മാർട്ടിൻ ലൂഥർ: യൂറോപ്പിൽ പടർന്ന നവീകരണ ജ്വാല
മാർട്ടിൻ ലൂഥർ: യൂറോപ്പിൽ പടർന്ന നവീകരണ ജ്വാല
പാസ്റ്റർ വർഗീസ് മാത്യു
2024 ഒക്ടോബർ 31: ചരിത്രം കണ്ട ഏറ്റവും വലിയ ആത്മീക നവീകരണത്തിന് ഇന്ന് 507 വർഷം തികയുന്നു. "നാണയ തുട്ടുകൾ നേർച്ചപ്പെട്ടിയിൽ വീണു കിലുക്കം ഉണ്ടാകുന്ന മാത്രയിൽ, ആത്മാവ് ശുദ്ധീകരണ സ്ഥലം വിട്ട് പറുദീസയിൽ എത്തും". കത്തോലിക്കാ സഭയുടെ നൂറ്റാണ്ടുകൾ നില നിന്ന വചന വിരുദ്ധ ഉപദേശങ്ങൾക്കും സാമൂഹ്യ ചൂഷണത്തിനും എതിരെ ജർമ്മൻ പ്രൊഫസ്സറും കത്തോലിക്കാ സന്യാസിയും ആയിരുന്ന മാർട്ടിൽ ലൂഥർ നവീകരണത്തിന്റെ ചുറ്റിക ചുഴറ്റിയ ദിവസം 1517 ഒക്ടോബർ 31.
യൂറോപ്പ് മുഴുവൻ മാർപാപ്പാമാർ അടക്കി ഭരിച്ചുകൊണ്ടിരുന്ന കാലം. ഭരണാധികാരികൾ പോപ്പിന്റ മുൻപിൽ കുമ്പിട്ട് നിന്ന നൂറ്റാണ്ടുകൾ. വേദ പുസ്തകത്തെ ചങ്ങലക്കിട്ട് ഇരുട്ട് മുറിയിൽ തള്ളി. കത്തോലിക്കാ പോപ്പുമാർക്ക് തോന്നിയതെല്ലാം ഉപദേശമായി ജനങ്ങളുടേമേൽ അടിച്ചേൽപ്പിച്ചു. ദുരുപദേശത്തിന്റെ ക്രൂശു ചുമന്ന് ജനം തളർന്നു.
ആൽബിജൻസ്, ജോൺ വിക്ലിഫ്, ജോൺ ഹസ്സ്, ജെറോം സവോനറോള തുടങ്ങി AD 1170 മുതൽ 1500 വരെ ദൈവം എഴുന്നേൽപ്പിച്ച നവീകരണ സംഘങ്ങളെയും, വ്യക്തികളെയും ഉപദ്രവിച്ചും, കുണ്ടറയിലടച്ചും, നാട് കടത്തിയും, കൊന്നൊടുക്കിയും ദുരുപദേശത്തിന്റെ ചങ്ങല കൊണ്ടു ജനത്തെ വരിഞ്ഞു മുറുക്കി, അനീതിയിലും മ്ലേച്ഛതയിലും ക്ലർജിമാരും, പോപ്പും കുളിച്ചു നിന്നു.
പോപ്പിന്റ പാദം മുത്തുക, കൊന്തമാല, ജബമാല,മരിച്ചവരോട് പ്രാർത്ഥിക്കുക, വിഗ്രഹ വണക്കം, കുർബാനയും വസ്തുമറ്റവും, ഇങ്ങനെ നൂറുകണക്കിന് ദുഃരൂപദേശത്തിന്റെ വേലിയേറ്റത്തിൽ സഭ മുങ്ങി പോയി. AD 1251ൽ ഇന്നസെന്റെ മൂന്നാമൻ മാർപാപ്പയുടെ അധ്യക്ഷതയിൽ റോമിൽ കൂടിയ നാലാമത്തെ ലേറ്ററൽ കൌൺസിലിൽ കുമ്പസാര കൂദാശയും പ്രഖ്യാപിച്ചു. പുരോഹിതന്മാരോട് കുമ്പസാരിക്കാതെ സ്വർഗ്ഗത്തിൽ പോകില്ല.
കുമ്പസാര കൂദാശ വിജയിച്ചു അധികം താമസിയാതെ പാപമോചന ചീട്ട് എന്ന പുതിയ സംവിധാനം സഭ രംഗത്ത് കൊണ്ടുവന്നു.ഇക്കാലത്തു ലിയോ പത്താമൻ മാർപാപ്പയും, ജർമനിയിലെ കർദ്ദിനാളായ ആൽബർട്ടനും, ജോഹാൻ ടെറ്റ്സൽ എന്ന വൈദികനും ചേർന്നാണ് പാപമോചന ചീട്ട് വില്പന നടത്തി പണം സമ്പാദിച്ചത്.
റോമിലെ സെന്റ് പീറ്റേഴ്സ് ബെസിലിക്ക ആർഭാടാ പൂർവ്വം പണിയാനുള്ള കുറുക്കുവഴിയായിട്ടാണ് പാപമോചന ചീട്ട് കണ്ടുപിടിച്ചത്. പണം നൽകി ചീട്ട് വാങ്ങുന്നവർക്ക് പാപത്തിൽ നിന്നും നരകത്തിൽ നിന്നും പോപ്പ് മോചനം പ്രഖ്യാപിച്ചു. ബൈബിൾ വായിക്കാൻ പോലും അനുവാദമില്ലാതിരുന്ന യൂറോപ്പിലെ സാധാരണക്കാരായ ജനങ്ങളെ കബളിപ്പിക്കുന്നതിനു മിടുക്കരായ പ്രസംഗകരെയും ടിക്കറ്റ് വില്പന ഏജന്റ് മാരെയും രംഗത്ത് ഇറക്കി. പാപത്തിന്റെ ഗൗരവത്തിനനുസരിച്ചു പിഴ നിശ്ചയിച്ചു. ഉദാ : കന്യകയെ പീഡിപ്പിച്ചാൽ 7 രൂപാ പിഴ, കൊലപാതകം ചെയ്താൽ 50 രൂപ പിഴ, പുരോഹിതൻ കന്യസ്ത്രീയുമായി അനാവശ്യ ബന്ധം ഉണ്ടായാൽ 70 രൂപാ പിഴക്കു വേണ്ടി ചീട്ട് നേരത്തെ അച്ചടിച്ചു വച്ചു. സിനിമ ടിക്കറ്റ് വാങ്ങുന്നതുപോലെ ടിക്കറ്റ് വാങ്ങിയാൽ പാപ പരിഹാരമാകും.
ജർമ്മനിയിൽ പാപമോചന ചീട്ടിന്റെ മൊത്ത വില്പന ചുമതല ബ്രാൻഡൻബർഗിലെ കർദ്ദിന്നാൾ ആയിരുന്ന ആൽബെർട്ടിനാണ് നൽകിയത്. 24 വയസ്സിൽ കർദ്ദിനാളായ ആൽബർട്ടിനു ആ പദവി ലഭിക്കേണ്ടതിനു പോപ്പിന് വലിയ ഒരു തുക കൈകൂലി നൽകേണ്ടി വന്നിരുന്നു.പാപ മോചന ചീട്ട് വിറ്റു കിട്ടുന്ന പണത്തിന്റെ അൻപതുശതമാനം കർദിനാളിനു എടുക്കാം എന്നാണ് പോപ്പുമായി ഉണ്ടാക്കിയ കരാർ.
ഏത് വിധേനയും പരമാവധി പണം ഉണ്ടാക്കുവാനുള്ള പരിശ്രമമാണ് പിന്നീട് കർദ്ദിനാൾ നടത്തിയത്.ആ കാലത്തെ അറിയപ്പെടുന്ന പ്രസംഗികനായിരുന്ന ഡോമിനിക്കാൻ സന്യാസിയായ ജോഹാൻ ടെറ്റ്സനെ ആണ് ചീട്ട് വില്പനയുടെ ചുമതല ഏല്പിച്ചത്.അദ്ദേഹം പട്ടണംതോറും നടന്ന് പാപ മോചന ചീട്ടിന്റെ ഫല സിദ്ധിയെ ക്കുറിച്ച് വാചാലമായി പ്രസംഗിച്ചു. "മരിച്ചു പോയ നിങ്ങളുടെ വീട്ടുകാരുടെയും സ്നേഹിതരുടെയും കരച്ചിൽ കേൾക്കുന്നില്ലേ, ഞങ്ങൾ ഇപ്പോൾ യാതന സ്ഥലത്താണ് അയ്യോ ഞങ്ങളോട് കരുണ കാണിക്കൂ...അവർ നിങ്ങളോടു കേഴുകയാണ്...നിങ്ങളുടെ പണ തുട്ടുകൾ പെട്ടിയിൽ വീണു കിലുങ്ങുന്ന മാത്രയിൽ മരിച്ചുപോയ നിങ്ങളുടെ ഉറ്റവരുടെ ആത്മാക്കൾ സ്വർഗ്ഗത്തിൽ എത്തികഴിയും , വേഗമാകട്ടെ പണം പെട്ടിയിൽ ഇടൂ... അതുമാത്രമല്ല, ചെയ്തു കൂട്ടിയ നിങ്ങളുടെ പാപങ്ങൾക്കും, ചെയ്യാൻ പോകുന്നു പാപങ്ങൾക്കും പരിഹാരം ഉണ്ടാകും... വാങ്ങൂ പാപ മോചന ചീട്ടുകൾ,എന്ന് അയാൾ വിളിച്ചു പറഞ്ഞു. ജനങ്ങളുടെ അറിവില്ലായ്മയെ മുതലെടുത്തു ജർമ്മനി മുഴുവൻ ഓടി നടന്നു വില്പന നടത്തി.
ഒടുവിൽ വിറ്റെൻബെർഗ്ഗ് പട്ടണത്തിൽ അദ്ദേഹം എത്തി. മാർട്ടിൻ ലൂഥർ അത് കേട്ടു. ജോഹാൻ ടെറ്റ്സലിൽ പാപ മോചനം പണത്തിനു വിൽക്കുന്നത് കണ്ട് ലൂഥറിനു ആത്മീക രോഷം ഉണ്ടായി.വചനം എന്ന ചുറ്റിക കയ്യിൽ എടുത്ത് കൊണ്ടു രംഗത്ത് എത്തി.പാപ മോചനവും നീതീകരണവും പണം കൊടുത്തും കർമ്മങ്ങൾ ചെയ്‌തും നേടേണ്ടതല്ല, മറിച്ചു യേശുവിന്റെ കാൽവറി മരണത്തിൽ വിശ്വസിക്കുന്നവന് ദാനമായി ലഭിക്കുന്നതാണ് എന്ന് വാദിച്ചു .ടെറ്റ്സൽ പെട്ടെന്ന് പിൻവാങ്ങി 1519 ൽ താൻ മരണമടയുകയും ചെയ്തു. സഭ പാവപ്പെട്ട മനുഷ്യരെ വഞ്ചിക്കുന്നത് അദ്ദേഹത്തിന് സഹിച്ചില്ല, കത്തോലിക്കാ സഭയുടെയും പാപ്പാ മാരുടെയും അനീതിയും കൊള്ളയും തുറന്നു കാട്ടാൻ അദ്ദേഹം തീരുമാനിച്ചു. ജർമ്മനിയിൽ വിറ്റെൻബർഗ്ഗിലുള്ള പള്ളിയുടെ കതകിൽ കത്തോലിക്കാ സഭയുടെ വേദ വിപരീതമായ 95 കൂട്ടം കാര്യങ്ങൾ ഒരു പലകയിൽ എഴുതി ചുറ്റിക കൊണ്ടു ആണി അടിച്ചു തറച്ചു കൊണ്ട് നവീകരണ വിപ്ലവം ആരംഭിച്ചു.
മാർട്ടിൻ ലൂഥർ അടിച്ച ചുറ്റികയുടെ ശബ്ദം ഇംഗ്ലണ്ടിലും യൂറോപ്പിൽ ആകമാനം വലിയ നവീകരണ തരംഗമായി അലയടിച്ചു. യൂറോപ്പിന്റെ പല ഭാഗങ്ങളിലും ആത്മീക നവീകരണത്തെക്കാളുപരി സാമൂഹിക, രാഷ്ട്രീയ നവീകരണത്തിന്റെ ആയുധമായി ഇത് മാറി. പള്ളിയുടെ സ്വത്ത് റോമിലേക്ക് ഒഴുകുന്നത് കണ്ട് മടുത്ത പള്ളി അധികാരികളും ജനങ്ങളും ലൂഥറിന്റെ പട നീക്കത്തിൽ ഒപ്പം കൂടി അവരുടെ സ്വത്ത് സംരക്ഷിക്കാൻ.
കൃഷിക്കാർ ലുഥർ ആശയത്തിന്റെ പ്രചാരകരായി. ഭൂ ഉടമകൾ അവരുടേമേൽ ചുയത്തിയിരുന്ന ഭീമമായ കടഭാരമെന്ന അടിമ നുകം ഒടിച്ചു കളയുവാനുള്ള നല്ല അവസരമായി അവർ ഇതിനെ കണ്ടു. കൃഷിക്കാർ സംഘടിച്ച് ലുഥറിന്റെ ആശയത്തിന് പിന്നാലെ അണി നിരന്നു.1525 ൽ ഭൂ ഉടമകൾക്കു എതിരെ വിപ്ലവം ഉണ്ടാക്കി. ഇതു ചരിത്ര പ്രസിദ്ധമായ കർഷക വിപ്ലവം (Farmers war )എന്ന് അറിയപ്പെട്ടു. റോമൻ കത്തോലിക്കാ ആധിപത്യത്തിനും ആത്മീക അന്ധതക്കും എതിരെയുണ്ടായ ജനാരോഷത്തിന്റെ ഫലമായി പ്രോട്ടസ്റ്റന്റ് സംഘങ്ങളും ആത്മീയ കൂട്ടായ്മകളും രൂപപ്പെട്ടു. ലോകത്തിൽ ഒരു പ്രൊട്ടസ്റ്റെന്റ് സഭാ യുഗം പിറക്കുകയായി. ഈ നവീകരണം തുടർന്ന് സഭയെ AD 1750 മുതൽ ഇന്ന് വരെ നിലനിൽക്കുന്ന പരിശുദ്ധാത്മ പകർച്ചയിലേക്കും ലോക സുവിശേഷീകരണത്തിലേക്കും നയിച്ചു.
നവീകരണം മൂലം ഉണ്ടായ നേട്ടങ്ങൾ :
1:AD 312 ൽ കുസ്തന്തീനോസിന്റെ കാലം മുതൽ സഭക്ക് കൈമോശം വന്ന "വിശ്വസിക്കുന്നവന് യേശുവിന്റെ രക്തത്താൽ മാത്രം നീതീകരണം, എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും" എന്നീ അപ്പോസ്തോലിക ഉപദേശങ്ങളിലേക്ക് സഭ തിരികെ വന്നു.
2: മതത്തിന്റെ വിഗ്രഹ ആരാധനയിൽ നിന്നും, ചടങ്ങ് ആരാധനകളിൽ നിന്നും, പൗരോഹിത്യ ബന്ധനത്തിൽ നിന്നും സഭ മോചിതയായി.
3 പുതിയ ബൈബിൾ വിവർത്തനങ്ങൾ ഉണ്ടായി. സാധാരണക്കാരന്റെ ലളിതമായ ഭാഷകളിൽ അവന്റെ കയ്യിലേക്ക് തിരു വചനം എത്തുവാൻ ഇടയായി.
4: സാധാരണക്കാരന്റെ ഭാഷയിൽ അവന് മനസ്സിലാകത്തക്ക ലളിതമായ ആരാധനാ രീതികൾ നിലവിൽ വന്നു.
5: കത്തോലിക്കാ സഭയോട് വിട പറഞ്ഞു ജന ലക്ഷങ്ങൾ പുറത്തേക്ക് വന്നു.പ്രോട്ടസ്റ്റന്റ് സഭകൾക്ക് തുടക്കമായി.
മാർട്ടിൻ ലൂഥർ
1483ൽ ജർമ്മനിയിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ചു. കൽക്കരി തൊഴിലാളിയായ പിതാവ് നിയമം പഠിക്കുവാൻ വിട്ടെങ്കിലും 1507 ൽ വിറ്റെൻബർഗ്ഗ് യൂണിവേസിറ്റിയിൽ വേദ ശാസ്ത്ര പഠനത്തിനായി ചേർന്നു. എങ്കിലും ഒരു ആത്മീക ശൂന്യത തന്നെ വേട്ടയാടികൊണ്ടിരുന്നു. തന്റെ ആഴമായ പാപവും ദൈവത്തിന്റെ വിശുദ്ധിയെ ക്കുറിച്ചുള്ള അറിവും തന്നെ എപ്പോഴും ആസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു.
1510 ൽ റോമിലേക്ക് തുടർ പഠനത്തിനായി പോയി. സഭയുടെ യാന്ത്രികമായ കർമ്മ ആചാരങ്ങളുടെ പൊള്ളത്തരം ആ കാലത്ത് തനിക്കു വ്യക്തമായി ബോധ്യപ്പെട്ടു. യേശുവിനെ വിസ്തരിച്ച പീലാത്തോസിന്റെ അരമനയുടെ കൽത്തളത്തിലേക്കുള്ള കല്ലുകൊണ്ടുള്ള ചവിട്ടുപടികൾ മുട്ടിന്മേൽ ഇഴഞ്ഞു കയറി. മുകളിൽ കയറി നിന്ന് താഴേക്കു നോക്കി, നൂറുകണക്കിന് പാവങ്ങൾ ഇഴഞ്ഞു കയറുന്നു . താൻ കൈ ഉയർത്തി ചോദിച്ചു ഇങ്ങനെയോ പാപമോചനം?.ഇത് വെറും അർഥശൂന്യവും പ്രയോജന രഹിതവുമെന്ന് മനസ്സിലായി.
ചില വർഷങ്ങൾക്കു ശേഷം വേദശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദവുമായി വിറ്റെൻബെർഗ്ഗിൽ തിരിച്ചെത്തി. 1515ൽ പൗലോസിന്റെ റോമാ ലേഖനം പഠിപ്പിക്കുവാൻ തുടങ്ങി. പൗലോസിന്റെ ഈ ലേഖനം തന്നെ ഇളക്കി മറിച്ചു. വിശ്വാസത്തലുള്ള നീതീകരണം മനസ്സിലാക്കുവാൻ തന്റെ കണ്ണ് തുറന്നു. താൻ യേശുക്രിസ്തുവിന്റെ മുൻപിൽ ചെന്ന് നിന്നു, കൈകൾ കർത്താവിലേക്കു ഉയർത്തി, യേശു തന്റെ വിലയേറിയ രക്ത്തം കൊണ്ട് കഴുകി, തന്റെ ആത്മാവും, മനസാക്ഷിയുമെല്ലാം ശുധീകരിക്കപ്പെട്ടു.
വിശ്വാസത്താലുള്ള നീതീകരണം പ്രാപിച്ചു. അന്ന് മുതൽ വചന വിരുദ്ധതക്ക് എതിരെ പോരാടുവാൻ ഒരു യോദ്ധാവ് തന്നിൽ ഉണർന്നു. ദൈവം തന്നെ ഒരുക്കുകയായിരുന്നു ഒരു ആത്മീക വിപ്ലവത്തിനായി.