പി വൈസി ഡി കോൺഫറൻസ് ഒക്ടോ. 6ന് ആരംഭിക്കും
ഡാളസ്: അമേരിക്കയിലെ മലയാളി പെന്തക്കോസ്തു സഭകളുടെ ഇടയിലെ ശക്തമായ യുവജന പ്രസ്ഥാനങ്ങളിലൊന്നായ പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(PYCD)ന്റെ വാർഷിക കോൺഫറൻസ് ഒക്ടോബർ 6,7 തീയതികളിൽ ഐപിസി ഹെബ്രോനിലും ഞായറാഴ്ചത്തെ സംയുക്ത ആരാധന മെസ്‌ക്വിറ്റ് കൺവെൻഷൻ സെന്ററിലും നടക്കും.
വിപുലമായ ക്രമീകരണങ്ങളാണ് കോൺഫറൻസിനായി ഇത്തവണ ഒരുക്കിയിരിക്കുന്നത്. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ഗ്ലെൻ ബെഡോൻസ്കി എന്നിവരാണ് മുഖ്യ പ്രസംഗകർ. ശനിയാഴ്ച രാവിലെ 10-ന് നടക്കുന്ന ഫാമിലി സെമിനാർ ഡാളസ് ഫോർട്ട് വർത്ത് സിറ്റി-വൈഡ് ഫെല്ലോഷിപ്പുമായി ചേർന്ന് നടത്തും.
നാലു പതിറ്റാണ്ടിന്റെ സ്തുത്യർഹമായ ചരിത്രമാണ് ഡാളസിലെ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായി നിലകൊള്ളുന്ന പി. വൈ. സി. ഡി യ്ക്കുള്ളത്. നാല്പത്തിയൊന്നാം വർഷത്തിലും വ്യത്യസ്തമായ പ്രവർത്തങ്ങളുമായി യുവജങ്ങളുടെ ഇടയിൽ മാത്രമല്ല, മുഴുവൻ വിശ്വാസ സമൂഹത്തിനും മാതൃകയായി നിലകൊള്ളുന്നു. 1982-ൽ കേവലം 250-പേർ മാത്രം സംബന്ധിച്ചിരുന്ന പ്രഥമ സമ്മേളനത്തിൽ നിന്ന് ഇന്ന് ഈ യുവജനസംഘടന ആയിരങ്ങൾ സമ്മേളിക്കുന്ന ഐക്യകൂട്ടായ്മയായി മാറിയിട്ടുണ്ട്. ഡാളസിലെ 37 സഭകളാണ് പി. വൈ. സി. ഡി-യുടെ അംഗങ്ങളായിട്ടുള്ളത്.
പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), പാസ്റ്റർ ജെഫ്‌റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ്(ട്രഷറർ) എന്നിവർ ഔദ്യോഗിക ഭാരവാഹികളായി പ്രവർത്തിക്കുന്നു.
കോൺഫറൻസിനോടനുബന്ധിച്ച് വെള്ളിയാഴ്ച്ച സുവനീർ പ്രകാശനം ചെയ്യും.