ആഗോള മലയാളി പെന്തെക്കോസ്ത് സമൂഹത്തെ സാക്ഷിനിർത്തി നാൽപതാമത് പിസിനാക് കോൺഫറൻസിന് ഉജ്ജ്വല തുടക്കം

ആഗോള മലയാളി പെന്തെക്കോസ്ത് സമൂഹത്തെ സാക്ഷിനിർത്തി നാൽപതാമത് പിസിനാക് കോൺഫറൻസിന് ഉജ്ജ്വല തുടക്കം

നാൽപതാമത് പിസിനാക് കോൺഫറൻസിന് ചിക്കാഗോയിൽ ഉജ്ജ്വല തുടക്കം; ആദ്യദിനം വൻ ജനപങ്കാളിത്തം

കുര്യൻ ഫിലിപ്പ് (നാഷണൽ മീഡിയ കോർഡിനേറ്റർ)

ചിക്കാഗോ: പ്രവാസി മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ വലിയ കൂട്ടായ്മയായ നാൽപതാമത് പിസിനാക്  കോൺഫറൻസിന് ചിക്കാഗോയിൽ ഉജ്ജ്വല തുടക്കമായി. നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നമ്മുടെ വിശ്വാസവും നാം പിന്തുടരുന്ന ഉപദേശവും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുവാൻ നാമേവരും ഏറെ ശ്രദ്ധയുള്ളവരാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

ഡോ. ടൈറ്റസ് ഈപ്പന്റെ അധ്യക്ഷതയിൽ നടന്ന പ്രഥമ സമ്മേളനത്തിൽ നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സ്വാഗതം ആശംസിച്ചു. പാസ്റ്റർ ജെയിംസ് വർഗീസ് സങ്കീർത്തന ധ്യാനം നടത്തി. പാസ്റ്റർമാരായ ജോൺ തോമസ്, ടി. എസ്. കപ്പമാമൂട്ടിൽ, യോഹന്നാൻ ജോർജ്, പാസ്റ്റർ സ്റ്റാൻലി ജോസഫ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ലോഡ്സൺ ആന്റണിയുടെ നേതൃത്വത്തിൽ പ്രെയ്സ് ആൻഡ് വർഷിപ്പും ഡോക്ടർ ടിങ്കു തോംസണിന്റെ പ്രസംഗവും നടന്നു.

ലോകത്തിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ ചർച്ച് സീനിയർ പാസ്റ്റർ ഡോ. സതീഷ് കുമാറിനെ പാസ്റ്റർ ഷാജി കെ. ഡാനിയൽ സദസ്സിന് പരിചയപ്പെടുത്തി. നാം ഈ രാജ്യത്ത് എത്തിച്ചേർന്നിരിക്കുന്നത് കേവലം ധനസമ്പാദനത്തിനു വേണ്ടി മാത്രമല്ല, ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന വലിയ ദൗത്യം വിശ്വസ്തതയോടെ പൂർത്തിയാക്കാൻ കൂടിയാണെന്ന് മുഖ്യസന്ദേശത്തിൽ ഡോ. സതീഷ് കുമാർ പ്രസ്താവിച്ചു. പാസ്റ്റർ ലേവി ചെറിയാൻ പരിഭാഷ നിർവ്വഹിച്ചു. 'തലമുറയിൽ നിന്ന് തലമുറയിലേക്ക്' എന്ന ഈ വർഷത്തെ ചിന്താവിഷയത്തെ ആസ്പദമാക്കി ഷേർലി ചിക്കാഗോ രചിച്ച തീം സോങ് സമ്മേളനത്തിൽ അവതരിപ്പിച്ചു.

ആദ്യരാത്രിയിൽ തന്നെ വലിയ ജനക്കൂട്ടമാണ് സമ്മേളന നഗരിയിലേക്ക് ഒഴുകിയെത്തിയത്. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിദേശരാജ്യങ്ങളിൽ നിന്നുമായി മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലായി അനേകർ കൺവെൻഷനിൽ പങ്കെടുത്തു വരുന്നു. യുവജനങ്ങൾക്കായി ക്രമീകരിച്ച ഇംഗ്ലീഷ് സെഷനിൽ പ്രശസ്ത പ്രഭാഷകൻ ഡോക്ടർ ജോൺ ബിവിയർ മുഖ്യപ്രസംഗികനായിരുന്നു. യുവജനങ്ങളുടെ വൻ പങ്കാളിത്തമാണ് ഇംഗ്ലീഷ് സെഷനുകളിൽ ദൃശ്യമാകുന്നത്. ദിവസവും രാവിലെ 8:30-ന് ആരംഭിക്കുന്ന സമ്മേളന പരിപാടികൾ രാത്രി 11:30-ന് നടക്കുന്ന കാത്തിരിപ്പ് യോഗത്തോടെയാണ് അവസാനിക്കുന്നത്. കോൺഫറൻസ് ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

കുര്യൻ ഫിലിപ്പ് (നാഷണൽ മീഡിയ കോർഡിനേറ്റർ)

Advertisement