പ്രഘോഷണം കൊണ്ടായില്ല, ജീവാര്‍പ്പണമാണാവശ്യം | യേശു പാദാന്തികം 4
യേശു പാദാന്തികം 4
പ്രഘോഷണം കൊണ്ടായില്ല, ജീവാര്‍പ്പണമാണാവശ്യം
ഒരു വ്യക്തിയോടു അഗാധമായ സ്നേഹം തോന്നുന്നില്ലെങ്കില്‍ ആ വ്യക്തിയോടു സുവിശേഷമറിയിക്കാന്‍ നിങ്ങള്‍ക്കു അവകാശമില്ല. സ്നേഹമുണ്ടെങ്കിലോ, ജീവന്‍ കൊടുക്കുവാനും നിങ്ങള്‍ തയ്യാറായിരിക്കും.
വായന ഭാഗം: 1. തെസ്സലോനിക്യര്‍ 2:1-12
"നിങ്ങള്‍ ഞങ്ങള്‍ക്ക് എത്ര പ്രിയരാണെന്നോ? സുവിശേഷം പ്രസംഗിക്കാന്‍ മാത്രമല്ല, ഞങ്ങളുടെ ജീവന്‍ തന്നെ നിങ്ങള്‍ക്കു തരുവാന്‍ ഞങ്ങള്‍ ഒരുക്കമായിരുന്നു"(1 തെസ്സ. 2:8).
ഫിലിപ്പിയയില്‍നിന്നാണു പൗലൊസും ശീലാസും സുവിശേഷ പ്രഘോഷണത്തിനായി തെസ്സലോനിക്യയില്‍ എത്തിയത്. അവിടെ അവര്‍ക്കു വളരെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. എന്നാല്‍ ഫിലിപ്പിയയില്‍ അനുഭവിച്ച പീഡകളുമായി തട്ടിച്ചുനോക്കിയാല്‍ തെസ്സലോനിക്യയിലേത് നിസാരമായിരുന്നു (1 തെസ്സ. 22; അപ്പൊ. 16: 16-24 വരെയുമായി താരതമ്യപ്പെടുത്തുക).
ഹ്രസ്വമായ ഒരു കാലയളവേ അവര്‍ക്കു തെസ്സലോനിക്യയില്‍ നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.എന്നാല്‍ അതിനിടെ അവര്‍ക്കു തെസ്സലോനിക്യയില്‍ നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍ അതിനിടെ അവര്‍ക്കു യഹൂദന്മാരും യവനരുമായി പലരെ ക്രിസ്തുവിനുവേണ്ടി നേടുവാന്‍ കഴിഞ്ഞു (അപ്പൊ. 17: 1-5). എന്നാല്‍, ഈ പുതിയ വിശ്വാസികള്‍ അവിശ്വസനീയമാം വിധം വിശ്വസ്തരും സാഹസികരുമായിത്തീരുന്നതാണ് അടുത്തതായി നാം കാണുന്നത്. അതിലൊരാളായ 'യാസോന്‍' മിഷനറിമാര്‍ക്കു വേണ്ടി വീടു തുറന്നു കൊടുത്തതിന്‍റെ പേരില്‍ വലിച്ചിഴയ്ക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു (അപ്പൊ. 17:5-10).
|
സുവി. സാജു ജോണിന്റെ 'യേശു പാദാന്തികം' എന്ന പംക്തി എല്ലാ ശനിയാഴ്ചയും ഓൺലൈൻ ഗുഡ്‌ന്യൂസിലൂടെ പ്രസിദ്ധീകരിക്കുന്നു. |
പൗലൊസിനുവേണ്ടി ജീവന്‍ പണയപ്പെടുത്താന്‍ ഈ പുതുവിശ്വാസികള്‍ തയ്യാറാവുന്നത് അത്ഭുതകരം തന്നെ. എന്നാല്‍ പൗലൊസ് ഈ ഹ്രസ്വകാലയളവില്‍ അവരോട് എങ്ങനെ ഇടപെട്ടു എന്നറിയുന്നിടത്ത് ഈ അത്ഭുതം അവസാനിക്കുന്നു. നമ്മുടെ വായനഭാഗത്തു പൗലൊസ് അതു പറയുന്നുണ്ട്. അവര്‍ പൗലൊസും ശീലാസും തിമെഥെയോസും- മനുഷ്യരെയല്ല, ദൈവത്തെ മാത്രം പ്രസാദിപ്പിച്ചുകൊണ്ടു ജീവിച്ചു, മുഖസ്തുതിക്ക് അവര്‍ ചെവി കൊടുത്തില്ല (വാ 4). സാമ്പത്തിക വിഷയങ്ങള്‍ അവരുടെ സംസാരവിഷയമായിരുന്നില്ല (വാ. 5). ഉപജീവനത്തിനുവേണ്ടി അവര്‍ പുതുവിശ്വസികളെ ഞെക്കിപ്പിഴിഞ്ഞില്ല. പകരം സ്വന്തംകൈകൊണ്ടു അധ്വാനിച്ചു (വാ. 9). അവര്‍ താഴ്മയുള്ളവരും എല്ലാവരോടും സഹകരിക്കുന്നവരുമായിരുന്നു (വാ. 6). പുതുവിശാവാസികളെ അവര്‍ അമ്മയെപ്പോലെ പോറ്റുകയും(വാ. 7), അപ്പനെപ്പോലെ പ്രബോധിപ്പിക്കുകയും ചെയ്തു (വാ. 11).
എന്നാല്‍, ഇതിനെയെല്ലാം കവച്ചുവയ്ക്കുന്ന ഒരു സവിശേഷത അവര്‍ക്കുണ്ടായിരുന്നു. പൗലൊസ് പറയുന്നു: "ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി മരിക്കുവാനും തയ്യാറായിരുന്നുഠ (വാക്യം 8).
വല്ലവിധേയനയും പ്രസംഗിച്ച് ആത്മാക്കളെ നേടിയിട്ട് ഓടിപ്പോയി അന്ത്യോക്കയിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ടു കൊടുക്കാനായിരുന്നില്ല പൗലൊസിന്‍റെ മോഹം! അവന്‍ ആ ജനങ്ങളെ സ്നേഹിച്ചു. പ്രസംഗിക്കാന്‍ മാത്രമല്ല, പ്രാണന്‍ വെച്ചുകൊടുക്കുവാനുള്ള സ്നേഹവുംകൂടെ അവനുണ്ടായിരുന്നു (1തെസ്സ. 2:8). അങ്ങനെയൊരു സ്നേഹത്തോടെ-മനസ്സോടെയാണോ ഇന്നും നാം പ്രഘോഷണം നടത്തുന്നത്?
തെസ്സലോനിക്യയിലെ പീഡനത്തിന്‍റെ സമയത്ത് എല്ലാം ഇട്ടിട്ടുപോകാന്‍ പൗലൊസിനു ഒട്ടും താല്പര്യമില്ലായിരുന്നു. തങ്ങള്‍ക്കു ഭവനം നല്‍കിയതിന്‍റെ പേരില്‍ യാസോന്‍ വലിച്ചിഴയ്ക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തത് പൗലൊസിനെ തകര്‍ത്തു കളഞ്ഞു. യാസോനും മറ്റു സഹോദരങ്ങള്‍ക്കും വേണ്ടി മരിക്കാന്‍ പൗലൊസ് തയ്യാറായിരുന്നു. (പൗലൊസിനുവേണ്ടി മരിക്കാന്‍ യാസോനും!) ഒരുപക്ഷെ, തങ്ങള്‍ വീണ്ടും ഇവിടെ തങ്ങുന്നതു പുതു വിശ്വാസികള്‍ക്കു കൂടുതല്‍ പീഡനമുണ്ടാക്കാന്‍ കാരണമായേക്കാം എന്ന ചിന്തയാവും ബരോവയിലേക്കു പോകുവാന്‍ അവര്‍ തയ്യാറായതിന്‍റെ കാരണം.
പൗലൊസ് ജനങ്ങളെ സ്നേഹിച്ചു, സുവിശേഷം അറിയിച്ചു. സ്നേഹത്തിന്‍റെ നിര്‍ബന്ധമാണ് പൗലൊസിനെ സുവിശേഷ പ്രഘോഷകനാക്കിയതും (1 കൊരി 9:16). കല്പനയുണ്ട്, എന്നാലും കല്പനയായതുകൊണ്ടല്ല താന്‍ പ്രസംഗിക്കുന്നത് ( കൊരി. 9:1) എന്നു പൗലൊസ് പറയുന്നു. കല്പനയുടെ അനുസരണം മാത്രമായിരുന്നെങ്കില്‍ പ്രസംഗിച്ചാല്‍ മതിയായിരുന്നു. ജീവന്‍ കൊടുക്കണമെന്നില്ലായിരുന്നു.
പലപ്പോഴും സ്നേഹത്തിന്‍റെ കാര്യത്തില്‍ നാം പരാജയപ്പെടുന്നു. നഷ്ടം സഹിച്ചുള്ള കൈവിട്ടു കളിക്കൊന്നും നാമില്ല. ഒരു വ്യക്തിയോട് അഗാധമായ സ്നേഹം തോന്നുന്നില്ലെങ്കില്‍ ആ വ്യക്തിയോട് സുവിശേഷം പ്രസംഗിക്കുവാനുള്ള അവകാശം നിങ്ങള്‍ക്കില്ല. ഇത് സ്നേഹ ദൂതാണ്. സ്നേഹത്തിന്‍റെ ദൂതും സ്നേഹത്തില്‍ നിന്നുള്ള ദൂതും! സ്നേഹമുണ്ടെങ്കിലോ? ജീവന്‍ കൊടുക്കാനും നാം തയ്യാറായിരിക്കും.
സമര്‍പ്പണ പ്രാര്‍ത്ഥന
കര്‍ത്താവേ പലപ്പോഴും സുവിശേഷമറിയിക്കാനുള്ള എന്‍റെ പ്രേരകശക്തി സ്നേഹമല്ല, സ്നേഹിക്കുമ്പോഴേ ഞാന്‍ ശിഷ്യനാകുന്നുള്ളൂ എന്നു എന്നെ പഠിപ്പിക്കണമേ, ആമേന്‍.
തുടര്‍വായനയ്ക്ക്: അപ്പൊസ്തലപ്രവൃത്തികള്‍ 16:16-22, 17: 1-10



