അഗ്നി നമ്മെ ദഹിപ്പിക്കരുത്
ഒരു ദിവസം വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞൻ തോമസ് ആൽവ എഡിസന്റെ പരീക്ഷണശാലയിൽ വളരെ വിലപിടിപ്പുള്ള പല ഉപകരണങ്ങളും അഗ്നിബാധയിൽ എരിഞ്ഞുപോയി. പൂർത്തീകരിക്കപ്പെടാത്ത പരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അതിലുണ്ടായിരുന്നു. പിന്നീട് അവശിഷ്ടങ്ങളുടെ നടുവിലൂടെ നടന്ന് എഡിസൺ പരിശോധിക്കുമ്പോൾ പകുതിയെരിഞ്ഞ വിലയേറിയ ഗവേഷണ വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ അദ്ദേഹം കണ്ടു. ആ കൂട്ടത്തിൽ തന്റെ ഒരു ഫോട്ടോ കൂടി ഉണ്ടായിരുന്നു. ഫോട്ടോയുടെ അരികുകളിൽ അല്പം ക്ഷതമേറ്റിരുന്നുവെങ്കിലും ഫോട്ടോ പൊതുവെ വലിയ കുഴപ്പമില്ലാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹം അൽപനേരം ആ ഫോട്ടോയിലേക്ക് ഉറ്റുനോക്കി. പിന്നീട് നിലത്തുനിന്നും ഒരു കരിക്കഷണമെടുത്ത് ആ ഫോട്ടോയുടെ താഴെ ഇങ്ങനെ എഴുതി : 'അഗ്നി എന്നെ സ്പർശിച്ചില്ല.'
പ്രതികൂലത്തിന്റെ സംഹാരദ്ധ്വനി നമ്മുടെ ബുദ്ധിക്കും അറിവിനും ഗവേഷണങ്ങൾക്കും മീതെയായി നമ്മുടെ ജീവിതത്തിലേക്ക് ആഞ്ഞടിക്കുമ്പോൾ നമ്മുടെ ആത്മീയ വ്യക്തിത്വം മാത്രം അതിന്റെ ജ്വാലാഗ്നിയിൽ നിന്നും സുരക്ഷിതമായിരിക്കും. നമുക്കുണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ ഒരു യാഥാർത്ഥ്യം നമുക്കു മുൻപിൽ തെളിയും.
പരിശുദ്ധാത്മാവ് നമ്മിൽ സൃഷ്ടിച്ച വിജയത്തിന്റെ പ്രതിരൂപമായ പുതുമനുഷ്യൻ ഇതുവരെയും തകർക്കപ്പെട്ടിട്ടില്ല. അവനെ തകർക്കുവാൻ ഈ ലോകത്തിന്റെ പ്രതികൂലങ്ങൾക്ക് ശേഷിയില്ല. അതെ, നമ്മിലെ പുതുമനുഷ്യൻ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ടവനാണ്. അനശ്വരമായ പണികൾ നടത്തുവാൻ ദൈവശക്തി അവനിൽ വ്യപരിക്കുന്നു. അഗ്നിപരീക്ഷകളെ അതിജീവിക്കുന്നതും നിലനിൽക്കുന്നതുമായ പണികളാണ് അവന്റേത്.
എന്നാൽ പ്രതികൂലങ്ങൾ നമ്മുടെ പണികളെ നശിപ്പിക്കുന്നതായി തോന്നുന്നുവെങ്കിൽ നാം യേശുക്രിസ്തു എന്ന അടിസ്ഥാനത്തിന്മേൽ നശ്വരമായ വസ്തുക്കളെക്കൊണ്ട് പണി നടത്തിയതു കൊണ്ടാണ് അപ്രകാരം സംഭവിച്ചതെന്ന കാര്യം വ്യക്തമാണ്. ഒരു ആത്മീയ മനുഷ്യനെന്ന നിലയിൽ നാം ഒരിക്കലും അങ്ങനെ ചെയ്യുവാൻ പാടില്ലായിരുന്നു.
ലോകസ്നേഹം, അവിശ്വാസം, ഭൗമിക ദർശനം എന്നിവ നമ്മുടെ ആത്മീയ നൈർമല്യത്തെ അശുദ്ധമാക്കുമ്പോൾ നമ്മുടെ വീക്ഷണത്തെ പിശാച് നശിപ്പിക്കുന്നു. പ്രതികൂലങ്ങൾ നമ്മുടെ വ്യർത്ഥമായ പണികളെക്കുറിച്ച് നമ്മെ ഓർമപ്പെടുത്തുമ്പോൾ ലജ്ജയും അമ്പരപ്പും നമ്മെ ശക്തമായി സ്വാധീനിക്കും. ഒരിക്കലും അപ്രകാരം നമുക്കു സംഭവിക്കാതിരിക്കട്ടെ.
ചിന്തക്ക് : 'പ്രധാന ദേശാധിപതിമാരും, സ്ഥാനാപതിമാരും, ദേശാധിപതിമാരും, രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിനു തീ പിടിക്കാതെയും, അവരുടെ തലമുടി കരിയാതെയും, കാൽച്ചട്ടയ്ക്കു കേടു പറ്റാതെയും, അവർക്കു തീയുടെ മണംപോലും തട്ടാതെയും ഇരുന്നതു കണ്ടു.' (ദാനീയേൽ 3 : 27).