ മരണമേ, ഞാൻ തയാർ. എന്റെ ശരീരത്തിൽ നിന്ന് ഞാൻ പറന്നു നിന്നോടൊപ്പം വരാം. നീ എന്റെ കണ്ണുകളെ അടയ്ക്കുക. ഞാൻ സന്തോഷത്തോടെ വരുന്നു.'

ഈ ലോകത്തിന്റെ കെട്ടുപാടുകളിൽ കുരുങ്ങിക്കിടക്കുന്ന ആത്മാവിന് ആ കെട്ടുപാടുകളെ അറുത്ത് ഉയരത്തിലേക്കു പറന്നു പോകാൻ വളരെ പ്രയാസമുണ്ടാകും. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം തുടങ്ങിയ ലോകമോഹങ്ങളുടെ ആശാപാശങ്ങളിൽ കുടുങ്ങിപ്പോകാത്ത ജീവിതത്തിനു മാത്രമേ മരണത്തെ ധൈര്യത്തോടെ സ്വാഗതം ചെയ്യുവാൻ സാധിക്കുകയുള്ളൂ. ജീവിതംകൊണ്ട് സാധിക്കേണ്ടത് സാധിച്ചുവെന്ന സംതൃപ്തിയുള്ളവർക്ക് മരണം വെറുമൊരു ഉറക്കം പോലെയാണ്. ഉണരുമ്പോൾ കാണുന്ന മനോഹരതീരത്തെക്കുറിച്ചുള്ള പ്രത്യാശയോടെ അവർ മരണത്തെ അഭിമുഖീകരിക്കുന്നു.

മരണത്തെ ഭയമില്ലാത്തവർ മരണത്തോട് ആവലാതികൾ ഒന്നും പറയുകയില്ല. അവർ മരണത്തെ വെല്ലുവിളിക്കുന്നവരായിത്തീരും. മരണത്തെ ജയിച്ച് ജീവനിൽ കടക്കുന്നവരാകയാൽ അവർ മരണത്തെ ലാഘവത്തോടു കൂടെയായിരിക്കും അഭിമുഖീകരിക്കുന്നത്. മരണം അവരിൽ യാതൊരു പിരിമുറുക്കവും ഉണ്ടാക്കുകയില്ല. ദ്രവത്വമുള്ള ശരീരത്തിൽ നിന്ന് അദ്രവത്വമുള്ള അവസ്ഥയിലേക്ക് മാറ്റപ്പെടുന്ന മാദ്ധ്യമമാണ് മരണമെന്ന് നാം തിരിച്ചറിയുക.

ചിന്തക്ക് : 'മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ. ആദ്യഫലം ക്രിസ്തു. പിന്നെ ക്രിസ്തുവിനുള്ളവർ അവന്റെ വരവിങ്കൽ. പിന്നെ അവസാനം. അന്ന് അവൻ എല്ലാ വാഴ്‌ചയ്ക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകല ശത്രുക്കളെയും കാൽക്കീഴാക്കുമ്പോളും വാഴേണ്ടതാകുന്നു.ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും' (1 കൊരിന്ത്യർ 15 : 21...26).