മണി​പ്പൂ​ർ ക​ലാ​പം: പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നേതൃത്വത്തിൽ പാർലമെന്‍റിൽ പ്രതിഷേധം

മണി​പ്പൂ​ർ ക​ലാ​പം: പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നേതൃത്വത്തിൽ പാർലമെന്‍റിൽ പ്രതിഷേധം

മോൻസി മാമ്മൻ തിരുവനന്തപുരം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിഷേധം. ഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

പാർലമെന്‍റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ച എം.പിമാർ കേന്ദ്ര സർക്കാറിനെതിരെ പ്ലക്കാർഡ് ഉയർത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ മുന്നണി രൂപീകരിച്ച ശേഷം നടത്തുന്ന ആദ്യ പ്രതിഷേധ പരിപാടിയാണിത്. 

മണിപ്പൂര്‍ കലാപത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് മുമ്പ് പാര്‍ലമെന്റില്‍ മണിപ്പൂരിനെ കുറിച്ച് മോദി സംസാരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പ്രതിപക്ഷത്തെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഇന്നും ബഹളം തുടരുകയാണ്‌.

ലോക്‌സഭയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. സഭ ചേര്‍ന്നപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

ചോദ്യോത്തര വേളക്ക് ശേഷം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ഗൗരവരതരമായ വിഷയമാണെന്നും സഭ നടപടികള്‍ നിര്‍ത്തിവെച്ച് സഭ ഇക്കാര്യം ചര്‍ച്ച ചെയ്യണം, പ്രധാനമന്ത്രി രണ്ട് സഭകളെയും അഭിസംബോധന ചെയ്യണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Advertisement