ഉപകാരങ്ങൾ മറക്കരുത്

ഉപകാരങ്ങൾ മറക്കരുത്

റവ. ജോർജ് മാത്യു പുതുപ്പള്ളി

ണ്ടാം ലോകമഹായുദ്ധത്തിൽ സാരമായി പരുക്കേറ്റ ഒരു പട്ടാളക്കാരനെ സുരക്ഷിതസ്ഥാനത്ത് എത്തിക്കുന്നതിന് ഒരു പട്ടാള ക്യാപ്റ്റൻ ശ്രമിക്കുന്നതിനിടയിൽ ശത്രുവിന്റെ വെടിയേറ്റ് ക്യാപ്റ്റൻ നിലത്തുവീണു. അവരെ രണ്ടു പേരെയും മറ്റു പട്ടാളക്കാർ ആശുപത്രിയിലെത്തിച്ചു. പട്ടാളക്കാരൻ ക്രമേണ മരണത്തിൽനിന്നു വിടുതൽ പ്രാപിച്ചെങ്കിലും ക്യാപ്റ്റൻ മരിച്ചുപോയി.

ക്യാപ്റ്റന്റെ മാതാപിതാക്കൾ പട്ടാളക്കാരനെ സ്വീകരിക്കുന്നതിനായി ഒരു വിരുന്ന് സംഘടിപ്പിച്ചു. പട്ടാളക്കാരൻ മരിച്ചുപോയ തങ്ങളുടെ മകന്റെ ത്യാഗത്തെപ്പറ്റി എന്തെങ്കിലും നന്ദിവാക്ക് പറയുമെന്ന് ക്യാപ്റ്റന്റെ മാതാപിതാക്കൾ കരുതി. എന്നാൽ പട്ടാളക്കാരൻ മദ്യപിച്ച് സമയം വൈകിയാണ് വിരുന്നിന് എത്തിയത്. വിരുന്നിൽ മൂക്കുമുട്ടെ ഭക്ഷിച്ചെങ്കിലും അയാൾ തന്റെ ജീവൻ രക്ഷിക്കുവാൻ ശ്രമിച്ച ക്യാപ്റ്റനെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. വിരുന്ന് നൽകിയ ക്യാപ്റ്റന്റെ മാതാപിതാക്കളോടും ഒരു വാക്ക് നന്ദി പറയുവാൻ അയാൾ ശ്രമിച്ചില്ല.

ദാവീദ് രാജാവ് ദൈവത്തെ എപ്പോഴും വാഴ്ത്തുവാൻ തന്റെ മനസിനെ ഉണർത്തുന്നതിനുള്ള കാരണം ദൈവം തനിക്കു ധാരാളം ഉപകാരം ചെയ്തു എന്നതാണ്. ഉപകാരം ചെയ്തവരെ ഓർക്കുന്നത് ഉപകാരത്തെ ഓർക്കുന്നതിനു തുല്യമാണ്. ഉപകാരം ഓർക്കുമ്പോൾ ഉപകാരം ചെയ്തവർക്ക് നന്ദി പറയേണ്ട ആവശ്യംകൂടി അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ദൈവം ചെയ്ത ഉപകാരങ്ങൾ ഓർത്തപ്പോൾ ദൈവത്തിനു നന്ദി പറയേണ്ടത് ആവശ്യമായി തോന്നിയതുകൊണ്ടാണ് ദാവീദ് രാജാവ് ദൈവത്തെ വാഴ്ത്തുവാൻ തന്റെ മനസിനെ ഉത്തേജിപ്പിച്ചത്.

ദൈവം ചെയ്ത ഉപകാരങ്ങളിൽ ദാവീദ് ആദ്യം ഓർത്തത് 'അവൻ നിന്റെ അകൃത്യമൊക്കെയും മോചിക്കുന്നു' എന്ന കാര്യമാണ്. 'നിന്റെ അകൃത്യമെന്ന്' ദാവീദ് ഇവിടെ പറഞ്ഞിരിക്കുന്നത് ദാവീദിന്റെ അകൃത്യങ്ങളെപ്പറ്റിയാണ്. നമ്മുടെ ഓരോരുത്തരുടെയും മനസിലെ അകൃത്യങ്ങൾ ഒക്കെയും മോചിച്ച കർത്താവിനെ നാം മനസുകൊണ്ടും ആത്മാവുകൊണ്ടും സദാ സമയവും സ്തുതിക്കുവാൻ കടപ്പെട്ടവരാണ്. അതിനായി ദാവീദിനെപ്പോലെ നമ്മുടെ മനസിനെയും ആത്മാവിനെയും ഒരുക്കാം.

പ്രിയ സഹോദരങ്ങളേ, യേശുകർത്താവ് നമുക്ക് എത്രയോ നന്മകളും ഉപകാരങ്ങളും ചെയ്തിരിക്കുന്നു. അതിനെല്ലാം നന്ദിയുള്ളവരായി ദൈവത്തെ സ്തുതിക്കുവാൻ നമ്മുടെ മനസിനെ സജ്ജമാക്കുമ്പോൾ ദൈവം കൂടുതൽ കൂടുതൽ നന്മകൾ നൽകി നമ്മെ അനുഗ്രഹിക്കും. തന്റെ മക്കളുടെ ഹൃദയാന്തർഭാഗത്തു നിന്നുയരുന്ന നന്ദി നിറഞ്ഞ സ്തുതി സ്തോത്രങ്ങൾ കേൾക്കുമ്പോൾ നമ്മുടെ കർത്താവിനുണ്ടാകുന്ന സന്തോഷം എത്രയധികമായിരിക്കുമെന്ന് നാം ഓർത്തുനോക്കുക.

ചിന്തക്ക് : 'യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന് എന്തു പകരം കൊടുക്കും ? ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. യഹോവയ്ക്കു ഞാൻ എന്റെ നേർച്ചകളെ അവന്റെ സകല ജനവും കാൺകെ കഴിക്കും' (സങ്കീർത്തനങ്ങൾ 116 : 12--14).

Advertisement