ഏഴംകുളം സാംകുട്ടി അനുസ്മരണ സമ്മേളനം ഡാളസിൽ
വാർത്ത: സാം മാത്യു, ഡാളസ് .
ഡാളസ്: സാഹിത്യരംഗത്തും ആത്മീയ ശുശ്രൂഷാരംഗത്തും ഒരുപോലെ സജീവ സാന്നിധ്യമായിരുന്ന ഡോ. ഏഴംകുളം സാംകുട്ടിയുടെ സ്മരണാർത്ഥം കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക – ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മെയ് 17 ഞായറാഴ്ച മൗണ്ട് സിനായ് ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിൽ നടന്ന സമ്മേളനത്തിൽ ചാപ്റ്റർ പ്രസിഡന്റ് ഷാജി മണിയാറ്റ് അധ്യക്ഷത വഹിച്ചു.

കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം (കെ.പി.ഡബ്ല്യു.എഫ്) ഡാളസ് ചാപ്റ്ററിന്റെ 2011-ൽ നടന്ന പ്രാരംഭ യോഗത്തിൽ അധ്യക്ഷൻ ഷാജി മണിയാറ്റ് ഡോ.ഏഴംകുളം സാംകുട്ടിയെ കുറിച്ചുള്ള സുപ്രധാന ഓർമ്മകൾ തന്റെ ആമുഖ സന്ദേശത്തിൽ പങ്കിട്ടു.
ചാപ്റ്റർ സെക്രട്ടറി എസ്.പി. ജെയിംസ് സ്വാഗതം പറഞ്ഞു. ഡാളസിലെ വിവിധ ക്രൈസ്തവ സഭകളോടും എഴുത്തുകാരോടും ഡോ. സാംകുട്ടിക്കുണ്ടായിരുന്ന ആഴമേറിയതും ഹൃദ്യവുമായ ഇഴയടുപ്പത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഡോ. ഏഴംകുളം സാംകുട്ടിയുടെ മാതൃകാപരമായ വ്യക്തിജീവിതത്തെയും, സാഹിത്യ-സുവിശേഷ മേഖലകളിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകളും ചിന്തകളും ചടങ്ങിൽ പങ്കെടുത്തവർ പങ്കുവെച്ചു.
പാസ്റ്റർമാരായ ഡോ. തോമസ് ഇടിക്കുള, ബെൻസൺ ഏബ്രഹാം, ഡോ. തോമസ് മുല്ലക്കൽ, ജോൺസൺ സഖറിയ, ഏബ്രഹാം തോമസ് എന്നിവരും, മാധ്യമ പ്രവർത്തകരായ പി.പി. ചെറിയാൻ (ഡി – മലയാളി), സിജു വി. ജോർജ്ജ് (കേരള ലിറ്റററി സൊസൈറ്റി), വെസ്ളി മാത്യു (ഗുഡ്ന്യൂസ്) എന്നിവരും യോഗത്തിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. മാധ്യമ പ്രതിനിധികളായ പ്രസാദ് തീയാടിക്കൽ, തോമസ് ചെള്ളേത്ത് (ഡാളസ് സിറ്റി വൈഡ് ട്രഷറർ), തുടങ്ങി സാമൂഹിക-സാംസ്കാരിക-മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികളും ആദരവ് അർപ്പിച്ചു.

