ലക്ഷ്യബോധം നഷ്ടമാകുന്ന ആത്മീയത

ലക്ഷ്യബോധം നഷ്ടമാകുന്ന ആത്മീയത

റവ.ജോർജ് മാത്യു പുതുപ്പള്ളി

ഒരു ഗ്രാമത്തിൽ ഒരു സന്യാസാശ്രമം ഉണ്ടായിരുന്നു. ആത്മീയോപദേശങ്ങൾ തേടി ഗ്രാമവാസികൾ ആശ്രമത്തിൽ എത്തുക പതിവായിരുന്നു. അവരുടെ ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളിൽ ആശ്രമവാസികൾ അവർക്ക് ആശ്വാസത്തിന്റെ വാക്കുകൾ കൊടുക്കുന്നത് അവരെ സന്തോഷിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ ആശ്രമത്തിലെ പ്രധാനാചാര്യന് രോഗം പിടിപെട്ടു. രോഗം മാറുന്നതിന് പശുവിൻപാൽ ദിവസവും കുടിക്കണമെന്ന് വൈദ്യൻ പറഞ്ഞതനുസരിച്ച് പശുവിൻപാൽ കുടിച്ചു കൊണ്ടിരുന്നു. 

കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പാലിനുവേണ്ടി ചെലവഴിക്കുന്ന തുക ഒരു ഭാരമായി അവർക്കു തോന്നി. ആശ്രമത്തിൽ പശുക്കളെ വളർത്തുവാൻ സൗകര്യം ഉണ്ടായിരുന്നതിനാൽ ഒരു കറവപ്പശുവിനെ വാങ്ങുവാൻ ചിന്തിച്ചു. അത് വിജയിച്ചുവെന്ന് കണ്ടപ്പോൾ പശുക്കളുടെ എണ്ണം വർദ്ധിപ്പിച്ചു. ധാരാളം പാൽ കിട്ടുവാൻ തുടങ്ങിയപ്പോൾ അതു വിറ്റ് പണം ഉണ്ടാക്കി. അതോടെ പഴയതുപോലുള്ള ആത്മീയസന്ദേശങ്ങളുടെ ഉറവ ആശ്രമത്തിൽ വറ്റിപ്പോയി.

ക്രിസ്തീയജീവിതം ലക്ഷ്യബോധത്തോടുകൂടിയുള്ള ജീവിതമാണ്. ലക്ഷ്യബോധം നഷ്ടമായാൽ ക്രിസ്തീയജീവിതം പരാജയപ്പെടും. ലക്ഷത്തിൽനിന്നും ക്രിസ്തീയവിശ്വാസികളെ അകറ്റിക്കളയുന്നതിന് ആവശ്യമായ തന്ത്രങ്ങളാണ് ശത്രുവായ പിശാച് ഓരോരുത്തരിലും പ്രയോഗിക്കുന്നത്. ഓരോരുത്തരുടെയും മനസിന്റെ നില അറിഞ്ഞ് ലക്ഷ്യം തെറ്റിക്കുന്നതിന് ആവശ്യമായ ഉപായങ്ങൾ പിശാച് കൊണ്ടുവരും. അതു നമ്മുടെ നന്മയ്ക്കും നിലനിൽപ്പിനും ആവശ്യമാണെന്ന ബോദ്ധ്യം പിശാച് നമ്മിൽ വളർത്തിയെടുക്കും. നാം ധൃതിയായി പറഞ്ഞുപോകുന്ന വാക്കുകളും ലക്ഷത്തിൽനിന്നു നമ്മെ അകറ്റുന്നതായിത്തീരാം. ഇത് തുടരുമ്പോൾ ലക്ഷ്യബോധത്തിൽനിന്നും നാം അകന്നു പൊയ്ക്കൊണ്ടിരിക്കും. ഒടുവിൽ ക്രിസ്തീയ ജീവിതത്തിന്റെ ലക്ഷ്യത്തിന് നമ്മിൽ സ്ഥാനമൊന്നും ഇല്ലാതെയായിത്തീരും.

സുവിശേഷത്തിൽ ഒരു പങ്കാളിയായിത്തീരുക എന്നത് അപ്പൊസ്തനായ പൗലൊസിന്റെ ജീവിതലക്ഷ്യം ആയിരുന്നു. ആ ലക്ഷ്യത്തിൽനിന്നും അദ്ദേഹത്തെ തെറ്റിക്കുന്നതിന് പിശാച് വളരെയേറെ ശ്രമിച്ചിരുന്നു. ശരീരത്തെക്കുറിച്ചുള്ള ചിന്തയിൽ പൗലൊസിന് ആഹാരം ഒരു പ്രശ്നമായി മാറാമായിരുന്നു. എന്നാൽ ഈ വിഷയം ലക്ഷ്യത്തിൽനിന്നു തന്നെ തെറ്റിക്കുവാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചിരുന്നില്ല. സ്വന്തകാര്യങ്ങൾക്കു നൽകുന്ന അമിതമായ പ്രാധാന്യം 'നിത്യത' (Eternity)യെക്കുറിച്ചുള്ള ചിന്തയിൽനിന്നും നമ്മെ പിറകോട്ടു പിടിച്ചു വലിക്കുകയും ലക്ഷ്യബോധത്തിൽനിന്ന് നമ്മെ അകറ്റുകയും ചെയ്യുമെന്നുള്ള സത്യം നാം ഒരിക്കലും വിസ്മരിച്ചുപോകരുത്.

ചിന്തക്ക് : 'അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വർഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുവിൻ. മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തൻ ആകുന്നു. ഭവനത്തെക്കാളും ഭവനം ചമച്ചവന് അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിനു യോഗ്യൻ എന്ന് എണ്ണിയിരിക്കുന്നു. ഏത് ഭവനവും ചമപ്പാൻ ഒരാൾ വേണം. സർവവും ചമച്ചവൻ ദൈവംതന്നെ. അവന്റെ ഭവനത്തിലൊക്കെയും മോശെ വിശ്വസ്തനായിരുന്നത് അരുളിച്ചെയ്‌വാനിരുന്നതിനു സാക്ഷ്യം പറയുന്ന ഭ്റുത്യനായിട്ടത്രേ. ക്രിസ്തുവോ, അവന്റെ ഭവനത്തിന് അധികാരിയായ പുത്രനായിട്ടുതന്നെ. പ്രത്യാശയും ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നെ അവന്റെ ഭവനം ആകുന്നു' (എബ്രായർ 3 : 3...6).

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement