ശുശ്രൂഷയുള്ളവരെ തിരിച്ചറിഞ്ഞ മാതൃകാ ഇടയൻ 

ശുശ്രൂഷയുള്ളവരെ തിരിച്ചറിഞ്ഞ മാതൃകാ ഇടയൻ 

റവ.ഡോ.മോനിസ് ജോർജ്. യുഎസ്എ 

ഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ എം വി വർഗീസ് അപ്പച്ചനെ ഓർക്കുമ്പോൾ എഴുതി തീർക്കാനാവാത്ത വിധം സ്മരണകൾ നിറഞ്ഞു നിൽക്കുന്നു. 

കർത്തൃ ശുശ്രൂഷക്ക് വിളിയുള്ളവരെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതിലും അവസരങ്ങൾ നൽകുന്നതിലും താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് തന്റെ കാഴ്ചപ്പാടിന്റെ തെളിവാണ്. മാസയോഗങ്ങളിലും മറ്റു പൊതുയോഗങ്ങളിലും സീനിയോറിറ്റി നോക്കാതെ ശുശ്രൂഷയുള്ളവർക്ക് അൽപ സമയങ്ങൾ ശുശ്രൂഷിക്കുവാൻ സമയം നൽകുന്നത് തന്റെ പതിവായിരുന്നു. അങ്ങനെ ലഭിച്ച അവസരങ്ങൾ എന്റെ പിൽക്കാല ശുശ്രൂഷകൾക്ക് വളരെ പ്രയോജനപ്രദമായി തീർന്നിട്ടുണ്ട്. 

1980 കളിൽ ബേബിച്ചായൻ ഐ പി സി ആലപ്പുഴ ഡിസ്ട്രിക്ടിന്റെ പാസ്റ്ററായി ചുമതല ഏൽക്കുമ്പോൾ പ്രസ്തുത സെന്ററിലെ ഏവൂർ സഭയിലെ ഒരംഗമായിരുന്നു ഞാൻ പ്രാരംഭനാളുകളിൽ പ്രിയ ദൈവദാസന്റെ കീഴിൽ ഡിസ്ട്രിക്റ്റിലെ പിവൈപിഎ പ്രവർത്തനങ്ങളിൽ സജീവമാകുവാൻ കഴിഞ്ഞു.

1987 - ൽ കുമ്പനാട് ദൈവവചനം പഠിക്കുവാൻ എന്നെ പ്രാർത്ഥിച്ചു അയച്ചത് ബേബിച്ചായനാണ്. 1990- ൽ ഒരു സുവിശേഷകനായി 1994- ൽ പാസ്റ്ററായി ഓർഡിനേഷൻ നൽകുന്നതിലും ബേബിച്ചായനായിരുന്നു മുഖ്യ ശുശ്രൂഷകൻ.

ഒരു പ്രത്യേക സാഹചര്യത്തിൽ ഡിസ്ട്രിക്റ്റിലെ കുറെ പണം നഷ്ടമാകുന്ന ഒരു സാഹചര്യം വന്നപ്പോൾ കേസ് കൊടുത്തു ന്യായമായി ലഭിക്കേണ്ട പണം തിരികെ വാങ്ങണം എന്ന് അന്നത്തെ ഡിസ്ട്രിക്ട് കമ്മിറ്റിയിൽ പലരും ആവശ്യപ്പെട്ടപ്പോൾ ഭൗതിക ലോകത്തിലെ ധനത്തിന് വേണ്ടി കേസിനും വ്യവഹാരത്തിനും പോയി ദൈവനാമം ദുഷിക്കപ്പെടുവാൻ എനിക്ക് താല്പര്യം ഇല്ല എന്ന് പറഞ്ഞു മറ്റുള്ളവരെ അതിൽ നിന്ന് പിന്തിരിപ്പിച്ച ആ നല്ല മാതൃക ഞാൻ ഇപ്പോഴും ഹൃദയത്തിൽ സംഗ്രഹിച്ചിട്ടുണ്ട്. 

എന്റെ ഏറ്റവും ചെറിയ പ്രായത്തിൽ ശുശ്രുഷയുടെ പ്രാരംഭകാലങ്ങളിൽതന്നെ ബേബിച്ചായൻ ശുശ്രുഷിച്ചിരുന്ന സഭയിലേക്ക് സ്ഥലം മാറ്റംതരുകയും തുടർന്ന് ഐപിസി യുടെ വിദേശത്തുള്ള പ്രധാന വലിയ സഭകളിൽ ഒന്നിൽ ശുശ്രൂഷക്കായി അയച്ചതും ബേബിച്ചന്റെ പ്രത്യേക താല്പര്യ പ്രകാരമായിരുന്നു എന്നത് മറക്കാവുന്നതല്ല.

ബേബിച്ചാന്റെ ഇളയ മകൻ സണ്ണി എന്നെ കാണുമ്പോഴൊക്കെയും 'ഞങ്ങളുടെ പാസ്റ്ററുടെ പ്രിയ ശിഷ്യൻ' എന്ന് പറയാറുള്ളത് ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു. 

എല്ലാ മാസവും നടത്തിയിരുന്ന ഡിസ്ട്രിക്റ്റിലെ ശുശ്രൂഷകാ സമ്മേളനങ്ങളും അതിൽ ബേബിച്ചായൻ തന്റെ ' കൈപ്പും മധുരവും" നിറഞ്ഞ ശുശ്രൂഷാ അനുഭവങ്ങൾ പങ്കുവെക്കുന്നതും ഞങ്ങൾക്കെല്ലാവര്ക്കും ഒരു മുതൽക്കൂട്ടു തന്നെയായിരുന്നു. 

ഏറ്റവും ഒടുവിൽ 2023 ഫെബ്രുവരി മൂന്നിന് ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷനിൽ പ്രസംഗിക്കുവാൻ പോകുമ്പോൾ ബേബിച്ചായനെ........ ഭവനത്തിൽ സന്ദർശിക്കുകയും തന്റെ മുൻപിൽ മുട്ടിന്മേൽ ഇരുന്നു എന്റെ തലയിൽ കൈവെച്ചു ഒരിക്കൽ കൂടി അനുഗ്രഹിച്ചു പ്രാർത്ഥിച്ചത് തികച്ചും അനുഗ്രഹം തന്നെയായിരുന്നു.  ശുശ്രൂഷ തികച്ചു അക്കരെ നാട്ടിലേക്ക് പോയ ' മാതൃകാ ഇടയന് ' പ്രത്യാശയോടെ വിട നൽകുന്നു.