സോഹാറിലെ ചന്ദ്രശോഭ!

സോഹാറിലെ ചന്ദ്രശോഭ!
പാസ്റ്റര്‍ വി.വി. ചന്ദ്രബോസിനോടൊപ്പം ഷിബു മുള്ളംകാട്ടില്‍

സോഹാറിലെ ചന്ദ്രശോഭ!


ഷിബു മുള്ളംകാട്ടില്‍ 

ചുടുകാറ്റും മണല്‍ക്കാറ്റും മുച്ചൂടും മൂടുന്ന ഒമാന്‍ സോഹാര്‍ മരുഭൂമിയില്‍ ക്രിസ്തുസ്നേഹത്തിന്‍റെ സാന്ത്വനക്കാറ്റായി അരനൂറ്റാണ്ട് പിന്നിടുകയാണ് പാസ്റ്റര്‍ വി.വി. ചന്ദ്രബോസ്. തൃശൂര്‍ ഇരിഞ്ഞാലക്കുട വള്ളുപറമ്പില്‍ വേലായുധന്‍ ചന്ദ്രബോസ് സോഹാറിലെ മണല്‍ത്തരികള്‍ക്കുപ്പോലും സുപരിചിതനാണ്.

രത്നങ്ങള്‍ വിതറിയിട്ട, അത്തറിന്‍റെ സൗരഭ്യം നിറഞ്ഞുതൂകിയിരുന്ന ഒരു നാട്ടിലേക്കായിരുന്നില്ല 50 വര്‍ഷം മുന്‍പ് ചന്ദ്രബോസ് വന്നിറങ്ങിയത്. തീച്ചൂളപോലെ സൂര്യന്‍ കത്തിജ്വലിക്കുന്ന മരുഭൂമി! ഇലക്ട്രിസിറ്റിയും വെള്ളവും ഇല്ല. പനയോല മേഞ്ഞ വീട്ടിലാണു താമസം. മണ്ണിന്‍റെ മുകളില്‍ കട്ടിലിട്ട് കിടന്നുറങ്ങുന്ന കാലം. ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ഇരുപത്തേഴുകാരന്‍, രണ്ട് ആഗ്രഹങ്ങള്‍ ദൈവത്തോട് തുറന്നുപറഞ്ഞു. "സോഹാറില്‍ ഒരു ചര്‍ച്ച് വേണം; പിന്നെ ഒരു വിമാനത്താവളവും."

ആരാണീ ചന്ദ്രബോസ്?

ആരാണ് ചന്ദ്രബോസ് എന്നു ചോദിക്കുന്നവരോട് കുറെ ജീവിതകഥകള്‍ പറയാനുണ്ട്. അതുകൊണ്ടാണ് തന്‍റെ പേര് മാറ്റാത്തതെന്ന് ചെറുചിരിയോടെ ചന്ദ്രബോസ് പറഞ്ഞുതുടങ്ങി. തൃശൂര്‍ ജില്ലയില്‍ ഇരിഞ്ഞാലക്കുട വള്ളുപറമ്പില്‍ വീട്ടില്‍ വേലായുധന്‍റെയും കുഞ്ഞിപ്പെണ്ണിന്‍റെയും മകനായി 1946 ജൂണ്‍ 26 ന് ചന്ദ്രബോസ് ജനിച്ചു. ഹൈസ്കൂള്‍ പഠനത്തിനുശേഷം മുബൈയിലെ ജൂബിലി വിക്ടോറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടെക്നിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. 1967-ല്‍ സെന്‍ട്രല്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥനായി മുംബൈയില്‍ തന്നെ നിയമനം ലഭിച്ചു.

ബോസിനെ കണ്ടെത്തിയപ്പോള്‍

മുംബൈയില്‍ തന്നോടൊപ്പം താമസിച്ചിരുന്ന ബ്രദറൺ സഭാംഗങ്ങളായ പി.റ്റി. തോമസിന്‍റെയും തോമസ് ചാണ്ടിയുടെയും മാതൃകാപരമായ ജീവിതം അക്രൈസ്തവനായ ചന്ദ്രബോസിനെ ആഴമായി സ്വാധീനിച്ചു. ഇരുവരും മുറിയില്‍ ഇല്ലാത്തപ്പോള്‍ അവരുടെ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങി. ഓരോ ദിവസവും പരപ്രേരണകൂടാതെ ചന്ദ്രബോസ് യേശുവിങ്കലേക്ക് അടുത്തുകൊണ്ടിരുന്നു. പാസ്റ്റര്‍ വാര്യാപുരം യോനാച്ചന്‍ മുംബൈയില്‍ നടത്തിയ യോഗം വിദൂരത്തിരുന്നു വീക്ഷിക്കുവാന്‍ പോയ ചന്ദ്രബോസിനെ പാസ്റ്റർ ഉള്ളിലേക്കു ക്ഷണിച്ചു. ഒരു കൊച്ചുകുട്ടിയെപ്പോലെ ദൈവസന്നിധിയില്‍ പൊട്ടിക്കരഞ്ഞ ചന്ദ്രബോസ് അന്ന് യഥാര്‍ഥ ബോസിനെ കണ്ടെത്തി. തുടര്‍ന്ന് 1969-ല്‍ പാസ്റ്റര്‍ മത്തായി പി. മത്തായിയുടെ കൈക്കീഴില്‍ സ്നാനമേറ്റു. 1975-ല്‍ ലോകനേഴ്സിംഗ് ദിനമായ മെയ് 12 ന് രാജമ്മ എന്ന നേഴ്സ് ജീവിതസഖിയായി.

സോഹാര്‍മണ്ണില്‍

1973 ആഗസ്റ്റ് 10-ന് മുംബൈയില്‍ നിന്നും 45 യാത്രക്കാരുമായി ചെറിയ വിമാനം മസ്ക്കറ്റിലെ സീബ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ അതില്‍ ചന്ദ്രബോസും ഉണ്ടായിരുന്നു. സോഹാര്‍ അഗ്രിക്കള്‍ച്ചര്‍ വകുപ്പിലെ ജോലി തികച്ചും ദൈവനിയോഗം. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഒരു അമേരിക്കന്‍ കമ്പനിയുടെ ഡയറിഫാം ആരംഭിക്കുകയായിരുന്നു പ്രഥമ ഉദ്യമം. ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായി ഉദ്യോഗക്കയറ്റം കിട്ടിയതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും ഒമാന്‍രാജാവിന്‍റെ കൊട്ടാരവുമായി നല്ല ബന്ധം സ്ഥാപിച്ചു. രാജാവ് സോഹാറില്‍ എത്തുമ്പോള്‍ പാലസില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉത്തരവാദിത്തം ചന്ദ്രബോസിനായിരുന്നു. അറബിഭാഷ നന്നായി സംസാരിക്കുന്നതിനാല്‍ അറബ് വംശജരുമായി വലിയ സുഹൃദ്ബന്ധമായി. ഭാര്യ രാജമ്മയ്ക്ക് സോഹാര്‍ ഗവണ്മെന്‍റ് ഹോസ്പിറ്റലില്‍ നേഴ്സായി നിയമനം ലഭിച്ചു.

മരുഭൂമിയിലെ ചന്ദ്രോദയം

സര്‍ക്കാര്‍ ഓഫീസ് ആയതിനാല്‍ ദിവസവും ഉച്ചയ്ക്ക് രണ്ടുമണിക്ക് ജോലികഴിയും. പിന്നീടുള്ള സമയം ക്രിസ്തുവിനെ സാക്ഷീകരിക്കുവാന്‍ ചന്ദ്രബോസ് മാറ്റിവെച്ചു. സോഹാറിലെ ആശുപത്രികളിലും ലേബര്‍ക്യാംപുകളിലും കയറിയിറങ്ങി സത്യസന്ദേശം പ്രചരിപ്പിച്ചു. നേഴ്സായ രാജമ്മയുടെ പിന്തുണയോടെ ഗവണ്മെന്‍റ് ആശുപത്രി പ്രധാന പ്രവര്‍ത്തനമേഖലയായി. ഈ ദമ്പതികള്‍ തീഷ്ണതയോടെ കര്‍മ്മനിരതരായപ്പോള്‍ മരുഭൂമിയില്‍ സുവിശേഷവസന്തത്തിന്‍റെ ചന്ദ്രോദയം ഉണ്ടായി. 1973-ല്‍ ഒമാന്‍ പെന്തെക്കോസ്ത് അസംബ്ലിയുടെ രൂപീകരണത്തില്‍ ചന്ദ്രബോസും പങ്കാളിയായി. ഇന്ന് മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്തു കൂട്ടായ്മയാണ് ഒ.പി.എ. 1974-ല്‍ സോഹാറിലുള്ള ക്രിസ്തീയവിശ്വാസികളെ ചേര്‍ത്ത് ഇംഗ്ലീഷ് കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു. ചന്ദ്രബോസിന്‍റെ ദര്‍ശനം വിവിധഭാഷക്കാരായ പ്രവാസികളെ ആത്മീയമുന്നേറ്റത്തിലേക്കു നയിച്ചു. 1978-ല്‍ സോഹാര്‍ പെന്തെക്കോസ്തല്‍ അസംബ്ലി എന്ന പേരില്‍ ചന്ദ്രബോസ് തുടക്കം കുറിച്ച മലയാളം കൂട്ടായ്മ നാലരപതിറ്റാണ്ട് പിന്നിട്ടു. പാസ്റ്റര്‍ പി.എ.വി. സാം ചന്ദ്രബോസിന് പാസ്റ്റര്‍ ഓര്‍ഡിനേഷന്‍ നല്‍കി.  ഒമാനില്‍ മാത്രമല്ല, സ്വന്തംനാടായ ഇരിഞ്ഞാലക്കുടയിലും 1987-ല്‍ ചന്ദ്രബോസ് സഭ സ്ഥാപിച്ചു.

നല്ല ശമര്യാക്കാരന്‍

ചന്ദ്രബോസ്-രാജമ്മ ദമ്പതികള്‍ക്ക് സര്‍ക്കാര്‍ വക ലഭിച്ച ആനുകൂല്യങ്ങള്‍ മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിച്ചു. അക്കാലത്ത് സിമന്‍റുകൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ താമസിക്കുന്നവര്‍ വിരളമായിരുന്നു. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സും വാഹനവും പാവങ്ങള്‍ക്ക് അത്താണിയായി. ലേബര്‍ക്യാംപില്‍ വീര്‍പ്പുമുട്ടുന്ന തൊഴിലാളികളെ വീട്ടിലെത്തിച്ച് നല്ലഭക്ഷണമൊരുക്കി. രോഗികളായവരെ ഭവനത്തില്‍ താമസിപ്പിച്ച് പരിചരിച്ചു. പല സഭാംഗങ്ങളുടെയും പ്രസവാനന്തരശുശ്രൂഷ ചെയ്തിരുന്നത് രാജമ്മയാന്‍റിയാണ്. സന്ദര്‍ശകവിസയില്‍ എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും നല്‍കുന്നതിനൊപ്പം ജോലി കണ്ടെത്തുവാനുള്ള വഴിയും ഒരുക്കി. മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ മാത്രം ഏഴു സ്ഥാപനങ്ങള്‍ നടത്തിയിട്ടുണ്ട് ഈ മനുഷ്യസ്നേഹി. അവരില്‍ ചിലര്‍ തന്നെ പറ്റിച്ചെങ്കിലും ചന്ദ്രബോസിന് ആരോടും പരിഭവമില്ല. ഇരുചെവി അറിയാതെ അര്‍ഹരായവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയും നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തും പാസ്റ്റര്‍ ചന്ദ്രബോസ് നല്ല ശമര്യാക്കാരനായി. സന്ദര്‍ശകരായി ഒമാനിലെത്തുന്ന ദൈവദാസന്മാരെ കൂടെ താമസിപ്പിക്കുകയും അവര്‍ക്ക് യോഗങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു. മടങ്ങുമ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കൊണ്ടുപോയി പെട്ടിനിറയെ സാധനങ്ങളും സമ്മാനിക്കുന്ന പതിവ് ചന്ദ്രബോസിനുണ്ടായിരുന്നു.

ആരാധനാ സമുച്ചയം 

സോഹാറിലെ ക്രൈസ്തവര്‍ക്ക് സ്വന്തമായി ഒരു ആരാധനാലയം ഉണ്ടാകണമെന്നത് പാസ്റ്റര്‍ ചന്ദ്രബോസിന്‍റെ ചിരകാല സ്വപ്നമായിരുന്നു. തന്‍റെ വ്യക്തിപരമായ സ്വാധീനത്താല്‍ ഒമാന്‍ ഭരണാധികാരിക്ക് ഒരു അപേക്ഷ സമര്‍പ്പിച്ചു. 1992-ല്‍ ഭൂമി അനുവദിച്ചുകൊണ്ട് ഒമാന്‍ രാജാവ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്‍റെ ഉത്തരവു കിട്ടിയപ്പോള്‍ ചന്ദ്രബോസ് ഉച്ചത്തില്‍ ദൈവത്തെ സ്തുതിച്ചു. പാസ്റ്റര്‍ ചന്ദ്രബോസ് ട്രസ്റ്റിയായി വിവിധ സഭകളുടെ സഹകരണത്തോടെ ഒന്നരലക്ഷം റിയാല്‍ (മൂന്നരക്കോടി രൂപ) സമാഹരിച്ച് 1997-ല്‍ ആലയനിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ന് 23 വ്യത്യസ്ത കൂട്ടായ്മകളുമായി സോഹാര്‍ പ്രൊട്ടസ്റ്റന്‍റ് ചര്‍ച്ച് ഒമാനിലെ ക്രൈസ്തവ സമൂഹത്തിന് അഭിമാനമാണ്. ദീര്‍ഘമായ 22 വര്‍ഷക്കാലം പാസ്റ്റര്‍ ചന്ദ്രബോസ് ഈ സംഘടനയുടെ ട്രസ്റ്റിയായി പ്രവര്‍ത്തിച്ചു.

മണ്ടന്‍ എന്നു വിളിച്ചവരോട്

36 വര്‍ഷത്തെ സേവനത്തിനുശേഷം 2008-ല്‍ പാസ്റ്റര്‍ ചന്ദ്രബോസ് ഗവണ്മെന്‍റ് ജോലിയില്‍ നിന്നും വിരമിച്ചു. അതിനുശേഷവും ദീര്‍ഘനാളുകള്‍ അതേ ക്വാര്‍ട്ടേഴ്സില്‍ തുടരുവാന്‍ സർക്കാർ അനുവദിച്ചു. 1996-ല്‍ അസി. മേട്രനായി രാജമ്മയും വിരമിച്ചു. ഭാര്യക്കും ഭര്‍ത്താവിനും ദീര്‍ഘവര്‍ഷങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗം; മികച്ച ശമ്പളം; കോടിക്കണക്കിനു രൂപ കൈയില്‍ക്കൂടി കയറിയിറങ്ങി. "ഒരിക്കല്‍പോലും എനിക്കുവേണ്ടി കൊട്ടാരം പണിയണമെന്ന് ചിന്തിച്ചിട്ടില്ല. ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കില്‍ മതിയെന്നാണ് എന്‍റെ പക്ഷം. അതിനാല്‍ എന്നെ ഫൂളിഷ് (മണ്ടന്‍) എന്നു പലരും വിളിച്ചിട്ടുണ്ട്". ചന്ദ്രബോസ് അങ്കിളിന്‍റെ നിഷ്കളങ്കമായ വാക്കുകള്‍. ചന്ദ്രബോസ് -രാജമ്മ ദമ്പതികളുടെ മൂന്നുമക്കളും സഭാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഏകമകന്‍ പാസ്റ്റര്‍ ജസ്റ്റസ് ചന്ദ്രബോസ് അനുഗ്രഹീത ഗായകനും സോഹാര്‍ പെന്തെക്കോസ്തു അസംബ്ലി ശുശ്രൂഷകനുമാണ്. ഗ്രെയ്സ്, ഗ്ലോറിയ എന്നിവരാണ് പെണ്‍മക്കള്‍. മണലാരണ്യത്തിലെ ജീവിതയാത്ര അരനൂറ്റാണ്ടു പിന്നിടുമ്പോള്‍ ആദ്യത്തെ ആഗ്രഹങ്ങൾ രണ്ടും (സോഹാറിൽ ചർച്ചും, എയർപോർട്ടും) നിറവേറി. ഇനി ഒരു പ്രാർത്ഥന കൂടിയുണ്ട് "മരണംവരെ സോഹാറില്‍ കര്‍ത്താവിന്‍റെ സാക്ഷിയാകണം. ഒടുവില്‍ ഈ മണ്ണില്‍ തന്നെ ഭൗതികശരീരം സംസ്കരിക്കണം." മരുഭൂമിയെ മലര്‍വാടിയാക്കിയ സ്നേഹത്തിന്‍റെയും നന്മയുടെയും തണല്‍മരം 77-ാം വയസ്സിലും സൂര്യശോഭയോടെ ജ്വലിച്ചുനില്‍ക്കുന്നു.

Advertisement