സൗത്ത് ഇന്ത്യ എ.ജി ദ്വിവത്സര ജനറൽ കോൺഫറൻസ് സമാപിച്ചു
ചാക്കോ കെ തോമസ്, ബെംഗളൂരു
ബെംഗളൂരു :സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് (എസ്.ഐ.എ.ജി) 39-ാമത് ദ്വിവത്സര ജനറൽ കോൺഫറൻസ് സമാപിച്ചു.
തമിഴ്നാട്ടിലെ ചെങ്കൽപെട്ട് ലീഡർഷിപ്പ് ട്രെയിനിംങ് സെൻററിൽ സെപ്റ്റംബർ 17 മുതൽ 19 വരെ നടന്ന കോൺഫറൻസിൻ്റെ സമാപന ദിനത്തിൽ റവ. ഏബ്രഹാം തോമസ് മുഖ്യ പ്രഭാഷണവും തിരുവത്താഴ ശുശ്രൂഷ നിർവഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന എസ്.ഐ.എ.ജി തെരഞ്ഞെടുപ്പിൽ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സൂപ്രണ്ടായി റവ.ഏബ്രഹാം തോമസ് ( തമിഴ്നാട്), ജനറൽ അസിസ്റ്റൻറ് സൂപ്രണ്ട് റവ. തിമോത്തി റാവു (ആന്ത്രാപ്രദേശ്), ജനറൽ സെക്രട്ടറി റവ.കെ.ജെ. മാത്യൂ ( കേരളം), ജനറൽ ട്രഷറർ റവ. സത്യനേശൻ ( സതേൺ ഡിസ്ട്രിക്റ്റ് ), എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം റവ.വിവേക് ഡിൻഡോൾക്കർ ( മഹാരാഷ്ട്ര), അഖിലേന്ത്യ പ്രതിനിധി കമ്മിറ്റി അംഗം റവ.സ്റ്റീവ് ജയരാജ് (തമിഴ്നാട് എ.ജി. സൂപ്രണ്ട് ) എന്നിവരെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടിവ് അംഗങ്ങൾക്കായി റവ. ഡി. മോഹൻ അനുഗ്രഹപ്രാർഥന നടത്തി. റവ.പോൾ തങ്കയ്യാ, റവ.വി.ടി.ഏബ്രഹാം, റവ.ഏബ്രഹാം തോമസ് , റവ. ഡി. മോഹൻ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിച്ചു.
കേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും പ്രസ്ബിറ്റേഴ്‌സും ശുശ്രൂഷകൻമാരും സഭാ പ്രതിനിധികളും അടക്കം 1642 ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തു.
അടുത്ത ദ്വിവത്സര കോൺഫറൻസ് 2026 സെപ്റ്റംബർ 15 - 17വരെ നടക്കുമെന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എസ്.ഐ.എ.ജി സൂപ്രണ്ട് റവ.ഏബ്രഹാം തോമസ് അറിയിച്ചു.