അമ്പൂരിയിൽ ലഹരി സംഘത്തിൻ്റെ അഴിഞ്ഞാട്ടം; പാസ്റ്റർക്കും വിശ്വാസിയ്ക്കും വെട്ടേറ്റു

അമ്പൂരിയിൽ ലഹരി സംഘത്തിൻ്റെ അഴിഞ്ഞാട്ടം; പാസ്റ്റർക്കും വിശ്വാസിയ്ക്കും വെട്ടേറ്റു

വാർത്ത: ബൈജു എസ്. പനയ്ക്കോട്

തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ ലഹരി സംഘത്തിൻ്റെ ഗുണ്ടാ ആക്രമണം. അമ്പൂരി സ്വദേശിയായ ഒരു പാസ്റ്ററെ സംഘം വെട്ടിപരിക്കേൽപ്പിച്ചു. കൺസ്യൂമർ ഫെഡ് ജീവനക്കാരിയെ ഉൾപ്പടെ നടുറോഡിൽ മർദിച്ചു. രക്ഷിക്കാനെത്തിയ ജീവനക്കാർക്കും ഭർത്താവിനും മർദ്ദനമേറ്റു.

കാരക്കോണത്ത് സ്വതന്ത്ര സഭാപ്രവർത്തനം നടത്തുന്ന അമ്പൂരി ആറുകാണി സ്വദേശി പാസ്റ്റർ അരുൾ ദാസിനാണ് വെട്ടേറ്റത്. പാസ്റ്റർ അരുളിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ കൺസ്യൂമർ ഫെഡ് ജീവനക്കാരൻ ബിജിൽ അഞ്ചുമരങ്കാല പൊന്നമ്പി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്. പരിക്കേറ്റവരിൽ ചിലർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് ബൈക്കുകളിൽ എത്തിയ നാലംഗ സംഘം പണവും അപഹരിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്‌ച രാത്രിയിലാണ് ലഹരിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റോഡിലൂടെ സഞ്ചരിച്ചവരെ തടഞ്ഞുനിർത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആരോപണം ഉയരുന്നുണ്ട്. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ ആക്രമണം 11-മണി വരെയാണ് തുടർന്നത്. രണ്ടുമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും പോലീസിന് തടയാനായില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അതേസമയം പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്.