ക്രിസ്മസ് വിരുന്നു ഒരുക്കി പ്രധാനമന്ത്രി ; ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കും
ക്രിസ്മസ് വിരുന്നൊരുക്കി പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നാളെ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന വിരുന്നിൽ മതമേലധ്യക്ഷന്മാരും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താൻ കേരളത്തിൽ എൻഡിഎ സ്നേഹയാത്ര സംഘടിപ്പിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിരുന്ന്.
ക്രൈസ്തവ വിഭാഗങ്ങളിലേയ്ക്ക് ബിജെപിയെ അടുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട്വീ വീണ്ടും. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ. മണിപ്പുർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ക്രൈസ്‌തവ മതമേലധ്യക്ഷന്മാരെയും പ്രമുഖരെയും വിരുന്നിന് ക്ഷണിച്ച് ഒപ്പമുണ്ടെന്ന സന്ദേശം കൂടുതൽ ശക്തമായി നൽകുകയാണ് ലക്ഷ്യം.
വിരുന്നിന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ക്ഷണവും സംഘാടനവും. അരുൺ ജയ്റ്റ്ലിയുടെയും സ്മൃതി ഇറാനിയുടെയും ഔദ്യോഗിക വസതികളിൽ നേരത്തെ ക്രസ്മസ് വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പങ്കെടുക്കാറുണ്ട്. എന്നാൽ തന്റെ ഔദ്യോഗിക വസതിയിൽ തന്നെ വിരുന്ന് സംഘടിപ്പിച്ച് വലിയ നീക്കമാണ് ഇത്തവണ പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. കേരളത്തിൽ നിന്ന് വ്യവസായികൾ അടക്കം പങ്കെടുക്കും. നേരത്തെ ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ സേക്രട്ട് ഹാർട്ട് ദേവായലയം സന്ദർശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആശംസകൾ ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും എത്തിക്കാൻ ബിജെപി കേരളത്തിൽ സ്നേഹയാത്ര നടത്തുന്നുണ്ട്. മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം അടക്കം നാളത്തെ വിരുന്നിൽ ചർച്ചയായേക്കും. കേരളത്തിലെത്തിയപ്പോൾ ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി കൊച്ചിയിൽ മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.