യഹോവയുടെ കരം

യഹോവയുടെ കരം

 ലായി, യുഎസ്എ.

എന്നാൽ യഹോവയുടെ കൈ ഏലിയാവിന്റെ മേൽ വന്നു. അവൻ അരമുറുക്കി കൊണ്ട് ഇസ്രയേലിൽ എത്തുംവരെ ആഹാബിന് മുൻപായി ഓടി. (1 രാജാ.18: 16).

യഹോവയുടെ കൈ ഒരാൾക്ക് അനുകൂലമായി വന്നാൽ അവൻ അസാധാരണ പ്രവർത്തികൾ ചെയ്യും എന്നതിൽ സംശയമില്ല. ആഹാബ് രഥത്തിലാണ് ഇസ്രയേലിനു പോയത്. എന്നാൽ ഏലിയാവോ മുന്നേ ഓടിയെത്തിയെന്ന് നാം കാണുന്നു. രഥം വലിക്കുന്നത് കുതിരകളാണ്. അതിനാലാണ് മനുഷ്യർ ഓടുന്നതിലും അധികം വേഗത്തിൽ ഓടുന്നത്.

 വചനം പറയുന്നു യഹോവയുടെ കൈ ഏലിയാവിന്റെമേൽ വന്നു അവൻ ആഹാബിനു മുൻപേ ഓടിയെത്തി. പുറപ്പാട് 15: 6 യിൽ യഹോവയെ നിന്റെ വലംകൈ ബലത്തിൽ മഹത്വപ്പെട്ടു. യഹോവയെ നിന്റെ വലം കൈ ശത്രുവിനെ തകർത്തു കളഞ്ഞു എന്നു നാം കാണുന്നു. യഹോവയുടെ കൈ തൻറെ ഭക്തന്മാർക്ക് അനുകൂലമായും ശത്രുവിനെ പ്രതികൂലമായൂം പ്രവർത്തിക്കുന്നു. അതിനാൽ പ്രിയപ്പെട്ടവരെ നാം യഹോവയുടെ കരങ്ങളിൽ ആണെങ്കിൽ ശത്രുവിനെ പേടിക്കേണ്ട കാര്യമില്ല. ശത്രുവായവൻ വായിപിളർന്നുകൊണ്ട് ആരെ വിഴുങ്ങേണ്ടു എന്ന് വച്ചു ചുറ്റിത്തിരിയുമ്പോൾ അതിൻറെ വായിൽ നിന്നും രക്ഷിക്കുന്നത് ദൈവമാണെന്ന് ഓർത്തു കൊള്ളുക. മത്തായി 9: 25 ; യേശു പുരുഷാരത്തെ പുറത്താക്കി അകത്തു കടന്ന് ബാലയുടെ കൈപിടിച്ചു എഴുന്നേൽപ്പിച്ചു, ഈ വർത്തമാനം ദേശമൊക്കെയും പരന്നു.

യേശുവിൻറെ കരം സൗഖ്യം പ്രദാനം ചെയ്യുന്നതാണ്. നമുക്ക് അവന്റെ കരങ്ങളിൽ തന്നെയായിരിക്കാം. മാനുഷിക കരങ്ങൾ തളർന്നുപോകുമ്പോൾ യഹോവയുടെ കരം വീര്യം പ്രവർത്തിക്കുന്നു. ആ ബലമുള്ള കരങ്ങളിൽ തന്നെ നമുക്ക് താണിരിക്കാം. മോശയുടെ കരം ഉയർന്നിരുന്നു, കുറെ കഴിഞ്ഞപ്പോൾ താണുപോയി എന്നാൽ അഹരോനും ഹൂരും താങ്ങി നിർത്തിയതിനാൽ ഇസ്രയേലിന് ജയം ഉണ്ടായി. 

യേശുവിൻറെ കരം നമുക്ക് വേണ്ടി എപ്പോഴും ഉയർന്നിരിക്കുന്നു. മാർക്കോ. 6:5 യിൽ യേശു ചില രോഗികളുടെ മേൽ കൈവെച്ച് സൗഖ്യം വരുത്തി എന്ന് വായിക്കുന്നു. സൗഖ്യം ആക്കുന്ന യേശുവിൻറെ കരം പിന്നെയും കാണാം അത്, അവൻ തന്റെ കരം വെച്ച് സൗഖ്യമാക്കുന്ന ഗിലയാദിലെ വൈദ്യനാണ്. നമുക്ക് അവനിൽ തന്നെ ആശ്രയിക്കാം.

സങ്കീർത്തനം 89: 13 യിൽ പറയുന്നു, "നിനക്ക് വീര്യം ഉള്ള ഒരു ഭുജമുണ്ട് നിൻറെ കൈ ബലം ഉള്ളതും നിൻറെ വലംകൈ ഉന്നതവും ആകും ആകുന്നു." പാട്ടുകാരൻ പാടിയതുപോലെ കരുത്തനായവൻ കരത്തിനാൽ പിടിച്ചിരിക്കുകയാൽ ഒരുത്തനും പിടിച്ചു വേർപെടുത്താൻ കഴിഞ്ഞിടാം! വിരുദ്ധമായി വരുന്നതൊന്നും എതുമേ ഭയന്നിടാ! ഇതന്തു ഭാഗ്യം യേശുരാജനോട് ചേർന്നു ഞാനിതാ... എന്തു അർത്ഥവത്തായ വരികളാണ് ഇത്. 

സങ്കീർത്തനം 98:1 "യോഹവയ്ക്ക് ഒരു പുതിയ പാട്ട് പാടുവിൻ അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു." അവൻറെ വലംകൈയും അവൻറെ വിശുദ്ധ ഭുജവും അവന് ജയം നേടിയിരിക്കുന്നു. അവിടെ നമുക്ക് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന യഹോവയുടെ കരം കാണുവാൻ സാധിക്കും. സർവ്വശക്തന്റെ കരങ്ങൾക്ക് ശക്തിയുണ്ട്. അത്ഭുതം ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 

അതുകൊണ്ട് പ്രിയ വായനക്കാരെ അവൻറെ കരങ്ങളിൽ തന്നെ നമ്മുക്ക് മുറുകെപ്പിടിക്കാം അവനിൽ തന്നെ ആശ്രയിക്കാം അവൻ നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നമുക്ക് നൽകും സങ്കീർത്തനം 16: 4 "അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും".... നമ്മുടെ ദൈവം മനസ്സലിവും കരുണയും ഉള്ളവൻ. നമ്മുടെ പാപങ്ങളെ എല്ലാം ചുമന്ന് നമുക്കുവേണ്ടി മരക്കുരിശിൽ മരിച്ചവൻ. അവസാന തുള്ളി രക്തവും നമുക്കുവേണ്ടി കാൽവരിയിൽ ഒഴുകിയവൻ അവനാണ് നമ്മുടെ വീണ്ടെടുപ്പുകാരൻ. അല്ലാതെ ലോകത്തിലുള്ള ആരുമല്ല. അതിനാൽ അവനിൽ തന്നെ ആശ്രയിക്കാം, അവനിൽ തന്നെ രസിക്കാം മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവുമില്ല. സ്വർഗ്ഗത്തിലേക്ക് ഉള്ള ഏക വഴി യേശുവാണ്. ഈ നല്ല ഇടയന്റെ കരങ്ങളിൽ പിടിച്ചു നമുക്ക് യാത്ര ചെയ്യാം. ഈ ലേഖനം നമുക്ക് എല്ലാവർക്കും ഒരു ആശ്വാസമായി തീരുവാൻ ദൈവം സഹായിക്കട്ടെ.