തോമസ് ഫിലിപ്പ് - ജോർജ് തോമസ് സ്കോളർഷിപ്പ് ഗുഡ്‌ന്യൂസിലൂടെ; വിതരണം ഒക്ടോബർ 5ന്
'സുവിശേഷമുന്നേറ്റത്തിലെ സൗമ്യനായ നേതാവ്' മണ്മറഞ്ഞ പാസ്റ്റർ തോമസ് ഫിലിപ്പിന്റെയും അദ്ദേഹത്തിന്റെ മകൻ പരേതനായ ജോർജ് തോമസിൻ്റെയും ഓർമയ്ക്കായി ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് കുടുംബാംഗങ്ങൾ ആരംഭിച്ച 'തോമസ് ഫിലിപ്പ് - ജോർജ് തോമസ് സ്കോളർഷിപ്പ് പദ്ധതി'യുടെ ഈ വർഷത്തെ വിതരണം ഒക്ടോബർ അഞ്ചിന് നടക്കും. തിരുവല്ലയിലുള്ള പാസ്റ്റർ തോമസ് ഫിലിപ്പിന്റെ ഭവനത്തോടു ചേർന്നുള്ള സഭാഹാളിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ സഭാനേതാക്കളും, രാഷ്ട്രീയ പ്രമുഖരും, കു ടുംബാംഗങ്ങളും പങ്കെടുക്കും. ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിക്ക് ലഭിച്ച അപേക്ഷകളിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പഠിക്കുന്ന ഏറ്റവും അർഹരായ വിദ്യാർഥികൾ ക്കാണ് ഈ വർഷം സഹായം ലഭ്യമാവുക.
കേരളത്തിലെ പ്രസിദ്ധമായ വേദപഠന ശാലകളിലൊന്നായ പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി സ്ഥാപകരിൽ ഒരാളായ പാസ്റ്റർ തോമസ് ഫിലിപ്പിന്റെ ദർശനത്തിന്റെ ഫലമായാണ് കേരളത്തിലെ മുൻനിര പെന്തെക്കോസ്തുതു പ്രസ്ഥാനങ്ങളിലൊന്നായി വളർന്ന ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് പിറവി കൊണ്ടത്. പെന്തെക്കോസ്‌തു ഐക്യത്തിനായി നിലകൊണ്ട അദ്ദേഹത്തിന്റെ ഉത്സാഹമാണ് കേരള പെന്തെക്കോസ്‌തൽ ഫെല്ലോഷിപ്പ് എന്ന ഉപദേശൈക്യമുള്ള സഭാസംഘടനകളുടെ കൂട്ടായ്മ.
സഹോദരിമാരുടെ ആത്മീയ വളർച്ചയ്ക്കും സുവിശേഷീകരണത്തിനും നിരവധി സംഭാവനകൾ നൽകിയ യൂണിയൻ ക്രിസ്ത്യൻ വിമൻസ് ഫെല്ലോഷിപ്പ് എന്ന സംഘടനയുടെ ആരംഭത്തിനു കാരണമായി തീർന്നത് പാസ്റ്റർ തോമസ് ഫിലിപ്പിൻ്റെ ദീർഘവീക്ഷണവും സമർപ്പണവും ഹൃദയത്തിൽ അണയാത്ത സുവിശേഷാത്മാവുമായിരുന്നു.
പാസ്റ്റർ തോമസ് ഫിലിപ്പിന്റെ സഹധർമിണി മേഴ്സി തോമസിന്റെയും മക്കളുടെയും ആഗ്രഹപ്രകാരമാണ് 2024 മുതൽ സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്.



