പതിനാറാം വർഷത്തിലും കരുതലുമായി ലൈറ്റ് ഹൗസ് ദൈവസഭ

പതിനാറാം വർഷത്തിലും കരുതലുമായി ലൈറ്റ് ഹൗസ് ദൈവസഭ

കുമളി: അമരാവതി ലൈറ്റ് ഹൗസ് ദൈവസഭ കുമളിയിലെ കുഞ്ഞുങ്ങൾക്കായി സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എൻ സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു.  അമ്മയ്ക്കൊരുമ്മ ഡയറക്ടർ സാബു കുറ്റിപ്പാല നാം നേരിടുന്ന സാമൂഹ്യ വിപത്തിനെതിരെ എങ്ങനെ പ്രതികരിക്കണമെന്ന വിഷയം ആസ്പദമാക്കി ക്ലാസുകൾ എടുത്തു. സാമൂഹ്യ തിന്മയെ നേരിടുവാൻ മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്കും തുല്യമായ ഉത്തരവാദിത്വം ഉണ്ടെന്ന് കുറ്റിപ്പാല ഓർമ്മിപ്പിച്ചു.

ഇന്ന് നന്മകൾ ഏറ്റുവാങ്ങുന്ന കുഞ്ഞുങ്ങൾ നാളെയുടെ സമൂഹത്തെ കരുതുവാൻ മനസ്സുള്ളവരായി തീരണമെന്ന് രക്ഷകർത്ത-വിദ്യാർത്ഥി സമൂഹത്തോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിദ്ദിഖ് ആഹ്വാനം ചെയ്തു. സ്കൂൾ ബാഗ്, ബുക്കുകൾ, കുട, ഇൻസ്ട്രുമെന്റൽ ബോക്സ്, ലഞ്ച് ബോക്സ്, വാട്ടർബോട്ടിൽ, പേനകൾ, പെൻസിലുകൾ എന്നിവ സ്കൂൾ കിറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

കുമളി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ലഭിച്ച 50 കുഞ്ഞുങ്ങൾക്കാണ് സ്കൂൾ കിറ്റുകൾ വിതരണം ചെയ്തത്. സഭാ ശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് ഇടക്കര അധ്യക്ഷത വഹിച്ചു. 2018 പ്രളയകാലത്തും കോവിഡ് എന്ന മഹാമാരിയുടെ സമയത്തും അമരാവതി ലൈറ്റ് ഹൗസ് ദൈവസഭ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പെടെയുള്ള സാമൂഹ്യ പ്രവർത്തനങ്ങളും കരുതലിൻ കരവുമായി എത്തിയിരുന്നു.