ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ
റവ. ജോർജ് മാത്യു പുതുപ്പള്ളി
സായാഹ്നസമയത്ത് ഉയർന്ന കുന്നിന്റെ മുകളിൽ പിതാവും മകനും പ്രകൃതിദൃശ്യം ആസ്വദിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. മകൻ പിതാവിനോടു ചോദിച്ചു : ഡാഡീ, ഇതൊക്കെ സൃഷ്ടിച്ചത് ദൈവമാണോ ?' 'അതെ മകനെ' പിതാവ് പറഞ്ഞു 'അത്ര വലിയ സ്രഷ്ടാവാണ് നമ്മുടെ ദൈവം. ആ ദൈവമാണ് അഗാധമായി നമ്മെ സ്നേഹിക്കുന്നത്.' 'ദൈവം എത്രമാത്രം സ്നേഹിക്കുന്നു, എത്രമാത്രം വലിയതാണത് ?' കുട്ടിക്ക് വീണ്ടും സംശയം. ശാന്തമനസ്സോടെ പുഞ്ചിരിതൂകി പിതാവ് വിശദീകരിച്ചു : 'നോക്കൂ, ഇവിടെനിന്നു കിഴക്കോട്ടു നോക്കിയാൽ എത്ര ദൂരമുണ്ട്, വളരെയധികം, അല്ലേ ? അതുപോലെ നാലുവശത്തേക്കും നോക്കുക. അതിലും വലിയതാണ് ദൈവത്തിന്റെ സ്നേഹം.' അതു കേട്ടയുടനെ തിളങ്ങുന്ന കണ്ണുകളോടെ കുട്ടി പറഞ്ഞു : 'അങ്ങനെയെങ്കിൽ ഇപ്പോൾ നാം നിൽക്കുന്നത് ദൈവസ്നേഹത്തിന്റെ ഒത്ത നടുവിലാണ്, അല്ലേ ഡാഡീ ?'
തന്റെ പിതാവിന്റെ വാക്കുകളിലൂടെ ദൈവസ്നേഹത്തിന്റെ വ്യാപ്തി എത്രത്തോളം മനസ്സിലാക്കുവാൻ ആ കുട്ടിക്കു കഴിഞ്ഞു എന്നറിയില്ല. എങ്കിലും അവനൊരു വലിയ സത്യം ഗ്രഹിച്ചു. ദൈവസ്നേഹത്തിന്റെ മദ്ധ്യേയായിരിക്കുവാൻ നമുക്കു കഴിയും. അത് വാസ്തവമാണ്. ദൈവസ്നേത്തിന്റെ നടുവിലായിരിക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭാഗ്യമേറിയ അവസ്ഥയാണ്. പക്ഷെ പലപ്പോഴും നാം അതിനെപ്പറ്റിയുള്ള സ്ഥലകാലബോധം ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നതു മാത്രമാണ് ഏറെ ദുഖ:കരം.
ദൈവസ്നേഹത്തിന്റെ മർമ്മം തന്റെ ജീവിതാനുഭവത്തോടു ചേർത്ത് സെന്റ് പോൾ പറയുന്നതു ശ്രദ്ധിക്കുക : ആ പാപികളിൽ ഞാൻ ഒന്നാമൻ. എന്നിട്ടും യേശുക്രിസ്തു നിത്യജീവനായിക്കൊണ്ട് തന്നിൽ വിശ്വസിക്കുവാനുള്ളവർക്ക് ദൃഷ്ടാന്തത്തിനായി സകല ദീർഘക്ഷമയും ഒന്നാമനായ എന്നിൽ കാണിക്കേണ്ടതിന് എനിക്കു കരുണ ലഭിച്ചു' (1 തിമൊ. 1 : 16). അർഹതയില്ലാത്ത ഇടത്തേക്കു പകരപ്പെടുന്ന സീമയറ്റ ദൈവകൃപയ്ക്കു പിന്നിൽ ദൈവത്തിന്റെ നിത്യസ്നേഹമാണ് ഉണ്ടായിരിക്കുക. തന്നെ രക്ഷിക്കുവാൻ ദൈവകൃപ പകർന്നുവെങ്കിൽ അത് മറ്റുള്ളവർക്കും എത്രയധികമായി പകരപ്പെടും എന്ന ധ്വനിയാണ് 'പാപികളിൽ ഒന്നാമൻ' എന്ന് സ്വയം അംഗീകരിക്കുന്ന പൗലൊസ് അപ്പൊസ്തലന്റെ വാക്കുകളിൽ മറഞ്ഞുകിടക്കുന്നത്. അയോഗ്യരായ നമ്മെയും ദൈവം സ്നേഹിക്കുന്നു എന്ന അറിവ് അവനിലൂടെ നമുക്ക് പകർന്നു തരുന്നതിനു വേണ്ടിയാണ് അയോഗ്യനായ പൗലൊസിനെ ദൈവം സ്നേഹിച്ചത്. അതേ സ്നേഹം മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുവാൻ നമുക്കും ഉത്തരവാദിത്വമുണ്ട് എന്ന സത്യം നാം വിസ്മരിച്ചുപോകരുത്.
ചിന്തക്ക് : 'കാണ്മീൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നൽകിയിരിക്കുന്നു. അങ്ങനെ തന്നെ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു. അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമലീകരിക്കുന്നു. പാപം ചെയ്യുന്നവൻ എല്ലാം അധർമവും ചെയ്യുന്നു. പാപം അധർമം തന്നെ' (1 യോഹന്നാൻ 3 : 1...4).

