റ്റിപിഎം ഡൽഹി സെന്റർ കൺവൻഷൻ ഒക്ടോ.16 മുതൽ
ന്യൂഡൽഹി: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡൽഹി - എൻ.സി.ആറിലെ ഏറ്റവും വലിയ ആത്മീയസംഗമവുമായ ഡൽഹി സെന്റർ വാർഷിക കൺവൻഷൻ ഒക്ടോബർ 16 വ്യാഴം മുതൽ 19 ഞായർ വരെ നജഫ്ഗ്രഹ് - രോഹ്ഠക് റോഡിലെ റ്റി.പി.എം സൊസൈറ്റി പ്രയർ ഹൗസിൽ (ഹിരൻ കുഡ്നാ എയർ ഫോഴ്സ് ക്യാമ്പിന് എതിർവശം) നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും.
സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗം തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഡൽഹി സെന്ററിലെ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ 32 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗം നടക്കും.

