ഹൃദയം ശുദ്ധമായാൽ ജീവിതം തിരികെപ്പിടിക്കാം

ഹൃദയം ശുദ്ധമായാൽ  ജീവിതം തിരികെപ്പിടിക്കാം

റവ. ജോർജ് മാത്യു പുതുപ്പള്ളി

രണക്കിടക്കയിലായിരുന്ന ഒരു ധനികനായ വിശ്വാസി തന്റെ സൗഖ്യത്തിനായി സഭയിലെ പാസ്റ്ററെ വിളിച്ചു വരുത്തി. സ്ഥിരമായി ആരാധനക്ക് എത്താറുണ്ടെങ്കിലും അദ്ദേഹം അശുദ്ധമായ ജീവിതമാണ് നയിച്ചുവന്നിരുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ കപടവിശ്വാസം സഭക്ക് യാതൊരു പ്രയോജനവും ചെയ്തില്ല എന്നു മാത്രമല്ല അത് സഭക്ക് കൂടുതൽ ദുഷ്പേരുണ്ടാക്കുകയും ചെയ്തു.

വൃദ്ധനായ പാസ്റ്റർ ആ വിശ്വാസിയുടെ കിടക്കയ്ക്കു സമീപമെത്തി. അദ്ദേഹത്തിന്റെ പാപങ്ങളെക്കുറിച്ച് വ്യക്തമായി ഓർമിപ്പിച്ച് ഹൃദയത്തിൽ നടുക്കമുണ്ടാക്കുവാനും അതുവഴി മാനസാന്തരത്തിനും മടങ്ങിവരവിനും വഴിയൊരുക്കുവാനും ആഗ്രഹിച്ചു. പാസ്റ്റർ രോഗിയോട് ഇങ്ങനെ പറഞ്ഞു : 'സഹോദരാ, താങ്കൾ ജീവിച്ചിരിക്കണം എന്നു ഞാൻ പ്രാർത്ഥിക്കുന്നില്ല. താങ്കളുടെ ഇതുവരെയുള്ള ജീവിതംകൊണ്ട് ദൈവ ത്തിനോ ദൈവസഭയ്ക്കോ ദൈവരാജ്യത്തിനോ യാതൊരുവിധ പ്രയോജനവും ഉണ്ടായിട്ടില്ല. എല്ലാം അടക്കി ഭരിക്കണമെന്ന താങ്കളുടെ കടുംപിടുത്തം മൂലം അനേകർ സഭയിൽനിന്നും വിട്ടുപോയി. ഉള്ള വിശ്വാസികളാകട്ടെ, വേദനയോടെ താങ്കളെ സഹിക്കുകയാണ്‌.'

'താങ്കളുടെ കപടഭക്തി നിറഞ്ഞ ആരാധന മറ്റു വിശ്വാസികളുടെ ആത്മീയതാല്പര്യം ഇല്ലാതാക്കുന്നു. താങ്കളുടെ സമ്പത്തുകൊണ്ട് താങ്കൾക്കല്ലാതെ മറ്റാർക്കും ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. സഭയ്ക്കോ സുവിശേഷപ്രവർത്തനങ്ങൾക്കോ അത് ഉപകരിക്കുന്നില്ല. താങ്കളുടെ അഹങ്കാരം വർദ്ധിക്കാൻ മാത്രമാണ് അത് ഉപയോഗിച്ചത്. ഇനിയും താങ്കൾ ജീവിച്ചിരിക്കണമെന്ന് ഞാൻ എങ്ങനെയാണ് പ്രാർത്ഥിക്കുക ? അതുകൊണ്ട് ജീവിതത്തിന്റെ ഈ അവസാന നിമിഷങ്ങളിൽ താങ്കളുടെ പാപങ്ങളെയോർത്ത് അനുതപിക്കുകയും യേശുവിലേക്ക് മടങ്ങിവരികയും ചെയ്യുക.'

പാസ്റ്ററുടെ തുറന്നടിച്ചുള്ള സംസാരം മരണാസന്നനായ ധനികവിശ്വാസിയുടെ ഹൃദയത്തെ ഏറെ സ്പർശിച്ചു. അദ്ദേഹത്തിന്റെ അഹന്ത നിറഞ്ഞ ഹൃദയം തകർന്നു. അദ്ദേഹം നിറഞ്ഞ കണ്ണുകളോടെ തന്റെ പാപങ്ങളെ ദൈവമുമ്പാകെ ഏറ്റു പറയുകയും യേശുവിനായി ജീവിക്കുമെന്ന് ഒരു തീരുമാനം എടുക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിനു ജീവിക്കുവനുള്ള ഒരവസരംകൂടി നൽകണമെന്ന് പാസ്റ്റർ പ്രാർത്ഥിച്ചു. രക്ഷയുടെ സന്തോഷത്താൽ ആ മനുഷ്യന്റെ ഹൃദയം നിറച്ച ദൈവം അദ്ദേഹത്തിന്റെ ആയുസ് നീട്ടിക്കൊടുത്തു ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം പൂർണസൗഖ്യം പ്രാപിച്ചു. ശേഷമുള്ള ജീവിതം ദൈവത്തിനും മനുഷ്യർക്കും സഭക്കും പ്രയോജനമുള്ളവനായി ജീവിച്ചു. ആ ധനികവിശ്വാസിയുടെ മാനസാന്തരം നമുക്കും ഒരു മാതൃകയായിരിക്കട്ടെ.

ചിന്തക്ക് : 'തടവിൽ ഇരിക്കുമ്പോൾ ഞാൻ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിനു വേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്. അവൻ മുമ്പേ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു ഇപ്പോൾ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവൻ തന്നെ. എനിക്കു പ്രാണപ്രിയനായ അവനെ ഞാൻ മടക്കി അയച്ചിരിക്കുന്നു. സുവിശേഷം നിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നിനക്കു പകരം എന്റെ അടുക്കൽതന്നെ നിർത്തിക്കൊൾവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്റെ ഗുണം നിർബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‌വാൻ എനിക്കു മനസ്സില്ലായിരുന്നു. അവൻ അല്പകാലം വേർവിട്ടു പോയത് അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന് ആയിരിക്കും. അവൻ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരൻ തന്നെ. അവൻ വിശേഷാൽ എനിക്കു പ്രിയൻ എങ്കിൽ നിനക്കു ജഡസംബന്ധമായും കർത്തൃസംബന്ധമായും എത്ര അധികം ? ആകയാൽ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കിൽ അവനെ എന്നെപ്പോലെ ചേർത്തുകൊൾക' (ഫിലേമൊൻ 10...17).