പെന്തെക്കോസ്തു വിരുദ്ധ പരാമർശം; വെള്ളാപ്പള്ളി മാപ്പ് പറയണം: പിവൈപിഎ കേരളാ സ്റ്റേറ്റ്

തിരുവല്ല : പെന്തെക്കോസ്തുകാർ പണം മുടക്കി വ്യാപകമായി മതമാറ്റം നടത്തുന്നുവെന്ന എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അപക്വവും ഒരു പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ വിവേകശൂന്യമായ പ്രസ്താവന ആണെന്ന് പെന്തകോസ്തു യുവജന സംഘടന പിവൈപിഎ കേരള സ്റ്റേറ്റ്.
വെള്ളാപള്ളി നടേശന്റെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പെന്തകോസ്ത് സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവന തീർത്തും പ്രതിഷേധാർഹമായത് ആണെന്ന് ഇന്ന് കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായപ്പെട്ടു.
നൂറു വർഷത്തിൽ അധികമായ ചരിത്ര പാരമ്പര്യമുള്ള കേരളത്തിലെ പെന്തകോസ്ത് സമൂഹത്തെ ആകമാനം അവഹേളിക്കുന്ന തരത്തിലുള്ള.വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അത്യന്തം പ്രതിഷേധാർഹവും അപലപനീയവും ആണെന്നും കേരളത്തിൽ നിലനിന്നു പോരുന്ന മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള വാക്കുളാണ് പ്രസ്താവനക്ക് പിന്നിലുള്ളതെന്നും കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പെന്തെക്കോസ്തുകാർ പണം നൽകി മതപരിവർത്തനം നടത്താറില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തെളിയെക്കേണ്ട ബാധ്യത വെള്ളാപ്പള്ളിയിൽ നിക്ഷിപ്തം ആയിരിക്കുന്നുവെന്നും പ്രലോഭിച്ചോ പണം നൽകിയോ മതം മാറ്റിയതിനുള്ള തെളിവുകൾ വെള്ളാപ്പള്ളിയുടെ പക്കൽ ഉണ്ടെങ്കിൽ അത് പരസ്യമാക്കുവാനും തെളിവുകൾ പുറത്തു വിടാനും തയ്യാറാകണമെന്ന് പിവൈപിഎ സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപെട്ടു.
മതേതര രാജ്യമായ ഭാരതത്തിന്റെ ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ മാത്രമെ പെന്തക്കോസ്തു സമൂഹം നടത്തുന്നുള്ളൂ. വെള്ളാപ്പള്ളി ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്ന വ്യാജ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അതിനെതിരെ നിയമ നടപടിയിലേക്ക് കടക്കുവാനുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും പിവൈപിഎ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് തീരുമാനിച്ചു.