വടക്കേന്ത്യയിൽ ക്രൈസ്തവ സമൂഹത്തിനു നീതി നിഷേധിക്കപ്പെടുന്നു: ഡോ. ഗീവർഗീസ് മാർ കൂറിലോസ്

വടക്കേന്ത്യയിൽ ക്രൈസ്തവ സമൂഹത്തിനു നീതി നിഷേധിക്കപ്പെടുന്നു: ഡോ. ഗീവർഗീസ് മാർ കൂറിലോസ്
ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ പെരിങ്ങരയിൽ നടന്ന റാലിയും പൊതുസമ്മേളനവും ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യുന്നു. തോമസ് ചാണ്ടി, സണ്ണി തോമസ്, ജോജി ഐപ്പ് മാത്യൂസ്, ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കൽ, ഡീക്കൻ ജോഹാൻ പനയ്ക്കൽ, റവ. ബിബി മാത്യു ചാക്കോ, റവ. ഏബ്രഹാം ചെറിയാൻ, ഡോ. ഏബ്രഹാം മാർ യൂലിയോസ്, ഫാ.ഡോ. കുര്യൻ ദാനിയേൽ, ക്രിസ്റ്റഫർ ഫിലിപ്പ്, ഫാ. സന്തോഷ് അഴകത്ത്, ഈപ്പൻ കുര്യൻ, റവ. സഖറിയ ജോൺ എന്

പെരിങ്ങര: വടക്കേന്ത്യയിൽ ക്രൈസ്തവ സമൂഹത്തിനു നീതി നിഷേധിക്കപ്പെടുകയാണെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ പെരിങ്ങരയിൽ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഛത്തീസ്ഗഡിലെ സിസ്റ്റർമാർക്ക് ജാമ്യം ലഭിച്ചുവെങ്കിലും നീതി ലഭ്യമായിട്ടില്ല. അടിസ്ഥാനരഹിതമായി ഇവർക്കെതിരെയെടുത്ത കേസ് പൂർണ്ണമായും പിൻവലിക്കണം. ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം എല്ലാവർക്കും ലഭ്യമാകണം. ആൾക്കൂട്ട വിചാരണ നടത്തി ഇവരുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുത്തിയ തീവ്രവാദ-ക്രിമിനൽ സംഘങ്ങൾക്ക് എതിരെ കേസ് എടുക്കാൻ പോലും പൊലീസിന് കഴിയുന്നില്ല. സുവാർത്തയിലൂടെ സ്നേഹത്തിൻ്റെ സന്ദേശം പകരുന്ന ആതുര സേവകരെയും സുവിശേഷ പ്രവർത്തകരെയും വളഞ്ഞിട്ട് തല്ലുകയും കള്ളകേസുകളിൽ കുടുക്കുകയും ചെയ്യുമ്പോൾ പൊലീസ് നോക്കി നിൽക്കുകയാണെന്ന് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.

ഡോ. ഏബ്രഹാം മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. മറ്റുള്ളവരെ കരുതുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്ന പ്രേക്ഷിത പ്രവർത്തകരെ ചേർത്ത് നിർത്താൻ അധികാരികൾക്ക് കഴിയണമെന്ന് മാർ യൂലിയോസ് പറഞ്ഞു.

ഐക്യ ക്രൈസ്തവ സഭാ കൂട്ടായ്മ പ്രസിഡൻ്റ് ഫാ. സന്തോഷ് അഴകത്ത്, രക്ഷാധികാരി ഫാ.ഡോ കുര്യൻ ദാനിയേൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജേക്കബ് തോമസ് തെക്കേപ്പുരയ്ക്കൽ, കൺവീനർ ക്രിസ്റ്റഫർ ഫിലിപ്പ്, വൈസ് പ്രസിഡൻ്റ് റവ. ഏബ്രഹാം ചെറിയാൻ, സിസ്റ്റർ ആൻ മരിയ, മിനി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

തിരുവല്ല റോഡിലെ മൂവിടത്തുപടി ജംക്ഷനിൽ നിന്നും വായ്മൂടികെട്ടി സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഇരമ്പിയ മൗനജാഥയിൽ പഞ്ചായത്ത് പരിധിയിലുള്ള വിവിധ സഭകളിലെ അച്ചൻമാരും പാസ്റ്റർമാരും വിശ്വാസികളും പങ്കെടുത്തു. റവ. സഖറിയ ജോൺ, റവ. ബിബി മാത്യു ചാക്കോ, പാസ്റ്റർ കെ.എസ്.ചാക്കോ, സാജൻ വർഗീസ്, തോമസ് ചാണ്ടി, എം.ജി.ഏബ്രഹാം, ഡീക്കൻ ജോഹാൻ പനയ്ക്കൽ, ഈപ്പൻ കുര്യൻ, വി.പി.ജോൺ വേങ്ങൽ, സണ്ണി തോമസ്, സോമി റെജി, സിജി ജിജു, ആനി മിനി തോമസ് എന്നിവർ റാലിക്കും ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.