ഞാൻ പരിചയപ്പെട്ട സുവിശേഷകൻ കെ.പി. യോഹന്നാൻ

ഞാൻ പരിചയപ്പെട്ട സുവിശേഷകൻ കെ.പി. യോഹന്നാൻ

ഞാൻ പരിചയപ്പെട്ട സുവിശേഷകൻ കെ.പി. യോഹന്നാൻ

ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അനുസ്മരിക്കുന്നു

ഭാരതം കണ്ട ഏറ്റവും മികച്ച സുവിശേഷകനെയാണ് മെയ് മാസത്തിൽ ക്രൈസ്തവ ലോകത്തിനു നഷ്ടമായത് ! 

'ആത്മിയ യാത്ര'യെ കുറിച്ചും അതിൻ്റെ സാരഥിയായ കെ.പി.യെ കുറിച്ചും സാമാന്യ അറിവ് എനിക്കുണ്ടായിരുന്നു. ലക്ഷക്കണക്കിന് ആളുകളിൽ സുവിശേഷത്തിൻ്റെ തീനാളം പകർന്ന, ആയിരക്കണക്കിനു ഗ്രാമങ്ങളിൽ സുവിശേഷ വെളിച്ചം പകർന്ന നിർമ്മല സുവിശേഷത്തിൻ്റെ വക്താവായിരുന്നു സുവി. കെ. പി. യോഹന്നാൻ.

ആയിരങ്ങൾ ആർത്തിയോടെ കാത്തിരിക്കുന്ന ജനകീയ സുവിശേഷ പ്രഭാഷണം തുടർച്ചയായിട്ടല്ലെങ്കിലും കേൾക്കുവാനിടയായിട്ടുണ്ട്. സാധാരണക്കാരുടെ മനസിനെ ആകർഷിക്കുന്ന അദ്ദേഹത്തിൻ്റെ സാമാന്യ ഭാഷയും ശൈലിയും വ്യത്യസ്ഥമായ അവതരണ രീതിയുമാണ് ആത്മിയ യാത്രയെന്ന റേഡിയോ പ്രഭാഷണത്തെ ജനകീയമാക്കിയത്.

ഗുഡ്ന്യൂസിനെക്കുറിച്ച് സാമാന്യം നല്ല അറിവുണ്ടായിരുന്നതിനാലാകണം തമ്മിൽ കാണുവാനുള്ള അവസരം ഉണ്ടാക്കുവാൻ അദ്ദേഹം പലവട്ടം ശ്രമിച്ചു. എങ്കിലും പല കാരണങ്ങളാൽ കഴിഞ്ഞില്ല. ഡോ. ജോൺ ഓസ്റ്റിൻ മിഷനറിയുടെ കേരള സന്ദർശനവുമായി ഉണ്ടായ വിവാദത്തെത്തുടർന്നാണ് ഗുഡ്ന്യൂസ് പ്രവർത്തകരായ വി.എം.മാത്യു സാറും, കെ.പി.യുടെ ചിരകാല സുഹൃത്ത് ടി.എം. മാത്യുവും, ഞാനുമൊരുമിച്ച് അദ്ദേഹത്തെ സന്ദർശിച്ചത്. ഹൃദ്യമായ ആ കൂടിക്കാഴ്ച മറക്കാനാവാത്ത ഓർമകളാണ് ഞങ്ങളിൽ അവശേഷിപ്പിച്ചത്. വാങ്ങി മാത്രം ശീലിച്ച നേതാക്കളുള്ള ക്രൈസ്തവ ലോകത്ത് പണം ചെലവഴിച്ച് സുവിശേഷവേല ചെയ്യുന്ന കെ.പി.യുടെ ശൈലി വ്യത്യസ്ഥമായിരുന്നു. എത്ര മാത്രം വൈവിധ്യമായ രീതികളാണ് അദ്ദേഹം കണ്ടെത്തി പ്രായോഗികമാക്കിയത്. എത്ര സുവിശേഷകർക്കും സുവിശേഷ പ്രവർത്തനങ്ങൾക്കുമാണ് താൻ കൈത്താങ്ങൽ കൊടുത്തിട്ടുള്ളത് ! എത്രയെത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ! അന്നത്തെ നേതാക്കളിൽ നിന്നു വ്യത്യസ്ഥനായി ഒട്ടും ഷോ കാണിക്കാത്ത ലളിതമായ ശൈലി തൻ്റെ മുഖമുദ്രയായിരുന്നു.  ഇൻഡ്യയിൽ, വിശിഷ്യ കേരളത്തിൽ അന്ന് കെ.പി. യോഹന്നാൻ എന്ന മിഷനറിയെ അറിയാത്ത സുവിശേഷ പ്രവർത്തകർ ഉണ്ടാകാനിടയില്ല.

രണ്ടാമതൊരു വട്ടം തിരുവല്ലയിലെ ജി.എഫ്. എ. ഓഫീസും ബൈബിൾ സെമിനാരിയും സന്ദർശിച്ചത് ഓർക്കുന്നു. ഇനി അമേരിക്കയിൽ വരുമ്പോൾ അവിടത്തെ ഓഫീസ് സന്ദർശിക്കുന്നതിനു ക്ഷണിക്കുവാൻ അദ്ദേഹം മറന്നില്ല. വിളിക്കേണ്ട ഒരു പേഴ്സണൽ ഫോൺ നമ്പറും തന്നിരുന്നു. മാസങ്ങൾക്കുശേഷം ഡാളസിലെ എൻ്റെ സുഹൃത്തുക്കളിൽ ഒരാളും ഗുഡ്ന്യൂസ് പ്രതിനിധിയുമായിരുന്ന എസ്.പി. ജെയിംസിനൊപ്പമാണ് ഞാൻ അന്നത്തെ ഓഫിസിലെത്തിയത്. ലാളിത്യം കേരളത്തിൽ മാത്രമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ, തികച്ചും കേരള ശൈലിയിലുള്ള ഒരു സാധാരണ സുവിശേഷകനെ സമ്പന്നമായ അമേരിക്കയിലെ അന്തർദേശീയ ഓഫിസീൽ കണ്ടത് ഞങ്ങളെ അത്ഭുതപ്പെടുത്തി.

വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുന്നതിൽ മികച്ച കഴിവാണ് അന്നത്തെ കെ.പി.യിൽ ഞാൻ കണ്ടത്. എൻ്റെ മകൻ ആശിഷ്  സൗണ്ട് എഞ്ചിനിയറിംഗ് കഴിഞ്ഞ് കുറച്ചുനാൾ പരിശീലനത്തിനായി ജി.എഫ്.എ.യിൽ ചെലവഴിച്ചു. ഒരു ദിവസം മകനെ കണ്ടപ്പോൾ  വീട്ടിലെ ഓരോരുത്തരുടെയും പേര് ഓർത്തെടുത്ത് വിശേഷങ്ങൾ തിരക്കിയതും ഞാൻ വിളിക്കാറില്ലല്ലോ എന്നു പരിഭവം പറഞ്ഞതും വ്യക്തി ബന്ധങ്ങൾ സൂക്ഷിക്കുന്നതിൻ്റെ ഓർമയാണ്.

ആത്മിയയാത്ര മാസികയുടെ ആർട്ട് വർക്കുകൾ ചെയ്തിരുന്ന അക്രൈസ്തവനായിരുന്ന മി. പ്രതാപൻ പങ്കുവച്ച നല്ല ഓർമകളും മറക്കാൻ പ്രയാസമാണ്. 

അത് ആദ്യകാലം. കുറെക്കഴിഞ്ഞപ്പോൾ, അതുവരെ പഠിച്ചതും പഠിപ്പിച്ചതുമായ ഉപദേശങ്ങൾ വിട്ട് മറ്റൊരു തലത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ ചുവടുമാറ്റം അമ്പരപ്പിച്ചത് ആയിരക്കണക്കിനു സുവിശേഷ സ്നേഹികളെ പോലെ ഗുഡ്‌ന്യൂസ് പ്രവർത്തകരെയുമാണ്. അത് എനിക്കറിയാവുന്ന സുവി. കെ.പി. യോഹന്നാന്റെ തിരോധാനമായിരുന്നു. അതിനുശേഷമുള്ള കെ.പി.യെ കുറിച്ച് അറിവും ബന്ധവും എനിക്കില്ല. ഭാവത്തിലും രൂപത്തിലും മാത്രമല്ല ഉപദേശത്തിലും, പഠിപ്പിക്കലുകളിലും, ജീവിത രീതികളിലും വലിയ മാറ്റം പ്രകടമായിക്കൊണ്ടിരുന്നു. വിശദീകരണത്തിനു ഇവിടെ ശ്രമിക്കുന്നില്ല. തൻ്റെ അടുത്ത കാലത്തെ ചില പ്രഭാഷണങ്ങളെയും പഠിപ്പിക്കലുകളെയും കുറിച്ചു കേട്ടപ്പോൾ  ദു:ഖം തോന്നിയെന്നു മാത്രമല്ല ഞാൻ പരിചയപ്പെട്ട കെപി യിലെ സുവിശേഷകൻ എന്നേ മൺമറഞ്ഞു എന്നു ബോധ്യമായി!

ആശയപരമായി ഏറെ വിയോജിപ്പുകൾ ഉണ്ടെങ്കിലും തൻ്റെ ആകസ്മികമായ വേർപാടിൻ്റെ വാർത്ത ഹൃദയത്തിൽ വലിയ ഞെട്ടലുളവാക്കി. ഒരിക്കൽ കേരളം കണ്ട മികച്ച സുവിശേഷകൻ ഓർമയായി മാറി ! ഭാരതത്തെ ഇളക്കിമറിച്ച ആ സുവിശേഷകൻ്റെ പ്രസരിക്കുന്ന മുഖം കാണാൻ കഴിയാത്തതിനാൽ അന്തിമ ശുശ്രുഷയിൽ പങ്കെടുക്കുകയെന്ന  സാഹസത്തിനു മുതിരുന്നില്ല.

Advertisement