ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ad
ad
ad

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാര്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കാണ് പദ്ധതിയിലൂടെ ധനസഹായം നൽകുന്നത്.

വീടുകളുടെ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ലോറിങ്, ഫിനിഷിങ്, പ്ലംബിങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പരമാവധി 50,000 രൂപ വരെ ധനസഹായമായി ലഭിക്കും. അപേക്ഷകയുടെയോ പങ്കാളിയുടെയോ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. അപേക്ഷകയോ മക്കളോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകർ, BPL കുടുംബങ്ങൾ എന്നിവർക്ക് മുൻഗണന ലഭിക്കും.

അതേസമയം, സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ മുൻപ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ അപേക്ഷിക്കേണ്ടതില്ല.

വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2022-23 ലെ ഭൂനികുതി ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, വീട് റിപ്പയർ ചെയ്യേണ്ടതുണ്ടെന്നും വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവാണെന്നും വില്ലേജ് ഓഫീസർ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനീയർ/ ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടാതെ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണത്തിനോ നിർമ്മാണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും വാങ്ങി ഹാജരാക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ആഗസ്റ്റ് 30-ന് മുൻപായി അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, 'ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ്' എന്ന വിലാസത്തിൽ തപാൽ മുഖാന്തരമോ എത്തിക്കേണ്ടതാണ്.

http://minoritywelfare.kerala.gov.in/pdfnewsflash/1659957910ng_repair-2022-23.pdf